റിയാദ്: റിയാദിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന ഇരുപത്തിയെട്ടാമത് ആഷ്ടെൽ സംഗമം സോക്കർ 2022 & ഡഫൊഡിൽസ് ഇൻറ്റർ സ്കൂൾ ടൂർണമെൻറ് സീസണ് 2 മത്സരങ്ങൾക്ക് വാദി ലബൻ സോക്കർ ഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു.
വർണശബളമായ മാർച്ച്പാസ്റ്റോടുകൂടി പരിപാടികൾക്ക് തുടക്കമായി. സംഗമം കുട്ടികളും സംഗമം സോക്കർ 2022 മത്സരിക്കുന്ന നാലു ടീമുകളും അവരുടെ മുഴുവൻ സപ്പോർട്ടേഴ്സും നാലു ഇൻറ്റർ സ്കൂൾ ടീമുകളും രണ്ടു അക്കാദമി ടീമുകളും അണിനിരന്ന മനോഹരമായ മാർച്ച് പാസ്റ്റ് കാണികളിൽ കണ്ണ് കുളിർമ്മയേകിയ അനുഭവമായി. ജാസിം റമീസ് ഹനാൻ എന്നിവർ മാർച്ച് പാസ്റ്റിനു നേതൃത്വം നൽകി. പി.ടി. മെഹബൂബ് , ഇല്യാസ് കെ എം, മുഹമ്മദ് ഷാഹിൻ പി.എം , ആദം ഓജി, ബഷീർ മുസ്ലിയാരകം, ഐ.പി ഉസ്മാൻ കോയ , നൗഷാദ് അലി പി , ഫറാജ് ആഷ്ടെൽ, ഫിറോസ് ബി.വി, റംസി എം.എം, മുഹമ്മദ് ഇഖ്ബാൽ .പി , സലിം പി എന്നിവർ പരേഡ് സ്വീകരിച്ചു.
മുൻ ഇന്ത്യൻ നാഷണൽ ഫുട്ബോൾ പ്ലെയറും റിട്ട. ഡിവൈഎസ്പിയുമായ പി.ടി. മെഹബൂബ് മുഖ്യാതിഥിയായ ചടങ്ങ് അദ്ദേഹം ഉദ്ഘടന കർമ്മം നിർവഹിച്ചു. സംഗമം പ്രസിഡൻറ് ഇല്യാസ് കെ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഹിൻ പി.എം സ്വാഗതവും ആദം ഓജി ( മുൻ സംഗമം പ്രസിഡൻറ് & റ്റെഫ ചെയർമാൻ), ബഷീർ മുസ്ലിയാരകം ( മുൻ സംഗമം പ്രസിഡൻറ് & ലുഹ ഗ്രൂപ്പ് എംഡി) , ഐ പി ഉസ്മാൻ കോയ ( മുൻ സംഗമം പ്രസിഡൻറ്) , നൗഷാദ് അലി പി ( എംഎസ്് റിയാദ് പ്രസിഡൻറ്, സിജി റിയാദ് ചെയർമാൻ , ഇന്ത്യൻ ഇസ്ലാഹി സെൻറർ റിയാദ് വൈസ് പ്രെസിഡൻറ് ) , സംഗമം വൈസ് പ്രസിഡന്റുമാരായ ഫിറോസ് ബി.വി , റംസി എം.എം, ആഷ്ടെൽ പ്രധിനിധി ഫറാജ്, നാട്ടിൽ നിന്നും ഹസ്ര സന്ദർശനാർഥമെത്തിയ മുഹമ്മദ് ഇഖ്ബാൽ പൂവായിൻടക്കം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ട്രഷറർ മിർഷാദ് ബക്കർ നന്ദി രേഖപ്പെടുത്തി. സ്പോർട്സ് കണ്വീനർ റിസ്വാൻ അഹമ്മദ് ടൂർണമെന്റും അൻവർ കെ.വി റഫറി പാനലും നിയന്ത്രിച്ചു.
