കുവൈറ്റ്: ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈറ്റും ഇന്ത്യൻസ് ഇൻ കുവൈറ്റും സംയുക്തമായി ഉന്നത വിദ്യാഭ്യാസ മേളയുടെ നാലാമത് എഡിഷൻ സംഘടിപ്പിച്ചു. ഡിസംബർ 9, 10 തീയതികളിൽ ഐസിഎസ്കെ സീനിയർ കാന്പസിൽ നടന്ന മേളയിൽ മുപ്പതോളം പ്രശസ്തമായ ബിസിനസ്, മെഡിക്കൽ, എഞ്ചിനീയറിംഗ്, മറ്റു പ്രൊഫഷണൽ കോളേജുകളും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളും പങ്കെടുത്തുകൊണ്ട് ലഭ്യമായ ഏറ്റവും പുതിയ വിദ്യാഭ്യാസ അവസരങ്ങൾ പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു.
ഡിസംബർ 9ന് പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ ഉന്നത വിദ്യാഭ്യാസ മേള2022 ഫ്ളാഗ് ഓഫ് ചെയ്തു. കുവൈറ്റിലെ ശ്രീലങ്കൻ അംബാസഡർ ഹിസ് എക്സലൻസി യുഎൽ. മുഹമ്മദ് ജൗഹർ മുഖ്യാതിഥിയും, കുവൈറ്റ് രാജകുടുംബാംഗവും അറബ് അക്കാദമി ഫോർ സയൻസ്, ടെക്നോളജി ആൻഡ് മാരിടൈം ട്രാൻസ്പോർട്ട് എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനും കുവൈറ്റ് തുറമുഖ അതോറിറ്റി മുൻ ഡയറക്ടർ ജനറലുമായ ഷെയ്ഖ് യൂസഫ് അൽ അബ്ദുല്ല അൽ സബാഹ് അൽ നാസർ അൽ സബാഹ് വിശിഷ്ടാതിഥിയുമായിരുന്നു.
 പ്രമുഖ കരിയർ വിദഗ്ധനും മുൻ പ്രവേശന പരീക്ഷാ കമ്മീഷണറുമായ ഡോ. എസ്. രാജു കൃഷ്ണൻ, വിഖ്യാത കരിയർ കോച്ചും കൗണ്സിലറുമായ സജിത്ത് തോമസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ഷെയ്ഖ് അബ്ദുൾ റഹിമാൻ, ഇന്ത്യൻസ് ഇൻ കുവൈറ്റ് ഡയറക്ടർ സുനോജ് നന്പ്യാർ, ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി വൈസ് ചെയർമാൻ വിനുകുമാർ നായർ, ഓണററി ജോയിന്റ് സെക്രട്ടറി ആഗ്നെല്ലോ എ.എസ്. ഫെർണാണ്ടസ്, ഇന്ത്യൻസ് ഇൻ കുവൈറ്റ് പ്രതിനിധികളായ ക്രോഫോർഡ് വിൽസണ് ഡിസൂസ, ജോർജ് മാത്യു, ജാബ്രിയ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. അച്യുതൻ മാധവ്, ഫഹാഹീൽ അൽ വത്തനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ രവി അയനോളി, ഐസിഎസ്കെ. അമ്മാൻ ബ്രാഞ്ച് പ്രിൻസിപ്പൽ രാജേഷ് നായർ, ഐസിഎസ്കെ. ഖൈത്താൻ പ്രിൻസിപ്പൽ ഗംഗാധർ ഷിർസാത്ത്, ഐഎസ്ഇകെ ഡയറക്ടർ ഷേർളി ഡെന്നിസ്, സാരഥി കുവൈറ്റ് എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ.എസ്. ജയകുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
 കുവൈറ്റിലെ എല്ലാ ഇന്ത്യൻ വിദ്യാർഥികൾക്കുമായി സ്കൂൾ തലത്തിൽ ഇത്തരമൊരു ഉന്നത വിദ്യാഭ്യാസ മേളയ്ക്ക് സൗകര്യമൊരുക്കിയ ഐസിഎസ്കെ. സീനിയറിന്റെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ സ്വാഗതം പറഞ്ഞു. യു.എൽ. മുഹമ്മദ് ജൗഹറും ഷെയ്ഖ് യൂസഫ് അൽ അബ്ദുല്ല അൽ സബാഹും ചേർന്ന് നിറഞ്ഞ സദസിനെ സാക്ഷിയാക്കി ദീപം തെളിയിച്ച് മേള ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേളയുടെ തുടക്കം മുതൽ നാളിതുവരെയുള്ള നാഴികക്കല്ലുകൾ അണിനിരത്തി തയാറാക്കിയ ഹ്രസ്വചിത്രം ചിന്തോദ്ദീപകമായിരുന്നു.
