സ്റ്റീവനേജ്: ലണ്ടൻ മലയാളി കൂട്ടായ്മ്മകളിൽ രണ്ടു പതിറ്റാണ്ടുകളായി സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളാൽ ശ്രദ്ധേയവും, സജീവവുമായ ’സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച തിരുപ്പിറവിപുതുവർഷ ആഘോഷം വർണാഭമായി. കലയുടെ വർണചിറകുകൾ വിടർത്തി കുഞ്ഞു കുരുന്നുകൾ മുതൽ പ്രായ ഭേദമന്യേ അംഗങ്ങൾ നിറഞ്ഞാടിയ ക്രിസ്മസ് ആഘോഷത്തിന് സർഗം പ്രസിഡന്റ് ജിൻടോ മാവറ, സെക്രട്ടറി സജീവ് ദിവാകരൻ, ട്രഷർ ജിമ്മി പുന്നോലിൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
വൈവിധ്യങ്ങളായ കലാ ചേരുവകകളിൽ ടെറീന ആൻഡ് ടീം അവതരിപ്പിച്ച ’ബത്ലേഹം’ പുനരാവിഷ്ക്കാരം, ക്രിസ്തമസ് ആഘോഷത്തെ അനുഭവവേദ്യവും, അവിസ്മരണീയവുമാക്കി. കരോൾ ഗാനങ്ങളും, നൃത്തനൃത്യങ്ങളും, സംഗീത വിരുന്നും ഹാസ്യാവതരണവും ആഘോഷ രാവിനു നിറപ്പകിട്ടേകിയപ്പോൾ ’കേരളാ ഹഡ് ലൂട്ടൻ’ തയാറാക്കിയ കപ്പയും മീൻ കറിയും, പൊറോട്ടയും ബീഫും അടക്കം വിഭവ സമൃദ്ധമായ ’ക്രിസ്മസ് ഗ്രാൻഡ് ഡിന്നർ’ ആഘോഷത്തിലെ ഹൈലൈറ്റായി.
ഡീജെക്കു ചുവടു വച്ച് സർഗം മെന്പേർസ് മതിമറന്നുല്ലസിച്ച് ആഹ്ളാദിച്ച കലാ സന്ധ്യയിൽ ടെസ്സി ജെയിംസ് അവതാരകയായി തിളങ്ങി.
 സർഗം പ്രസിഡന്റ് ജിൻടോ മാവറ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ക്രിസ്മസ്, പുതുവത്സര ആഘോഷത്തിൽ സർഗം ഭാരവാഹികൾ ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ക്രിസ്മസ് പാപ്പ പുതുവത്സര കേക്ക് മുറിച്ചു കൊണ്ട് പുതുവർഷത്തെ വരവേൽക്കുകയും തുടർന്ന് കേക്കും വീഞ്ഞും സദസിൽ പങ്കിടുകയും ചെയ്തു. ബോബൻ സെബാസ്റ്റ്യൻ, ജോസ് ചാക്കോ, ക്രിസ് ബോസ്, എയ്ഡൻ പാറപ്പുറം, അഞ്ജു മരിയ, ഇവ അന്ന ടോം, നിന, നിയ,നോഹ ലൈജോണ്, എസ്തർ അന്ന മെൽവിൻ തുടങ്ങിയവരുടെ ഗാനങ്ങൾ മലയാളത്തിന്റെ മാധുര്യ വിസ്മയം സമ്മാനിച്ചപ്പോൾ തേജിൻ തോമസ് ആലപിച്ച ’പാലാപ്പള്ളി പെരുന്നാൾ’ വേദിയെ ഇളക്കി മറിക്കുകയായി.
 ജിമ്മി ക്ളാക്കി, ഹരിദാസ്, ജോജി സഖറിയാസ്, ജോസഫ് സ്റ്റീഫൻ തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു. സജീവ് ദിവാകരനും, ടെറീന ഷിജിയും കലാപരിപാടികളുടെ കോർഡിനേറ്റർമാരായിരുന്നു.
’സ്റ്റീവനേജ് ലേഡീസിന്റെ ഭക്തിഗാനാലാപനവും, ബെല്ല, മരിറ്റ, ടെസ്സ,സൈറ, അലീൻ, മെറീസ ജോസഫ്, മരീസ ജിമ്മി, ജിൽസാ, ലെസ്മിതാ പ്രശാന്ത്, മരിയ അനി, ജോസ്ലിൻ, ആൻഡ്രിയ, അസിൻ, അനന്യ, അന്ന ഗ്രേസ് അനൂപ്,റീത്ത്,ആദ്യ,അദ്വ്യത ആദർശ്, സാറാ തുടങ്ങിയവരുടെ ഭാവ താള ലയ സൗന്ദര്യം നിറഞ്ഞ നൃത്തനൃത്യങ്ങളും, സ്റ്റീവനേജ് മല്ലൂസിന്റെ കരോൾ ഗാനാലാപനവും, സിസിലി സാജു വിന്റെ ഹാസ്യാവതരണവും ആഘോഷത്തിന് വർണപ്പകിട്ടേകി.  ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ പുൽക്കൂട്, ക്രിസ്മസ് ട്രീ, ഭവന അലങ്കാരം തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്കുള്ള പാരിതോഷകങ്ങൾ ആഘോഷ വേദിയിൽ വച്ചു സമ്മാനിച്ചു. സർഗം സെക്രട്ടറി സജീവ് ദിവാകരന്റെ നന്ദി പ്രകാശനത്തോടെ ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന് സമാപനമായി.
|