ന്യൂഡല്‍ഹി: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് എ.കെ. ആന്റണി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളുടെ കാര്യത്തില്‍ ഉദാസീനത കൈവെടിഞ്ഞ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എ.കെ. ആന്റണി പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ മാത്രമല്ല ആഗോളതലത്തില്‍ എണ്ണവിലയുടെ ഇടിവ് തൊഴില്‍ മേഖലയെ തകിടം മറിക്കുകയാണ്. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസി മലയാളികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളുടെ മൌനനൊമ്പരങ്ങളുടെ സ്പന്ദനങ്ങള്‍ അറിഞ്ഞിരുന്ന പ്രവാസിമന്ത്രാലയം എന്തിന്റെ പേരിലാണ് നിര്‍ത്തിയതെന്നും ആന്റണി ചോദിച്ചു.
ഗള്‍ഫ് മേഖലയിലാവട്ടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കുന്നതിനു പകരം നിലവിലുള്ള തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസി മന്ത്രാലയത്തിന്റെ പ്രസക്തി ഏറി വരികയാണെന്നും മോദി സര്‍ക്കാരിനെ ആന്റണി ഓര്‍മിപ്പിച്ചു. കൂടാതെ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്കു കേന്ദ്രം കടിഞ്ഞാടിണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ധര്‍ണയില്‍ പങ്കെടുത്ത കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്, എംപിമാരായ കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്, പി.എം. സുരേഷ് ബാബു, സതീശന് പാച്ചേനി, സജീവ് ജോസഫ്, സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, വി.വി. പ്രകാശ്, ജയ് മോഹന്‍, സക്കീര്‍ ഹുസൈന്, ജെയ്സണ്‍ ജോസഫ്, അഡ്വ. കെ. ജയന്ത്, കെപിസിസി നിര്‍വാഹക സമിതി അംഗം മാത്യു കുഴല്നാടന്, ഡിപിസിസി ജനറല്‍ സെക്രട്ടറി കെ.എന്‍. ജയരാജ് തുടങ്ങിയവരും ധര്‍ണയില്‍ പങ്കെടുത്തു.
ഒഐസിസി ഗ്ളോബല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞി, വക്താവ് മന്‍സൂര്‍ പള്ളൂര്‍, ജിന്സണ് ഫ്രാന്‍സ് കല്ലുമാടിയ്ക്കല്‍ (ജര്‍മനി /യൂറോപ്പ് കോഓര്‍ഡിനേറ്റര്‍), സി.ആര്.ജി. നായര്‍ (യുഎഇ), വൈ.എ. റഹീം (ഷാര്‍ജ ഇന്ത്യ അസോസിയേഷന് പ്രസിഡന്റ്), പി.എം. നജീവ് (കെഎസ്എ), രാജു കല്ലുംപുറം (ബഹറിന്‍),കെ.കെ. ഉസ്മാന്(ഖത്തര്‍), സിദ്ദിഖ് ഹസന് (ഒമാന്‍), വര്‍ഗീസ് പുതുക്കുളങ്ങര (കുവൈത്ത്), ഐസക് തോമസ് (പ്രവാസി റിട്ടേര്‍ണി കോണ്‍ഗ്രസ്) എന്നിവരാണ് ധര്‍ണയ്ക്കു നേതൃത്വം നല്‍കിയത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|