അബുദാബി: പ്രവാസലോകത്തെ പുതിയ കലാപ്രതിഭകളെ കണ്ടെത്താൻ മലയാളി സമാജം മൂന്നു ദിവസങ്ങളിലായി നടത്തിയ യുഎഇ ഓപ്പണ് യുവജനോത്സവത്തിന് പ്രൗഢോജ്ജ്വലമായ സമാപനം. മൂന്നുറിലധികം കുട്ടികൾ കലയുടെ മാറ്റുരച്ച കലാമാമാങ്കത്തിന് മുസഫ എമിറേറ്റ്സ് ഫ്യുച്ചർ ഇന്റർനാഷണൽ അക്കാഡമി സ്കൂളിലാണ് വേദിയൊരുങ്ങിയത്.
നാടോടി നൃത്തം , ഭരതനാട്യം കുച്ചുപ്പിടി, മോണോ ആക്ട് എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി 23 പോയിന്േറാടെ എട്ടാം ക്ലാസ് വിദ്യാർഥിനി ഐശ്വര്യ ഷൈജിത് സമാജം കലാതിലകമായി. അബുദാബിയിലെ ഭവൻസ് സ്കൂൾ വിദ്യാർഥിനിയാണ് ഐശ്വര്യ. കലാതിലകത്തിനുള്ള ട്രോഫി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ഡോ. ജസ്ലിൻ ജോസ് എന്നിവർ ചേർന്ന് സമ്മാനിച്ചു . വനിതാവിഭാഗം ഭാരവാഹികൾ വിജയകിരീടം അണിയിച്ചു.
 15 പോയിന്േറാടെ ശിവാനി സജീവ് (69), 16 പോയിന്േറാടെ ജേനാലിയ ആൻ (912), 10 പോയിന്േറാടെ നന്ദകൃഷ്ണ (1518)എന്നിവർ വിവിധ ഗ്രുപ്പ് വിജയികളായി.
ഗിന്നസ് റെക്കോർഡ് ജേതാവ് കലാമണ്ഡലം ഡോ. ധനുഷ സന്യാൽ, കലാമണ്ഡലം ലതിക. പി എന്നിവരായിരുന്നു നൃത്തയിനങ്ങളിലെ വിധികർത്തകൾ. ഗൾഫിലെ കുട്ടികൾ ക്ലാസിക്കൽ ഡാൻസ് ഇനങ്ങളിൽ മികച്ച നിലവാരം പുലർത്തിയതായി വിധികർത്തകൾ പറഞ്ഞു. പത്ത് വർഷം മുൻപ് വിധി നിർണയത്തിന് എത്തിയപ്പോൾ കുട്ടികളിൽ കണ്ട രീതിയിയെക്കാൾ ഏറെ മികച്ചതാണ് ഇപ്പോൾ അവരുടെ പ്രകടനത്തിൽ ദൃശ്യമാകുന്നത്. ശാസ്ത്രീയമായി ഡാൻസ് അഭ്യസിക്കുന്ന കുട്ടികളുടെ പ്രകടനങ്ങൾ നാട്ടിലേതിനേക്കാൾ മികച്ചതായി പലപ്പോഴും അനുഭവപ്പെട്ടുവെന്നും, വിധി നിർണയം ഏറെ സങ്കീർണമായിരുന്നെന്നും ഇവർ അഭിപ്രായപ്പെട്ടു .
സമാപന സമ്മേളനത്തിൽ സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷത വഹിച്ചു . കലാവിഭാഗം സെക്രട്ടറി റിയാസുദ്ധീൻ പി.ടി, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, വൈസ്പ്രസിഡന്റ് രേഖിന് സോമൻ, ട്രഷറർ അജാസ് അപ്പാടത്ത്, എൽ എൽ എച്ച് ഹോസ്പിറ്റൽ സ്പെഷ്യലിസ്റ്റ് ന്യുറോളജിസ്റ്റ് ഡോ.ജസ്ലിൻ ജോസ്, മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗീസ്, എമിരേറ്റ്സ് ഫ്യുച്ചർ സ്കൂൾ പ്രിൻസിപ്പാൾ സജി ഉമ്മൻ എന്നിവർ സംസാരിച്ചു.
കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, യേശുശീലൻ, സലിം ചിറക്കൽ, എ.എം.അൻസാർ, അനിൽകുമാർ ടി.ഡി,ഫസലുദ്ധീൻ, വനിതാ വിഭാഗം ഭാരവാഹികളായ അനുപ ബാനർജി, ലാലി സാംസണ്, ബിനിമോൾ ടോമിച്ചൻ, ബദരിയ്യ സിറാജ്, വാലന്റീർ ടീം അനീഷ് ഭാസി, അമീർ കല്ലന്പലം, സലിം, ഷാജികുമാർ,ബിജുവാര്യർ എന്നിവരടങ്ങുന്ന സംഘാടകസമിതി പരിപാടികൾക്ക് നേതൃത്വം നൽകി.
|