സ്റ്റുട്ട്ഗാർട്ട്: സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായുള്ള ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്റെ (എംഡിറ്റി) സിൽവൽ ജൂബിലിയും തിരുവോണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആൾട്ടസ് ഫൊയർവേർ ഹൗസിൽ നടന്ന പരിപാടികൾ ഓണസദ്യയോടെ തുടക്കമായി. തുടർന്നു കലാപരിപാടികളും അരങ്ങേറി.
പൊതുസമ്മേളനം വിശിഷ്ടാതിഥികളായ മ്യൂണിക്ക് ഇന്ത്യൻ കോണ്‍സൽ ജനറൽ സുഗന്ധ് രാജാറാം, പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളിൽ, ഫാ.സേവ്യർ നൊച്ചിവീട്ടിൽ, ഡബ്ല്യുഎംസി ഗ്ളോബൽ വൈസ് ചെയർമാൻ ജോളി തടത്തിൽ, ജോസ് കുന്പിളുവേലിൽ (പ്രവാസി ഓണ്‍ലൈൻ), ജോസ് പുതുശേരി (നമ്മുടെ ലോകം മാസിക) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വറുഗീസ് കാച്ചപ്പിള്ളി, ബേബി കലയംങ്കേരി,വിനോദ് ബാലകൃഷ്ണ, ഐശ്യര്യ എന്നിവർ ഒരുക്കിയ ചെണ്ടമേളത്തിന്റെയും മലയാളി മങ്കമാരുടെ താലപ്പൊലിയുടെയും അകന്പടിയോടെ മാവേലിയ്ക്കു വരവേൽപ്പ് നൽകി. തിരുവാതിരകളി, ശാസ്ത്രീയ നൃത്തം,ബോളിവുഡ് ഡാൻസ്, ജിമിക്കി കമ്മൽ ഡാൻസ്, സംഗീതാലാപനം, ബേബി/മേരി കലയംങ്കേരി/ തങ്കച്ചൻ ടീമിന്റെ സ്കെച്ച്, വള്ളംകളി തുടങ്ങിയ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
കഴിഞ്ഞ 38 വർഷമായി ജർമനിയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം യാത്രയാകുന്ന ഫാ.സേവ്യർ നൊച്ചിവീട്ടിലിന് ഭാരവാഹികളായ ജോസഫ് വെള്ളാപ്പള്ളിയും ഈപ്പച്ചൻ മണിയങ്കേരിക്കളവും ചേർന്ന് ഉപഹാരം സമ്മാനിച്ചു.
സിൽവർ ജൂബിലിയോടനുബന്ധിച്ച് തയാറാക്കിയ സുവനീറിന്റെ പ്രകാശനം ചടങ്ങിൽ ജോളി തടത്തിൽ നിർവഹിച്ചു. സുവനീറിന്റെ ചീഫ് എഡിറ്റർ സാബു ജേക്കബ് ആറാട്ടുകളവും, കോഓർഡിനേറ്റർ വിനോദ് ബാലകൃഷ്ണയും സ്മരണിക സദസിന് പരിചയപ്പെടുത്തി. ടോണി വെള്ളാപ്പള്ളി, റ്റാനിയ ചാക്കോ എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. തംബോല വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വർഗീസ് കാച്ചപ്പിള്ളി (കേരള ജർമൻ കൾച്ചറൽ ഫോറം), ഗ്ളോറി എബ്രഹാം വാണിയത്ത്(കൈരളി ഫെറൈൻ ഹൈഡൽബർഗ്), ആഹിം ക്ളാഗെ, എബ്രഹാം നടുവിലേഴത്ത് (നവോദയാ ഫെറൈൻ, ഗ്രോസ് ഗെരാവു), ജോസഫ് വെള്ളാപ്പള്ളിൽ, ജോണ്‍ പുളിമൂട്ടിൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.
സ്റ്റുട്ട്ഗാർട്ടിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളും ജർമൻകാരും ഉൾപ്പടെ ഏതാണ്ട് മുന്നൂറോളം പേർ ആഘോഷങ്ങളിൽ പങ്കെടുത്തു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു. ജോസഫ് വെള്ളാപ്പള്ളിൽ,തെരേസാ പനയ്ക്കൽ(കോ ഓർഡിനേറ്റർ) റ്റാനിയ ചാക്കോ(സെക്രട്ടറി), തങ്കച്ചൻ പുളിമൂട്ടിൽ, ഈപ്പച്ചൻ മണിയങ്കേരിക്കളം, വിനോദ് ബാലകൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
|