കൊളോണ്‍: ജർമനിയിലെ കൊളോണിൽ അന്തരിച്ച ജോണി അരീക്കാട്ടിന്റെ (68) സംസ്കാര ചടങ്ങുകൾ ജനുവരി 13 വെള്ളിയാഴ്ച രാവിലെ 10.30ന് കൊളോണ്‍ ബ്രുക്കിലെ സെന്റ് ഹ്യൂബെർട്ടൂസ് പള്ളിയിൽ (St. Hubertus, Olpener Str. 954 , 51109 Cologne, Germany) ദിവ്യബലിയോടുകൂടി ആരംഭിച്ച് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. തുടർന്ന് പാരീഷ് ഹാളിൽ ഒത്തുചേരലും നടക്കും.
ഭാര്യ: അൽഫോൻസാ എളവൂർ മണവാളൻ കുടുംബാംഗം. മക്കൾ: ജോൾ, ജോഷാ, ജസ്ററിൻ. മരുമക്കൾ: നവീൻ, എല്ലെയൊനോറ. പേരക്കുട്ടികൾ: എമിലിയ, മാക്സി, ജീവൻ.
സഹോദരങ്ങൾ: ജോർജ് മേരി (കാനഡ), ജോസ്മേരി (ജർമ്മനി), റീത്തഅബ്രഹാം, പോളി അനില, സേവ്യർ ഡെയ്സി (ദുബായ്), തോമസ്ആശ (കാനഡ), ലിസി പോൾ (കാനഡ).
തൃശൂർ, ആളൂർ അരീക്കാടൻ പരേതരായ കുഞ്ഞുവറീതിന്റെയും ഏല്യകുട്ടിയുടെയും മൂന്നാമത്തെ മകനാണ് ജോണി.
കഴിഞ്ഞ 48 വർഷമായി ജർമ്മനിയിലെ കലാകായിക സാംസ്കാരിക സാമുദായിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു ജോണി. 1974ൽ ജർമനിയിലെ കോബ്ളെൻസിലെത്തിയ ശേഷം നഴ്സിംഗ് പഠനം പൂർത്തിയാക്കി കോബ്ളെൻസിലും മെറ്റ്മാനിലും ജോലി ചെയ്തു. വിവാഹശേഷം ഹാഗനിലേയ്ക്ക് താമസം മാറുകയും അധികം താമസിയാതെ ഹാഗനിലെ ഇൻഡ്യൻ കൾച്ചറൽ ക്ലബിന്റെ പ്രസിഡന്റായി. സ്പോർട്സിൽ ഏറെ തൽപ്പരനായിരുന്ന അദ്ദേഹം കുട്ടികളെ കായിക പ്രവർത്തനങ്ങളിലും മതബോധനത്തിലും പരിശീലിപ്പിച്ചു. കെവിസി ബോഹും സ്പോർട്സ് ക്ളബ്ബിൽ അംഗമായി വോളിബോളും ബാഡ്മിന്റണും കളിച്ച് നിരവധി ടൂർണ്ണമെന്റുകളിലും പങ്കെടുത്തു. 1994~ൽ കുടുംബത്തോടൊപ്പം ആളൂരിലേക്ക് മടങ്ങുകയും അവിടെ വീട് നിർമ്മിച്ച് 1995 ജനുവരി 1 ന് താമസവും തുടങ്ങി. തുടർന്നുള്ള 4 വർഷം അദ്ദേഹം ആളൂരിൽ പൊതുപ്രവർത്തനത്തിൽ സജീവമായി. ലയണ്‍സ് ക്ളബ് ട്രഷറർ, ആളൂർ സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ് പിടിഎ പ്രസിഡന്റ്, അരിക്കാട്ട് ഓയിൽ മിൽസിന്റെ സഹഉടമ എന്നീ നിലകളിൽ പ്രവർത്തിച്ചു.
