ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(യു കെ) സംഘടിപ്പിച്ച രാഹുൽഗാന്ധി വരവേൽപ്പും, പ്രവാസി കോൺഗ്രസ് സംഗമവും ലണ്ടൻ നഗരിയെ ആവേശഭരിതമാക്കി. കന്യാകുമാരി മുതൽ കാശ്മീർ വരെ പദയാത്ര നടത്തി ജനസമ്പർക്കത്തിലൂടെ ഭാരതജനതയുടെ വികാരങ്ങൾ മനസിലാക്കിയ രാഹുൽ തന്റെ 'ഭാരത് ജോഡോ' യാത്രാ വിശേഷങ്ങൾ പങ്കുവച്ചത് വേദിയെ വികാരഭരിതമാക്കി.
"കേംബ്രിഡ്ജ്, ഹാർവാർഡ്, ഓക്സ്ഫോർഡ് പോലുള്ള വിശ്വോത്തര കലാശാലകളും വിദേശ പാർലമെന്റുകളിൽപ്പോലും സംസാരിക്കുവാൻ അവസരം ലഭിക്കുന്ന ആർക്കും പക്ഷെ ഇന്ത്യയിൽ ഇത് അസാധ്യമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സംസാരിക്കുന്നവരെ വായടിപ്പിക്കുന്ന മാധ്യമ സ്വാതന്ത്രം അടിച്ചമർത്തിയ, ജനാധിപത്യമൂല്യങ്ങൾക്കു വിലയില്ലാത്ത, വർഗീയതയും വിദ്വേഷവും നരനായാട്ട് നടത്തുന്ന തലത്തിലേക്ക് രാജ്യത്തിന്റെ അവസ്ഥ കൂപ്പുകുത്തിയെന്നു വ്യസനത്തോടെ പറഞ്ഞു.
"രാജ്യത്തെ സമ്പത്ത് സ്രോതസ് ഒന്നോരണ്ടോ സുഹൃത്തുക്കളായ വ്യവസായികളുടെ കാൽക്കീഴിൽ കൊണ്ടെത്തിച്ചു നൽകുന്ന സംവിധാനം രാജ്യത്തിന്റെ സമ്പദ് ഘടന തച്ചുടക്കും. അയൽ രാജ്യമായ ചൈനയെ ഭയപ്പെടുന്ന നിലപാട് വിദേശവകുപ്പു മന്ത്രി എടുക്കുമ്പോൾ നമ്മുടെ കാൽക്കീഴിൽ നിന്നും നഷ്ടപ്പെടുന്ന ഭൂമിയെ പറ്റി മൗനം നടിക്കുന്ന രാജ്യത്തിന്റെ കാവലാൾ രാജ്യത്തിനു തന്നെ ഭീഷണിയാണ്. കേൾക്കുവാൻ മനസുള്ള, പരസ്പര ബഹുമാനവും സ്നേഹവും നിറഞ്ഞ ഒരുകുടുംബാന്തരീക്ഷം രാജ്യത്തു തിരിച്ചു വരുത്തുവാൻ കോൺഗ്രസിനെ കഴിയൂ. മതേതരജനാനധിപത്യ മൂല്യങ്ങൾ ഉയർത്തി വൈവിധ്യങ്ങളായ സംസ്കാരവും, ഭാഷയും, വിശ്വാസവും അതിന്റേതായ താള ലയത്തിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സംരക്ഷണം നൽകുന്ന ഭരണ ഘടനയെ തച്ചുടക്കുവാൻ അനുവദിക്കില്ല" എന്നും രാഹുൽ പറഞ്ഞു.
ഐഒസി ഗ്ലോബൽ ചെയർമാനും ഇലക്ട്രോണിക് യുഗത്തിന്റെ അമരക്കാരനുമായ സാം പിട്രോഡ തന്റെ സംഭാഷണത്തിൽ "ജനാധിപത്യ മൂല്യങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ, നീതി നിയമവ്യവസ്ഥക്കു യാതൊരു വിലയുമില്ലെന്നും പറഞ്ഞു. മാധ്യമ സ്വാതന്ത്രം ഇല്ലാതാക്കുകയും, സംസാരിക്കുന്നവരെ അഴിക്കുള്ളിൽ അടക്കുകയോ, അല്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്തുകയോ ചെയ്യുന്ന രാജ്യ ഭരണ തന്ത്രമാണ് അധികാര കേന്ദ്രങ്ങൾ നടപ്പിലാക്കുന്നതെന്നും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വരുന്ന കാലം വിദൂരമല്ലെന്നും" സാം പിത്രോഡ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ മുഖ്യ സംയോജകനായി നിറഞ്ഞു നിന്ന ബ്രിട്ടീഷ് എംപി വീരേന്ദർ ശർമ്മ, രാഹുൽജി നയിച്ച ഭാരത് ജോഡോ പദയാത്രക്ക് അഭിനന്ദനം അറിയിച്ചു. ഹോൻസ്ലോയിലെ ഏറ്റവും വലിയ ഹാളിൽ കോൺഗ്രസുകാർ തിങ്ങി നിറഞ്ഞിരിക്കുന്നതു കാണുമ്പോൾ ആശ്ചര്യം തോന്നുന്നില്ലെന്നും, ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയും അർപ്പിക്കുന്ന നേതാവിനെ കേൾക്കുവാനും കാണുവാനാണ് നോർത്തേൺ അയർലൻഡ്, സ്കോട്ലൻഡ്, വെയിൽസിൽ നിന്നും മറ്റുമായി വലിയ ദൂരത്തിൽ നിന്നും എത്തിയ ഈ ജനക്കൂട്ടം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരേന്ദർ ശർമ എംപി പരിപാടിയുടെ മുഖ്യ കോർഡിനേറ്ററായതും ഐഒസിക്കു കിട്ടിയ വലിയ അംഗീകാരമായി.
