അബുദാബി: ശിവഗിരി തീർഥാടനത്തിന്റെ നവതിയും യുഎഇയിലെ സേവനം സംഘടനയുടെ രൂപീകരണത്തിന്റെ ഇരുപതാമത് വാർഷിക ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.
സേവനം സ്നേഹസംഗമം @ 20 എന്ന പേരിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർറിലാണ് പരിപാടി അരങ്ങേറിയത്. ഗുരുപൂജ, ശിവഗിരി തീർഥാടന പദയാത്ര, സാംസ്കാരിക സമ്മേളനം, ചെണ്ടമേളം , ഭജന, പ്രസാദമൂട്ട്, ആറുഭാഷകളിൽ ദൈവദശക ആലാപനം തുടങ്ങിയ പരിപാടികളോടെയാണ് സ്നേഹസംഗമം നടന്നത്.
എസ്എൻഡിപി യോഗം യുഎഇ സേവനം സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ. രാജൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓണ്‍ലൈനിലൂടെ ആശംസകൾ നേർന്നു. ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ അനുഗ്രഹം പ്രഭാഷണം നടത്തി. സ്വാമി ആത്മദാസ് ശിവഗിരി തീർത്ഥാടന ലക്ഷ്യത്തെ കുറിച്ചു പ്രഭാഷണം നടത്തി. യുഎഇയിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗത്തെ സംഭാവനകൾക്ക് സലാം പാപ്പിനിശ്ശേരി, ജെ അർ സി ബാബു, ഡോ. വിപു ബോസ് എന്നിവർക്ക് സേവന രത്ന അവർഡുകൾ സമ്മാനിച്ചു.
സേവനം ഇരുപതാമത് വാർഷികത്തിടനുബന്ധിച്ചു സേവനം യുഎ ഇ നിർധനരായ ആളുകൾക്ക് 20 വീടുകൾ നിർമിച്ചു നൽകുന്ന ഗുരുകൃപ ഭവന പദ്ധതിയുടെ ഉദ്ഘാടനം എം.എ യൂസഫലി നിർവഹിക്കുകയും അതിനോടൊപ്പം തന്റെ സമർപ്പണമായി അഞ്ചു വീടുകൾ കൂടി കൂടുതലായി നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
സേവനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ എസ് വചസ്പതി , വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, ഇന്ത്യൻ എംബസി കോണ്‍സുലർ ഡോക്ടർ ബാലാജി രാമസ്വാമി എന്നിവർ ആശംസകൾ നേർന്നു. ഐ എസ് സി പ്രസിഡന്റ് ഡി നടരാജൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് ബാവാ ഹാജി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാർ, സമാജം പ്രസിഡന്റ് റഫീഖ് കായനയിൽ,അഹല്യ മെഡിക്കൽ ഗ്രുപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ, മെഡിക്കൽ ഡയറക്ടർ ഡോക്ടർ അനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. അബുദാബി യൂണിയൻ പ്രസിഡന്റ് മണിലാൽ,സെക്രട്ടറി ഡോ. രഞ്ജിത്ത് , ഷൈൻ കെ. ദാസ്, സുരേഷ് തിരുകുളം, ഡയറക്ടർ ബോർഡ് അംഗം ചാറ്റർജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|