ട്രാഫിക് കാമറ മറച്ച വിരുതന്; പക്ഷെ കേസെടുക്കാനാകില്ല...
Tuesday, November 12, 2024 2:25 PM IST
നാട്ടില്‍ അപകടങ്ങള്‍ കണ്ണടച്ച് തുറക്കുന്നതിലും വേഗത്തില്‍ ആയപ്പോള്‍ അധികാരികള്‍ കൊണ്ടുവന്ന ഒന്നാണല്ലൊ ദൃശ്യം പകര്‍ത്തല്‍. നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്ത് പലയിടത്തും സദാ കണ്ണുകള്‍ തുറന്ന് കാമറകള്‍ ഇരിക്കുന്നുണ്ട്.
പിഴ ഈടാക്കാന്‍ തുടങ്ങിയപ്പോള്‍ പലരും ആക്സിലേറ്ററിനെ ഉപദ്രവിക്കുന്നത് കുറച്ച്. എന്നാലും ചില വിരുതന്മാര് എന്തെങ്കിലും കുബുദ്ധി കാട്ടി ട്രാഫിക് പോലീസിനെ പറ്റിക്കും. കഴിഞ്ഞയിടെ ന്യൂസിലാന്‍ഡിലെ ഒരു ഹൈവേയില്‍ ഒരാള്‍ കാമറക്കണ്ണ് പൊത്തി ഇത്തരക്കാരെ സഹായിക്കുകയുണ്ടായി.
"ശെടാ ഇതെന്തുപറ്റി'യെന്ന് കരുതി പരിശോധിച്ചപ്പോഴാണ് പോലീസ് ഈ ആളെ തിരിച്ചറിഞ്ഞത്. നടപടി എടുക്കണമെന്ന് വിചാരിച്ച അവര്‍ ആളെ കണ്ട് ആകെ ചിരിക്കുകയാണുണ്ടായത്. കാരണം ഈ കേസിലെ ആള് ഒരു മൈനയായിരുന്നു.
ന്യൂസിലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോയില്‍ ഓക്ലാന്‍ഡിന് സമീപമുള്ള ട്രാഫിക് കാമറയാണുള്ളത്. അതില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യമുണ്ട്. എന്നാല്‍ പൊടുന്നനെ ഈ പക്ഷി ചിലച്ചുകൊണ്ട് കാമറയ്ക്ക് മുന്നില്‍ ഇരിക്കുന്നു.
ശേഷം "ഇതാരെടാ ഈ ഒറ്റക്കണ്ണന്‍' എന്ന് കുറേ പരിശോധിക്കുന്നു. ഈ സമയം വാഹനങ്ങള്‍ പോകുന്നത് കാമറയില്‍ വ്യക്തമാകുന്നില്ല. ഒടുവില്‍ ഈ പക്ഷി പറന്നകന്നപ്പോഴാണ് ഹൈവേ ട്രാഫിക് പോലീസിന് ആശ്വാസമായത്.
ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ ഈ പക്ഷിക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "റോഡ് കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ കാമറകളും മറയ്ക്കാന്‍ ഒരു പക്ഷിയെ പരിശീലിപ്പിക്കുക' എന്നാണൊരാള്‍ കുറിച്ചത്.