ലണ്ടൻ: 15 വർഷമായി യുകെയിലെ മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുന്ന പ്രവാസി രാഷ്ട്രീയ സംഘടനയായ യുകെ പ്രവാസി കേരള കോൺഗ്രസ് എമ്മിനെ നയിക്കാൻ ബ്രിസ്റ്റോളിൽ നിന്നുള്ള മാനുവൽ മാത്യുവിന്റെയും ജിജോ അരയത്തിന്റെയും നേതൃത്വത്തിൽ ദേശിയ കമ്മിറ്റി നിലവിൽ വന്നു.
പരിചയസമ്പന്നരായ മുതിർന്ന പാർട്ടി പ്രവർത്തകരെയും അടുത്ത കാലത്തായി യുകെയിലെത്തിയ യുവ നേതാക്കളെയും ഉൾപ്പെടുത്തിയാണ് പുതിയ നേതൃത്വം നിലവിൽ വന്നിരിക്കുന്നത്. യുകെയിൽ പത്തു റീജിയനുകളായി തിരിച്ചു റീജിയണൽ കമ്മിറ്റികൾ രൂപീകരിച്ചു അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാഷണൽ പ്രതിനിധികളിൽ നിന്നാണ് രണ്ടു വർഷത്തേക്കുള്ള നാഷണൽ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തിരിക്കുന്നത്.
കേരള കോൺഗ്രെസ് എം നേതാവ് കെ.എം. മാണിയെയും മരണമടഞ്ഞ മറ്റു നേതാക്കന്മാരുടെയും പാർട്ടി പ്രവർത്തകരുടെയും ഓർമയ്ക്ക് മുന്നിൽ ഒരു മിനിറ്റു മൗനം ആചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്.
13ന് ചേർന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി സി.എ. ജോസഫ് സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ സംഘടനാറിപ്പോർട്ട് അവതരിപ്പിക്കുകയും ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സി.എ. ജോസഫിനും ചങ്ങനാശേരി അതിരൂപതയുടെ പ്രവാസി കീർത്തി പുരസ്കാരം നേടിയ ഷൈമോൻ തോട്ടുങ്കലിനും അഭിനന്ദനം അർപ്പിക്കുകയും ചെയ്തു.

യുകെ പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എല്ലാ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും റീജിയണൽ കമ്മിറ്റി ഭാരവാഹികളെയും മുൻ ഭാരവാഹികളായിരുന്നവരെയും പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി, മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എംപി, എംഎൽഎമാർ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ അഭിനന്ദിക്കുകയുണ്ടായി.
റോഷി അഗസ്റ്റിൻ കെഎസ്സി എം പ്രസിഡന്റായിരുന്ന കാലയളവിൽ അദ്ദേഹത്തോടൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.എം. മാണി രക്ഷാധികാരിയും ജോയി നടുക്കര ചീഫ് എഡിറ്ററുമായി പാർട്ടി ഓഫീസിൽ നിന്നും പ്രസിദ്ധീകരിച്ചിരിച്ചിരുന്ന പുനർ ചിന്ത മാസിക അസോസിയേറ്റ് എഡിറ്ററും ആയിരുന്ന മാനുവൽ മാത്യു (ബ്രിസ്റ്റോൾ) ആണ് പുതിയ പ്രസിഡന്റ്.
മാന്നാനം കെഇ കോളജിൽ നിന്നും ബിരുദം നേടിയശേഷം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നിന്നും എംഎ, എം.ഫിൽ പഠനങ്ങൾക്കുശേഷം റിസർച്ച്(പിഎച്ച്ഡി) സ്കോളറായിരിക്കവേയാണ് 18 വർഷങ്ങൾക്ക് മുൻപ് യുകെയിലെത്തിയത്.
ഷാജി പാമ്പൂരി കെഎസ്സി എം ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റും പിന്നീട് സംസ്ഥാന സർഗവേദി കൺവീനറുമായിരുന്നു. യുകെയിലെ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ (ബ്രിസ്ക) പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ദേവമാതാ കോളജ് കുറവിലങ്ങാട്, മോഡൽ പോളി ടെക്നിക് ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ കെഎസ്സിയിലൂടെ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച ജിജോ അരയത്ത് ആണ് പുതിയ ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി.

സ്റ്റുഡന്റ്സ് നഴ്സിംഗ് അസോസിയേഷൻ ജെനറൽ സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേരള വിദ്യാർഥി കോൺഗ്രസ് എം കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ജിജോ അരയത്ത് (ഹേവാർഡ് ഹീത്ത്) നാട്ടിലും യുകെയിലും രാഷ്ട്രീയസാമൂഹ്യമേഖലകളിൽ സജീവമാണ്.
യുകെയിലെ മലയാളി സംഘടനകളുടെ ആകെ കൂട്ടായ്മായായി രൂപം കൊണ്ട ഫോബ്മയുടെയും യുക്മയുടെയും സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ലോക കേരളാ സഭാംഗം കൂടിയായയ സി.എ ജോസഫ്( ബേസിംഗ്സ്റ്റോക്ക്), ബന്നി അമ്പാട്ട്(സതാംപ്റ്റൺ), ജോഷി തോമസ്(യോർക്ക്), ബിനു മുപ്രാപിള്ളി (നനീറ്റൻ) എന്നിവർ ജനറൽ സെക്രട്ടറിമാരായി തുടരുന്നതോടൊപ്പം അഖിൽ ഉള്ളംപള്ളിൽ ( ലിന്കൺഷയർ), ജിജോ മുക്കാട്ടിൽ (ന്യൂകാസിൽ) എന്നിവരും ജനറൽ സെക്രട്ടറിമാരായി പ്രവർത്തിക്കും.
