അബുദാബി : കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ നടക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ അഞ്ചാം രാവിൽ കല അബുദാബി അവതരിപ്പിച്ച "സ്റ്റേജ്' നാടകം അരങ്ങേറി.
ഈ ലോകം മുഴുവൻ ഒരു സ്റ്റേജാണ്, നമ്മൾ ഓരോരുത്തരും അതിലെ അഭിനേതാക്കളും എന്ന ഷേക്സ്പിയർ ഉദ്ധരണിയാണ് നാടകത്തിന് ആധാരം. കലാപ സാധ്യത നിലനിൽക്കുന്ന ഗുരുതരമായ ക്രമസമാധാന പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഈ പ്രദേശത്ത് നാടകം അവതരിപ്പിക്കാൻ എത്തുന്ന നാടക സംഘത്തിന് പോലീസിന്റെ നിർദേശ പ്രകാരം നാടകം അവതരിപ്പിക്കാൻ കഴിയാതെ വരുന്നു. നാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന ചിത്തഭ്രമം ബാധിച്ച ഒരു വൃദ്ധ മാത്രം സ്റ്റേജിൽ ഒറ്റപ്പെടുന്നു. മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ അവതരിപ്പിച്ചതിനോടൊപ്പം സമകാലീന ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്ന സംഭവവികാസങ്ങളിടെയാണ് നാടകംമുന്നേറിയത്.
ജിനോ ജോസഫാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബിന്നി ടോം, രാജേഷ് മേനോൻ, ഷാലി ആർ ബിജു, രഞ്ജിത്ത് ഡി, മുഹമ്മദ് റഫീഖ്, സുമിത് മാത്യു, അഞ്ജലി വേതുർ, ആൽഫി ടോം, ശിവദാസ് കെ.പി , യെഹ്യ സി.കെ , അരുണ്‍ കെ മണി, ശ്രീജിത്ത് കെ , ബബിത മണിലാൽ , മയൂഖ് മണിലാൽ, അരുണ്‍ വിജയ്, റായ്ഗൻ ജോർജ്, സതീഷ് കുമാർ, ശ്യാം പൂവത്തൂർ , സയന്ത് ശ്യാം, ഹംസക്കുട്ടി, ധരേഷ് കുമാർ, ഡിഷ്ണ രഞ്ജിത്ത്, ശ്രീജേഷ് , മിഥുൻ എന്നിവർ അഭിനയിച്ചു. സംഗീതം മനു മോഹൻ, പ്രകാശ വിതാനം ആബിദ് പി ടി , രംഗ സജ്ജീകരണം ഹംസക്കുട്ടി & ഗോപകുമാർ, ചമയം സായിദ മെഹ്ബൂബ് .
ഡോ. തുളസീധർ പ്രഫ. വിനോദ് വി നാരായണൻ എന്നിവർ വിധികർത്താക്കളായി. കേരള സോഷ്യൽ സെന്റർ കലാ വിഭാഗം സെക്രട്ടറി നിഷാം വെള്ളുത്തടത്തിൽ, ട്രഷറർ നികേഷ് വലിയ വളപ്പിൽ, ഗണേഷ് ബാബു (എം ഡി ജമിനി ബിൽഡിംഗ് മെറ്റീരിയൽസ് ), പ്രശസ്ത ഗായകൻ അലോഷി, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി ലതീഷ് ശങ്കർ എന്നിവർ സംസാരിച്ചു.
ഭരത് മുരളി നാടകോത്സവം ആറാം ദിവസമായ ജനുവരി 28 ശനിയാഴ്ച ശക്തി തിയറ്റേഴ്സ് അബുദാബി അവതരിപ്പിക്കുന്ന കെ ബി അജയകുമാർ രചനയും ജോബ് മഠത്തിൽ സംവിധാനവും ചെയ്ത ന്ധകക്കുകളി ന്ധ എന്ന നാടകം അരങ്ങേറും.
|