 ഐസിഎസ്കെ. വിദ്യാർഥികളുടെ നൃത്തസംഘമായ ന്ധനാട്യാഞ്ജലിന്ധയുടെ നൃത്തവും എട്ടാം ക്ലാസ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലെമിംഗോ നൃത്തവും നയനമനോഹരങ്ങളായിരുന്നു. സ്കൂൾ സംഗീത ബാൻഡായ സ്വരാഞ്ജലിയുടെ ഗാനങ്ങളും ടെലിവിഷൻ ഫെയിം കുമാരി.
റൂത്ത് ആൻ ടോബിയുടെ അറബി ഗാനവും ഹൃദ്യമായി. ശ്രീലങ്കൻ സ്ഥാനപതി യു.എൽ. മുഹമ്മദ് ജൗഹർ, തന്നെ മുഖ്യാതിഥിയായി ക്ഷണിച്ച സ്കൂൾ അധികൃതരോടുള്ള കൃതജ്ഞത രേഖപ്പെടുത്തി. ആത്മീയതയില്ലാതെ മൂല്യങ്ങളില്ലെന്നും ലക്ഷ്യത്തിലെത്താൻ ശരിയായ പാത തെരഞ്ഞെടുക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമ്മിപ്പിച്ചു. വിശിഷ്ടാതിഥി ഷെയ്ഖ് യൂസഫ് അൽ അബ്ദുല്ല അൽ സബാഹ് സദസിനെ അഭിസംബോധന ചെയ്തു.
 പ്രമുഖ കരിയർ കോച്ചും മുൻ പ്രവേശന പരീക്ഷാ കമ്മീഷണറും മേളയിലെ കരിയർ ഗൈഡൻസ് സെമിനാറിന്റെ റിസോഴ്സ് പേഴ്സനുമായ ഡോ. എസ്.രാജു കൃഷ്ണൻ, തൊഴിലിന് അനുരൂപമായ വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. പ്രശസ്ത കരിയർ ഗുരുവും മേളയുടെ അഭിരുചി പരീക്ഷയുടെയും വ്യക്തിഗത കൗണ്സിലിംഗിന്റെയും മേധാവിയുമായ സജിത്ത് തോമസ്, കരിയർ മാപ്പ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ചു. കോളേജ് യൂണിവേഴ്സിറ്റി എക്സ്പോ ഒൗദ്യോഗികമായി ഷെയ്ഖ് യൂസഫ് അൽ അബ്ദുല്ല അൽ സബാഹ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ഷെയ്ഖ് അബ്ദുൾ റഹിമാൻ, ഇന്ത്യൻസ് ഇൻ കുവൈറ്റ് ഡയറക്ടർ സുനോജ് നന്പ്യാർ എന്നിവർ വിശിഷ്ടാതിഥികൾക്കുള്ള സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. ക്ഷണിക്കപ്പെട്ട എല്ലാ അതിഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ഫിസിക്സ് വിഭാഗം മേധാവിയും മേളയുടെ പ്രൊജക്റ്റ് ഡയറക്ടറുമായ സൂസൻ ജോർജ് നന്ദി രേഖപ്പെടുത്തി.
ഡിസംബർ 9, 10 തീയതികളിൽ അഞ്ച് കരിയർ ഗൈഡൻസ് സെഷനുകൾ ഡോ.എസ്.രാജു കൃഷ്ണൻ നടത്തി. ആയിരത്തിലധികം വിദ്യാർഥികൾ സെഷനുകളിൽ പങ്കെടുത്തു. ആധുനികാനന്തര കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കുള്ള വ്യത്യസ്ത തൊഴിൽ അവസരങ്ങളെക്കുറിച്ചും തൊഴിൽ തെരഞ്ഞെടുപ്പുകൾ എങ്ങനെ നടത്താമെന്നും ലഭ്യമായ വിവിധ കോഴ്സുകളെക്കുറിച്ചും സെഷനുകൾ വെളിച്ചം നൽകി. ചർച്ച ചെയ്ത മിക്ക വിവരങ്ങളും പുതിയതും വിദ്യാർഥികൾക്ക് സഹായകരവും വളരെ ഫലപ്രദവുമായിരുന്നു. ഇരുനൂറിലധികം വിദ്യാർഥികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്ത് കരിയർ മാപ്പ് ചെയ്തു. ഈ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പ്രശസ്ത കരിയർ ഗുരുവായ സജിത്ത് തോമസുമായി വ്യക്തിഗത കൗണ്സിലിംഗ് സെഷനുകൾക്ക് വിധേയരായി. ഓരോ വിദ്യാർഥിയുടെയും, അറിവിന്റെയും കഴിവിന്റെയും വ്യക്തമായ ചിത്രം അവതരിപ്പിക്കുന്ന സമഗ്രമായ വിലയിരുത്തൽ റിപ്പോർട്ട് കരിയർ വിദഗ്ധൻ നൽകി. തുടർന്ന് ശരിയായ കരിയർ തെരഞ്ഞെടുക്കാൻ അദ്ദേഹം വിദ്യാർത്ഥികൾക്കുവേണ്ട മാർഗനിർശങ്ങൾ നൽകി.
|