ഷാജി വരാക്കുടി(മാഞ്ചെസ്റ്റർ), എബി പൊന്നാംകുഴി( കെന്റ്), സാബു ചുണ്ടക്കാട്ടിൽ (മാഞ്ചെസ്റ്റർ), എബിൻ ജോർജ് കാഞ്ഞിരംതറപ്പേൽ (ബെർമിംഗ്ഹാം) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ട്രെഷററായി ഷെല്ലി ഫിലിപ്പ്(ന്യൂകാസിൽ), ജോയിന്റ് ട്രെഷററായി റോബർട്ട് വെങ്ങാലിവക്കേൽ (നോട്ടിംഗ്ഹാം) എന്നിവരെയും തെരരെഞ്ഞെടുത്തു.
പ്രവാസി കേരള കോൺഗ്രസിന്റെ പ്രവർത്തനം ഗ്ലോബൽ തലത്തിൽ വ്യാപിപ്പിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതിന്റെ ഭാഗമായി ഷൈമോൻ തോട്ടുന്കൽ, ടോമിച്ചൻ കൊഴുവനാൽ, സി.എ. ജോസഫ് എന്നിവരെ ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായും തെരെഞ്ഞെടുത്തു.
സൗത്ത് ഈസ്റ്റ് റീജിയൻ ജോഷി സിറിയക്ക് , സൗത്ത് വെസ്റ്റ് റീജിയൻ ജോമോൻ സെബാസ്റ്റ്യൻ , മിഡ് ലാൻഡ്സ് റീജിയൻ റോബിൻ വര്ഗീസ് , യോർക്ഷയർ റീജിയൻ ബിനോയി ജോസഫ് , നോർത്ത് ഈസ്റ്റ് റീജിയൻ ഷിബു മാത്യു എട്ടുകാട്ടിൽ , നോർത്ത് വെസ്റ്റ് റീജിയൻ ഫിലിപ് പുത്തൻപുരക്കൽ എന്നീ റീജ്യണൽ പ്രസിഡന്റുമാരുടെ നേത്ര്ത്വത്തിൽ ശക്തമായ റീജിയണൽ കമ്മിറ്റികളും നിലവിൽ വന്നിട്ടുണ്ട് .
ജയ്മോൻ വഞ്ചിത്താനം(ലെസ്റ്റർ), ഷാജി കരിനാട്ട് ( ബക്സിൽ ഓൺ സീ), വിനോദ് മാണി (ഗ്ലോസ്റ്റർ), ജോമോൻ കുന്നേൽ (Slough), ജോസഫ് ചാക്കോ (കേംബ്രിഡ്ജ്), ജയിംസ് ഫിലിപ്പ് കുന്നുംപുറം, രാജുമോൻ പി.കെ(ബ്രിസ്റ്റോൾ), റ്റോം തോമസ്(ബ്രാഡ്ഫോർഡ്), റ്റോം കുമ്പിളുമൂട്ടിൽ (ഗ്ലാസ്ഗോ), തോമസ് റോബിൻ ജോർജ് (നോർത്തേൺ അയർലൻഡ്) എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.
പാർട്ടിയിലും പാർട്ടിയുടെ പോഷക സംഘടനകളിലും ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള നിരവധി നേതാക്കന്മാരും പ്രവർത്തകരും അനുഭാവികളും യുകെയിൽ ജോലി ആവശ്യങ്ങൾക്കായും ഉന്നതവിദ്യാഭ്യാസത്തിനുമായി കുടുംബ സമേതവും അല്ലാതെയും എത്തിയിട്ടുണ്ട്.
ഇവരെയെല്ലാം ഒരേ കുടകീഴിലാക്കി പാർട്ടിക്കും ഇടതുപക്ഷത്തിനും പ്രയോജനകരമായ രീതിയിൽ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതോടൊപ്പം പ്രവാസ ജീവിതത്തിലേക്ക് ജീവിതം പറിച്ചു നടുമ്പോൾ ഉണ്ടാകുന്ന ഒറ്റപെടലിലും സന്തോഷത്തിലും ദുഖത്തിലുമൊക്കെ പരസ്പര സഹായി ആയി പ്രവർത്തിക്കാനും നാട്ടിലുള്ളവർക്ക് കൈത്താങ്ങായും പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ ആഗോള തലത്തിലുള്ള ഒരു വലിയ കൂട്ടായ്മകൂടിയാണ് പ്രവാസി കേരള കോൺഗ്രസ് എന്ന പ്രവാസി സംഘടനയുടെ പ്രവർത്തനത്തിലൂടെ കേരള കോൺഗ്രസ് പാർട്ടി നേതൃത്വം മുന്നിൽ കാണുന്നത്.
ശക്തമായ നാഷണൽ കമ്മിറ്റിയുടെയും സജീവമായ റീജിയണൽ കമ്മിറ്റികളുടെയും പ്രവർത്തനം വഴി പ്രവാസി കേരള കോൺഗ്രസിനെ യുകെയിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആക്കി മാറ്റാനുള്ള ശ്രമത്തിനാണ് പുതിയ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റുമാനൂർ എംഎൽഎ ആയിരുന്ന തോമസ് ചാഴികാടന്റെ സാന്നിധ്യത്തിൽ 2008ൽ വൂസ്റ്ററിൽ ചേർന്ന യോഗത്തിലാണ് യുകെയിൽ പ്രവാസി കേരള കോൺഗ്രസിന് ആദ്യ നാഷണൽ കമ്മിറ്റി ഉണ്ടായത്.
യുകെയിൽ എത്തിയിരിക്കുന്ന എല്ലാ കേരള കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ് keralacongressuk@gmail.com
|