തുടർന്ന് 1998ൽ കുടുംബം ജർമ്മനിയിലേക്ക് മടങ്ങി. തുടർന്നുള്ള 14 വർഷം ജോലിയ്ക്കൊപ്പം കൊളോണിനടുത്തുള്ള ഓവറാത്തിൽ താമസമാക്കി. അക്കാലത്ത് കൊളോണ്‍ ആസ്ഥാനമായ ഇൻഡ്യൻ കമ്യൂണിറ്റിയുടെ ഹോൾവെയ്ഡെ ഫാമിലി യൂണിറ്റിന്റെ പ്രസിഡന്റായും 2 തവണ കേരള സമാജം ജോയിന്റ് സെക്രട്ടറിയായും, വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് സജീവ അംഗമായും പ്രൊവിൻസിന്റെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ഡബ്ള്യുഎംസിയുടെ ജർമനിയിൽ നടന്ന ഗ്ലോബൽ കോണ്‍ഫറൻസ്, ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റ് എന്നിവയുടെ വിജയത്തിനായി സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുണ്ട്.
2003 ൽ കേരള പീപ്പിൾസ് ആർട്സ് ക്ലബിന്റെ (കെപിഎസി) സഹസ്ഥാപകനായി ജോയിന്റ് സെക്രട്ടറിയായും, ഇൻഡ്യൻ വോളിബോൾ ക്ളബ്ബിന്റെ (ഐവിസി) സജീവ അംഗമായും പ്രവർത്തിച്ചു. 2017ൽ കൊളോണിലെ ഇന്ത്യൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ 37ാം പെരുന്നാൾ പ്രസിദേന്തിയായിരുന്നു.
2020ൽ ജോലിയിൽ നിന്നും ഒൗദ്യോഗികമായി വിരമിച്ച് വിശ്രമ ജീവിതത്തിനൊപ്പം പൊതുപ്രവർത്തനത്തിലും സജീവമായിരുന്നു.
ആളൂർ പ്രസാദവരനാഥ(ഒൗർ ലേഡി ഓഫ് ഗ്രേയ്സ്) പള്ളിയുടെ നവീകരണത്തിന് ഫണ്ട് ശേഖരിക്കുന്നതിനായി ജർമ്മനിയിൽ ഒരു വലിയ സാംസ്കാരിക പരിപാടി സംഘടിപ്പിച്ച ജോണി ഗ്ലോബൽ ഇന്ത്യൻ ഇൻവെസ്ററ്മെന്റിന്റെ സ്ഥാപകനാണ്.
ജോണിയുടെ പെട്ടെന്നുള്ള വേർപാടിൽ നിരവധി വ്യക്തികളും സംഘടനകളും(കേരള പീപ്പിൾസ് ആർട്സ് ക്ളബ് ജർമനി, കേരള സമാജം കൊളോണ്‍, വേൾഡ് മലയാളി കൗണ്‍സിൽ, ഇൻഡ്യൻ വോളിബോൾ ക്ളബ്, ചലഞ്ചേഴ്സ് സ്പോർട്സ് ക്ളബ്) അനുശോചനവും രേഖപ്പെടുത്തി. ഒട്ടനവധി സുഹൃത്തുക്കളും വൈദികരും കന്യാസ്ത്രികളും ജോണിയുടെ കൊളോണ്‍ ബ്രുക്കിലെ ഭവനത്തിലെത്തി പ്രാർഥനകളും ഒപ്പീസും നടത്തി സ്വന്തപ്ത കുടുംബത്തെ ആശ്വസിപ്പിച്ചുകൊണ്ടിരിയ്ക്കയാണ്.
പ്രിയ സുഹൃത്തിന്റെ, സഹപ്രവർത്തകന്റെ വിയോഗത്തിൽ കെപിഎസി കുടുംബങ്ങൾ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതിനൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തിയും നേരുന്നു. ആദരാഞ്ജ്ജലികൾ അർപ്പിക്കുന്നു. ദുഖാർത്തരായ കുടുംബാംഗങ്ങളെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു.
|