സ്റ്റീവനേജ്: ഹേർട്ഫോർഡ്ഷയറിലെ നോർത്ത് ആൻഡ് ഈസ്റ്റ് എൻഎച്ച്എസ് ട്രസ്റ്റിന്റെ സ്റ്റീവനേജ് ലിസ്റ്റർ ആശുപത്രി ഇന്റർനാഷണൽ ഡേയിൽ സംഘടിപ്പിച്ച "ലൈവ് കേരളലൗവ് കേരള' പ്രൗഢഗംഭീരമായി.
നിരവധി രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫുകളും സന്ദർശകരും നിറഞ്ഞ സദസിനായി ആശുപത്രി പ്രവേശന കവാടത്തിനു മുമ്പിലുള്ള തുറസായ വേദിയിലാണ് മലയാളികൾ ആഘോഷം ഒരുക്കിയത്.
ഓണാഘോഷത്തിന്റെ വേഷഭൂഷാതികളോടെ എത്തിയ മലയാളി കൂട്ടായ്മ അവതരിപ്പിച്ച കേരളത്തനിമ വിളിച്ചോതുന്ന കലാവിരുന്ന് ഏറെ മികച്ച കെെയടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്.

പൂക്കളവും നിറപറയും തെങ്ങിൻ പൂക്കുലയും നിലവക്കും കളരിപ്പയറ്റിന്റെ ദൃശ്യാവിഷ്ക്കാരവും തിരുവാതിരയും ഒപ്പം ഓണപ്പാട്ടുകളുമായി വേദിയിൽ മലയാളികൾക്ക് നൊസ്റ്റാൾജിക്ക് സ്മരണകൾ മധുരം പകർന്നപ്പോൾ മഹാബലിയെയും ഓണസദ്യയെയും കലാരൂപങ്ങളെയും കേരള വിഭവങ്ങളെയും പുതുമയാർന്ന ജിജ്ഞാസയോടെയാണ് മറ്റുള്ളവർ ആസ്വദിച്ചത്.
ഇന്റർനാഷണൽ എംപ്ലോയീസ് കോർഡിനേറ്ററും മലയാളി കൂട്ടായ്മയിലെ സജീവ സാന്നിധ്യവുമായ പ്രബിൻ ബേബി മുഖ്യ കോർഡിനേറ്ററായിരുന്നു. ദിദിൽ ലാൽ, ജയ്മോൾ അനിൽ എന്നിവർ നേതൃത്വം വഹിച്ചു. വിസ റൂട്ട്സിന്റെ ഫെബിൻ സിറിയക്, മാരി ഡി ലോയ്സ് ബിജു ആന്റണി എന്നിവർ പ്രായോജകർ ആയി.
ഓണാഘോഷത്തിന് നിദാനമായ മഹാബലിയെ സദസിനു പരിചയപ്പെടുത്തിക്കൊണ്ട് ക്രിസ്റ്റി ജിസ്റ്റിൻ ആമുഖം കുറിച്ച വേദിയിൽ അനീറ്റ സജീവ് അവതാരകയായും സുജാത ടീച്ചർ കലാപരിപാടികളുടെ കോഓർഡിനേറ്ററായും തിളങ്ങി.
സജീവ് ദിവാകരൻ, ജെസ്ലിൻ വിജോ, ജിസ്റ്റിൻ ചിട്ടികുന്നേൽ, മാർട്ടിൻ, ടെറീന ഷിജി, ബിന്ദു ജിസ്റ്റിൻ, സരോ സജീവ് തുടങ്ങിയവർ കേരള ദിനത്തിലെ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
ലിസ്റ്റർ ആശുപത്രി കവാട വേദിയിൽ മനോഹരമായ പൂക്കളം ഒരുക്കിയ ശേഷം ഹോസ്പിറ്റൽ ഡയറക്ടേഴ്സ് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു.

തിരുവാതിരയും ശാസ്ത്രീയ നൃത്തവും കളരിപ്പയറ്റും ഓണപ്പാട്ടും മലയാള ഹിന്ദി സിനിമാ ഗാനങ്ങളുമായി വേദിയെ ഇളക്കിമറിച്ച പരിപാടിയിൽ സർഗം മലയാളി അസോസിയേഷൻ പ്രസിഡന്റ് ബോസ് ലൂക്കോസ്, സെക്രട്ടറി ആദർശ് പീതാംബരൻ എന്നിവരുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നു.
മലയാള ഹിന്ദി ഭാഷകളിൽ ജെസ്ലിൻ വിജോയും ഡോ. ആരോമലും ആലപിച്ച ഹിറ്റ് ഗാനങ്ങൾക്ക് ഒപ്പം സാരിയും ബ്ലൗസും അണിഞ്ഞെത്തിയ സ്വദേശികളുമായ ചുവടുവെച്ചും, നൃത്തം ചെയ്തും ആഘോഷത്തിന്റെ ഭാഗമായി. തിരുവാതിരയിലും തദേശീയരടക്കം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സരങ്ങളിൽ സ്ത്രീപുരുഷ ഭാഷാഭേദമന്യേ നിരവധിപേരാണ് പങ്കുചേർന്നത്. "കറി വില്ലേജ്' കേരള പലഹാരങ്ങൾ വിതരണം ചെയ്തപ്പോൾ "തെക്കൻസ്' കേരള മസാലകളും പൊടികളും നൽകി.
ബെല്ലാ ജോർജ്, മെറിറ്റ ഷിജി, ദിയാ സജൻ,ആന്റോ അനൂബ്, മെറീസാ സിബി, അന്ന അനൂബ്, ഡേവിഡ്, ആഡം, ജെന്നിഫർ തുടങ്ങി നിരവധി കുട്ടികളുടെയും മുതിർന്നവരുടെയും പ്രകടനം ഏറെ മികവുറ്റതായിരുന്നു.
17നു സ്റ്റീവനേജ് ബാർക്ലയ്സ് അക്കാദമിയിൽ സർഗം സ്റ്റീവനേജ് ഒരുക്കുന്ന ഓണാഘോഷത്തിൽ മറ്റും കലാ വിരുന്നും ഓണസദ്യയും ടേസ്റ്റ് ചെയ്യുവാൻ തദേശീയരും എത്തുവാനുള്ള ആഗ്രഹത്തിലാണ്.
|