വിയന്ന: ഒരുമയുടെ പെരുമയുമായി ഓസ്ട്രിയയിലെ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ആദ്യ കുടുംബ സംഗമവും ക്രിസ്മസ് നവവത്സരാഘോഷവും സംഘടിപ്പിച്ചു. ഓസ്ട്രിയയിലെ ഗ്രീൻ പാർട്ടിയുടെ പാർലമെന്റംഗം ഡോ. വോൾഫ്ഗാങ് സിംഗ്ൽ, ഓസ്ട്രിയയിലെ ഇന്ത്യൻ മിഷന്റെ ചീഫ് ഡോ. സുഹേൽ അജാസ് ഖാൻ, മാധ്യമ പ്രവർത്തകനായ ഫാ. ഡൊമിനിക് എസ്വിഡി എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനത്തിൽ ഡോ. വോൾഫ്ഗാങ് സിംഗ്ൽ മുഖ്യ പ്രഭാഷണം നടത്തി. മലയാളികളുടെ സംഘടനാപാടവത്തെ അഭിനന്ദിച്ച ഇന്ത്യൻ മിഷനിൽ നിന്നുള്ള ഡോ. അജാസ് ഖാൻ, ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നുള്ള സഹകരണം വാഗ്ദാനം ചെയ്തു. മാധ്യമ പ്രവർത്തകനായ ഫാ. ഡൊമിനിക് എസ്.വി.ഡി ക്രിസ്മസ് പുതുവർഷ സന്ദേശം നൽകി. സംഘടനയുടെ ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ ഡബ്ല്യുഎംഎഫിന്റെ ചരിത്രവും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദികരിച്ചു. വർഗീസ് പഞ്ഞിക്കാരൻ (യൂറോപ്പ് കോഓർഡിനേറ്റർ) സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലഘുവിവരണം നൽകി. ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രസിഡന്റ് തോമസ് പടിഞ്ഞാറേകാലയിൽ, ബീന തുപ്പത്തി, സെക്രട്ടറി സാബു ചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി.
ഡബ്ല്യുഎംഎഫ് സംഗമത്തിൽ വനിതകളുടെയും യുവജനങ്ങളുടെയും പ്രത്യേക ഫോറങ്ങൾ രൂപീകരിച്ചു. ബീന വെളിയത്ത് (പ്രസിഡന്റ്), അൽഫോൻസ ചെവ്വൂക്കാരൻ (വൈസ് പ്രസിഡന്റ്), നീന ഇയത്തുകളത്തിൽ (സെക്രട്ടറി), ജാൻസി മേലഴകത്ത് (ജോയിന്റ് സെക്രട്ടറി), വെറോണിക്ക സോജി (ട്രഷറർ), കൊച്ചിത്രേസ്യ മണിയഞ്ചിറ (ചാരിറ്റി കൺവീനർ) എന്നിവരെ വനിതാ ഫോറം പ്രതിനിധികളായും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അഞ്ചുപേരെയും യൂത്ത് ഫോറം പ്രസിഡന്റായി ജെഫിൻ കീക്കാട്ടിലും മറ്റു പതിമൂന്ന് പേരെയും യുവജനങ്ങളുടെ പ്രതിനിധികളായും യോഗം തെരഞ്ഞെടുത്തു.
ആർട്സ് ക്ലബ് സെക്രട്ടറി ബേബി തുപ്പത്തി ചടങ്ങുകളുടെ മുഖ്യ അവതാരകനായിരുന്നു. സഞ്ജീവൻ ആണ്ടിവീട്, ടോമിച്ചൻ പാരുകണ്ണിൽ, തോമസ് കാരയ്ക്കാട്ട്, അബ്ദുൾ അസീസ്, ജേക്കബ് കീക്കാട്ടിൽ, അവറാച്ചൻ കരിപ്പക്കാട്ടിൽ, പോളി കിഴക്കേക്കര, റെജി മേലഴകത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോബി ആന്റണി
|