കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യമേഖലയിൽ പ്രമുഖരായ മെട്രൊ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) കുവൈറ്റിലെ പൊന്നാനിക്കാരായ പ്രവാസികൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെട്രോ മെഡിക്കൽ കെയറിന്റെ വിവിധ ബ്രാഞ്ചുകളിൽ അതാത് പ്രദേശത്തെ പൊന്നാനിക്കാർക്ക് സൗജന്യ ചികിത്സ ലഭിക്കും വിധമായിരുന്നു ക്യാമ്പ് സജ്ജീകരിച്ചത്.
മെട്രോ ഫർവാനിയ, സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ സാൽമിയ, സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ ഫഹാഹീൽ, മെട്രോ മെഡിക്കൽ കെയർ ജലീബ് എന്നീ ക്ലിനിക്കുകളിലാണ് സൗകര്യമൊരുക്കിയത്.
ബ്ലഡ് ഷുഗർ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന, കൊളസ്ട്രോൾ പരിശോധന, ഡോക്ടർമാരുമായുള്ള കൺസൾട്ടേഷൻ എന്നിവ സൗജന്യമായിരുന്നു. ഇസിജി രണ്ട് ദീനാർ, മറ്റു അധിക സേവനങ്ങൾക്ക് 20 ശതമാനം കിഴിവ്, മരുന്നുകൾക്ക് അഞ്ച് ശതമാനം കിഴിവ് എന്നീ ആനുകൂല്യങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭ്യമാക്കിയിരുന്നു.
പിസിഡബ്ല്യുഎഫ് പ്രസിഡന്റ് അശ്റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.ടി. നാസർ അധ്യക്ഷത വഹിച്ചു. പിസിഡബ്ല്യുഎഫ് ജിസിസി കോഓർഡിനേറ്റർ ഡോ. അബ്ദുൽറഹമാൻ കുട്ടി, എം.കെ. സുമേഷ് എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി പി.അശ്റഫ് സ്വാഗതവും കെ. അശ്റഫ് നന്ദിയും പറഞ്ഞു. ഇർഷാദ് ഉമർ, മുഹമ്മദ് മുബാറക്, കെ.വി. യുസഫ്, ജറീഷ്, കെ. നാസർ, ആബിദ്, ഹാഷിം, മുഹമ്മദ് സമീർ, ആർ.വി.സി. സിദ്ധീഖ്, റഫീഖ്, യു. അബ്ദുൽ ഹമീദ്, അജിലേഷ് എന്നിവർ നേതൃത്വം നൽകി.
പിസിഡബ്ല്യുഎഫ് അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും മെട്രോയുടെ എല്ലാ സെന്ററുകളിലും ഈ ഹെൽത്ത്കാർഡ് ഉ പയോഗിച്ച് പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
കുവൈറ്റിലെ സാധാരണക്കാർക്ക് ഉപകാരപ്രദമായരീതിയിൽ സേവനങ്ങൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അന്താരാഷ്ട്രതലത്തിൽ മെട്രോയുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ ഷാർജയിൽ പുതിയ ശാഖാ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
|