രാഹുലിനോടൊപ്പം എത്തിയ എഐസിസി സെക്രട്ടറി വിജയ് സിംഗാൾ, മുൻ എംപി യും മന്ത്രിയുമായ മധു യാഷികി ഗൗഡ, മുൻ പഞ്ചാബ് മന്ത്രി വിരേന്ദ്ര സിംഗ്, ഐഒസി യു കെ പ്രസിഡണ്ട് കമാൽ ദളിവാൾ, വൈസ് പ്രസിഡണ്ട് ഗുർമീന്ദർ സിംഗ്, യൂത്ത്വി ങ്ങ് പ്രസിഡന്റ് വിക്രം, ഐഒസി സംസ്ഥാല തല ചാപ്റ്ററുകളുടെ പ്രസിഡണ്ടുമാർ സെക്രട്ടറി ആശ്ര തുടങ്ങിയവർ പ്രസംഗിച്ചു.
 കേരളം ചാപ്റ്ററിന്റെ വലിയ സാന്നിദ്ധ്യവും, മുദ്രാവാക്യ വിളികളും, കെഎസ് യു, യൂത്ത് കോൺഗ്രസ്സ് പതാകകൾ നിറമേകിയ സദസ്സിൽ മലയാളി കോൺഗ്രസുകാരുടെ രാഷ്ട്രീയ തീക്ഷണത ശ്രദ്ധേയമായി. കേരള ചാപ്റ്ററിനു വേണ്ടി പ്രസിഡൻ്റ് സുജു ഡാനിയേൽ പ്രസംഗിച്ചു.
ഐഒസി യുടെ സംഗമം ലണ്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രൗഢ ഗംഭീരമാക്കി മാറ്റി വിജയിപ്പിച്ച കോർഡിനേറ്റര്മാരെയും, രെജിസ്ട്രേഷൻ, അഡ്മിനിസ്ട്രേറ്റിവ് ഗ്രൂപ്പ്, മീഡിയ വിങ്ങ് തുടങ്ങിയ എല്ലാവരെയും കമൽ ദളിവാൽ,ഐഒസി വക്താവ് അജിത് മുതയിൽ, സുജു ഡാനിയേൽ എന്നിവർ അഭിനന്ദിച്ചു. കേരള വിങ്ങിൽ നിന്നും ജോർജ് ജേക്കബ്, ബോബിൻ ഫിലിപ്പ്, ഇൻസൺ ജോസ്, ബിജു വർഗ്ഗീസ്, റോമി കുര്യാക്കോസ്, അശ്വതി നായർ എന്നിവരുടെ കൂട്ടായ ശ്രമമാണ് വിജയത്തിൽ മുഖ്യ പങ്കുവഹിച്ചത്. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യും.
 കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ വിശേഷ ക്ഷണം സ്വീകരിച്ചു എത്തുകയും എംബിഎ വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ധേയമായ പ്രസംഗം കാഴ്ചവെക്കുകയും, അവരുടെ ചോദ്യങ്ങൾക്കു കൃത്യതയാർന്ന മറുപടി നൽകുകയും ചെയ്ത സംഭാഷണം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
 ബ്രിട്ടീഷ് മീഡിയ മീറ്റിൽ പങ്കെടുത്തുകൊണ്ട് മാദ്ധ്യമങ്ങളോട് നടത്തിയ സംഭാഷണത്തിൽ രാഹുൽജി തന്റെ വിഹഗവീക്ഷണവും, അറിവും, കൃത്യതയാർന്ന മറുപടികളും കൊണ്ട് ഏറെ ശ്രദ്ധേയവും, ആകർഷണവുമാക്കി.
തിങ്കളാഴ്ച ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന രാഹുൽ ഗാന്ധി ഭാരതത്തിന്റെ അഭിമാനമാണെന്നു വിരേന്ദർ ശർമ്മ പറഞ്ഞു.
|