ഫിലഡൽഫിയ: ഫിലഡൽഫിയയിൽ അന്തരിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനാ ഫാ. ബാബു വര്‍ഗീസിന് (ഫാ. ഷേബാലി) ഭദ്രാസനത്തിലെ വൈദികരും അൽമായരും ചേർന്ന് ഹൃദയ സ്പർശിയായ വിടവാങ്ങൽ നൽകി.
ജനുവരി 17ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടന്ന ശവസംസ്കാര ശുശ്രുഷകൾക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ശെമ്മാശൻമാരും വൈദിക സെമിനാരി വിദ്യാർഥികളും ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകളും വന്ദ്യ ഷേബാലി അച്ചന് അന്തിമോപചാരം അർപ്പിച്ചു.
മദ്രാസ് ഭദ്രാസനം, തുന്പമണ്‍ ഭദ്രാസനം, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം എന്നിവിടങ്ങളിലുള്ള നിരവധി ഇടവകകളിൽ വന്ദ്യ ഫാ. ഷേബാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ഓർത്തഡോക്സ് ഹെറാൾഡ് ഉൾപ്പെടെ നിരവധി സഭാ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശുശ്രൂഷാസമയത്ത് അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിച്ച നിരവധി പേർ വൈദികന്റെ നേതൃത്വ പാടവത്തെയും സഭാസ്നേഹത്തെയും പ്രശംസിച്ചു സംസാരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
അനുശോചന സന്ദേശം അർപ്പിച്ചവരിൽ അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ്മെ ത്രാപ്പോലീത്ത, ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത്, വെരി റവ.കെ.മത്തായി കോർഎപ്പിസ്കോപ്പ, ഫാ. രാജു വർഗീസ്, ഫാ. ഷിനോജ് തോമസ്, ഫാ. ജോണ്‍ തോമസ് ആലുംമൂട്ടിൽ, ഫാ. ഷിബു എം.ഡാനിയേൽ (വൈദിക സംഘം സെക്രട്ടറി), ഫാ. ജോണ്സണ് പുഞ്ചക്കോണം, ഫാ. വിജയ് തോമസ് (ഭദ്രാസന കൗണ്‍സിൽ അംഗം), ഫാ.വി.എം.ഷിബു (ഭദ്രാസനകൗണ്‍സിൽ അംഗം), ഫാ. എം.കെ.കുര്യാക്കോസ് (വികാരി, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്), ഫാ. സുജിത് തോമസ് (അസി. വികാരി, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്), ഷാജി വർഗീസ് (മലങ്കര അസോസിയേഷൻ അംഗം), കൊപ്പാറ സാമുവൽ (മലങ്കര അസോസിയേഷൻ അംഗം), ജെസ്സി രാജൻ, ബിസ്മി മറിയം വർഗീസ്, കോരസണ്‍ വർഗീസ് (മലങ്കര അസോസിയേഷൻ മുൻ അംഗം) എന്നിവർ ഉൾപ്പെടുന്നു.
 മികച്ച എഴുത്തുകാരനും പ്രതിഭാധനനായ പ്രഭാഷകനുമായിരുന്നു ഷേബാലി അച്ചന് ദൈവത്തെ പ്രസാദിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ദൗത്യം. ഇപ്പോൾ യാത്രയിൽ ആയിരിക്കുന്ന അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയെ പ്രതിനിധീകരിച്ച് ഫാ. ഡോ . വർഗീസ് എം. ഡാനിയേൽ (ഭദ്രാസന സെക്രട്ടറി) വന്ദ്യ ഷേബാലി അച്ചൻറെ സേവനങ്ങളെ അനുസ്മരിക്കുകയും അച്ചനോടും കുടുംബത്തോടുമുള്ള കടപ്പാടും കൃതാർത്ഥതയും അറിയിക്കുകയും ചെയ്തു. കുടുംബത്തിന്റെ പേരിൽ ജോർജ് ജേക്കബ് നന്ദി രേഖപ്പെടുത്തി. താൻ ബലിയർപ്പിച്ച വിശുദ്ധ മദ്ബഹയോടു വിടപറയുന്ന ഹൃദയസ്പർശിയായ ശുശ്രുഷ ആയിരുന്നു അവസാനത്തേത്. വന്ദ്യ ഷേബാലി അച്ചന്റെ ഭൗതിക ശരീരം സഹ പട്ടക്കാർ ചേർന്ന് മദ്ബഹയിലേക്കു കൊണ്ടുപോയി പ്രാർത്ഥന അർപ്പിച്ചു . വന്ദ്യ പിതാവേ, സമാധാനത്തോടെ പോക എന്ന് വൈദികരും ജനങ്ങളും ചേർന്ന് ചൊല്ലി ശുശ്രുഷ അവസാനിച്ചു.
 വന്ദ്യ ഷേബാലി അച്ച ന്റെ ഭൗതിക ശരീരം സംസ്കരിക്കുന്നതിനായി ഇന്ത്യയിലേക്ക് കൊണ്ടുപോകും. മാതൃ ഇടവകയായ പത്തനംതിട്ട ജില്ലയിലെ കീരുകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന ദേവാലയത്തിലാണ് അന്ത്യകർമ്മങ്ങൾ. ശവസംസ്കാര തീയതി പിന്നീട് തീരുമാനിക്കും. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
|