ലണ്ടൻ: ആഗോളതലത്തിലുള്ള ബോക്സിംഗ് മത്സരത്തിന് യുകെയിലെ പ്രസ്റ്റണ്‍ വേദിയാകുന്പോൾ മെയ്ക്കരുത്തിനുള്ള കിരീടം ഉയർത്തുവാൻ ഇന്ത്യക്കായി ഇറങ്ങുക മലയാളി മല്ലൻ കെ.സി .വിനോദ്. ആഗോള തലത്തിൽ ഏറെ പ്രശസ്തമായ ഡബ്ല്യുസിബിഇ ബോക്സിംഗ് ഇവന്റിലേക്ക് ഇന്ത്യൻ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഏക മത്സരാർഥി എന്ന നിലയിൽ വിനോദിന് കിട്ടിയ ഈ സുവർണാവസരത്തിൽ മുഷ്ടിയുടെ കരുത്തിനുള്ള കിരീടം ഉയർത്തുവാൻ കഴിഞ്ഞാൽ മലയാളികൾക്കിതു അഭിമാന നിമിഷമാവും.
ആരോഗ്യകരമായ സമതുലിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ’എവർലാസ്റ്റ് ജിം’ എന്ന ആരോഗ്യ സംരക്ഷണ വേദിയാണ് ഇംഗ്ലണ്ടിൽ ഡബ്ല്യുസിബിഇ ബോക്സിംഗ് ഇവന്റ് സ്പോണ്സർ ചെയ്യുക. ഇംഗ്ലണ്ടിൽ നടക്കുന്ന തീ പാറുന്ന മത്സരത്തിന് ശേഷം, മുഷ്ടിയുദ്ധം ദുബായിലും ഓസ്ട്രേലിയയിലും അടക്കം സമാനമായ ഇവന്റുകൾ സംഘടിപ്പിക്കുവാൻ എവർലാസ്റ്റ് ജിം ലക്ഷ്യമിടുന്നുണ്ട്.
ജൂനിയർ മിസ്റ്റർ ഇന്ത്യ കിരീടം നേടിയിട്ടുള്ള കെ.സി, വിനോദ്, ഗോൾഡൻ വിൻഡ് ഗ്രൂപ്പ്, ടൈറ്റിൽ ബോക്സിംഗ് ക്ലബ്, കേരള പ്രൊഫഷണൽ ബോക്സിംഗ് കൗണ്‍സിൽ, പ്രോജക്ട് വിൻ കണ്‍സൾട്ടൻസി, എഡ്യൂക്കേഷണൽ ഹെൽപ്പ് ക്ലബ് എന്നീ ഇന്ത്യൻ ഓർഗനൈസേഷനുകൾക്കു പുറമെ, ഓസ്ട്രേലിയയിലെ സേവ്ഡ് ഡ്രീംസ്, ഗ്രീൻവേ ഇൻവെസ്റ്റേഴ്സ്, വേ മേക്കർ തുടങ്ങിയ നിരവധി സംഘടനകളുടെ ഡയറക്ടർ കൂടിയാണ്.
 ഐസിഎം ജനൽ സെക്രട്ടറി, ആൾ ഇന്ത്യ ഹ്യൂമൻ റൈറ്സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്, ഡബ്ല്യുസിബി ബോക്സിംഗ് ചാന്പ്യൻ (ലണ്ടൻ), കെആർഎവി മെഗാ സെർട്ടിഫൈഡ് കോച്ച് എന്നീ നിലകളിലും, വിവിധങ്ങളായ ശ്രദ്ധേയമായ ബിസിനസ് സംരംഭങ്ങൾക്കൊപ്പം, ജീവകാരുണ്യ സംഘടനകൾക്കും വിനോദ് നേതൃത്വം വഹിച്ചു വരുന്നു.
ന്യൂനപക്ഷ യുവ വ്യവസായി, ജീവ കാരുണ്യ പ്രവർത്തകൻ, മികച്ച സ്പോർട്സ്മാൻ, നല്ല സംരംഭകൻ എന്നീ നിലകളിലും നിരവധിയായ അവാർഡുകൾ നേടുകയും ചെയ്തിട്ടുള്ള ’ഇന്ത്യൻ മല്ലൻ’ നാനാവിധ മേഖലകളിൽ തന്റെ കയ്യൊപ്പും അംഗീകാരവും നേടിയിട്ടുണ്ട്.
|