തുടർന്നു മുൻ ഇന്ത്യൻ നാഷണൽ ഫുട്ബോൾ പ്ലെയറും റിട്ടയേർഡ് ഡിവൈഎസ്പിയുമായ പിടി മെഹബൂബിനെ അദ്ദേഹത്തിന്റെ 1982 മുതൽ 2020 വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയതടക്കമുള്ള നേട്ടങ്ങളെ മുൻനിർത്തി സംഗമത്തിന്റെ ആദരവ് പ്രസിഡൻറ് ഇല്യാസ് കെ.എം മൊമെൻഡോ നൽകിക്കൊണ്ട് നിർവഹിച്ചു. മുൻ സംഗമം പ്രസിഡൻറ് ബഷീർ മുസ്ലിയാരകം അദ്ദേഹത്തെ പൊന്നാട അണിയിച്ചു. തുടർന്നു റ്റെഫ ചെയർമാൻ ആദം ഓജിയെ 2018 പ്രളയ കാലത്തു വീടുകൾ നഷ്ട്ടപ്പെട്ട 20 കുടുംബങ്ങൾക്ക് വയനാട് പനമരത്തു വീടുകൾ നിർമ്മിച്ചു നൽകാൻ റ്റെഫയുടെ നേതൃതത്തിൽ മുൻകൈയെടുത്തതിനും ഇപ്പോഴും ഭവന പദ്ധതികളുമായി തെക്കേപ്പുറം പ്രദേശത്തു പ്രവർത്തിക്കുന്നതിനും മുൻനിർത്തി സംഗമത്തിന്റെ ആദരവ് പ്രസിഡൻറ് ഇല്യാസ് കെ.എം. മൊമെൻഡോ നൽകിക്കൊണ്ട് നിർവഹിച്ചു , മുൻ സംഗമം പ്രസിഡൻറ് ഐ.പി. ഉസ്മാൻ കോയ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
ഡഫൊഡിൽസ് ഇൻറ്റർ സ്കൂൾ ടൂർണമെൻറ് സീസണ് 2 ആദ്യ മത്സരത്തിൽ യാര ഇൻറ്റർനാഷണൽ സ്കൂളും ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂളും മാറ്റുരച്ചു. മത്സരത്തിൽ യാര ഇൻറ്റർനാഷണൽ സ്കൂൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂളിനെ പരാജയപ്പെടുത്തി ( 2 0 ). യാര ഇൻറ്റർനാഷണൽ സ്കൂളിനു വേണ്ടി ഹനീൻ, സമാഹിർ സൈഫ് എന്നിവർ ഗോളുകൾ നേടി. പ്ലയെർ ഓഫ് ദ മാച്ചായി ഹനീൻ ( യാര ഇൻറ്റർനാഷണൽ സ്കൂൾ) തെരഞ്ഞെടുത്തു.
യൂത്ത് സോക്കർ അക്കാദമിയും അൽ യാസ്മിൻ ഇൻറ്റർനാഷണൽ സ്കൂളും മാറ്റുരച്ച രണ്ടാമത്തെ മത്സരത്തിൽ ഫൈസാൻ രണ്ടു ഗോളുകളും തസ്ഹിൻ ഒരു ഗോളും നേടി യൂത്ത് സോക്കർ അക്കാദമി വിജയികളായി. അബ്ദുൽ ഗഫൂർ അൽ യാസ്മിൻ ഇൻറ്റർനാഷണൽ സ്കൂളിനു വേണ്ടി ആശ്വാസ ഗോൾ നേടി. പ്ലയെർ ഓഫ് ദ മാച്ചായി ഫൈസാൻ (യൂത്ത് സോക്കർ അക്കാദമി) തെരഞ്ഞെടുത്തു.
തുടർന്നു നടന്ന ആഷ്ടെൽ സംഗമം സോക്കർ 2022 ആദ്യ മത്സരത്തിൽ പാർട്ടി ഓഫീസ് റോയൽസ്, മിന്നൽ റവാബി ടീമുകൾ അണിനിരന്നു. കളിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി പാർട്ടി ഓഫീസ് റോയൽസ് വൈസ് ക്യാപ്റ്റൻ ജംഷീദ് എസ്.എം മിന്നൽ റവാബിയുടെ വല കുലുക്കിയത് കളിക്കാരെയും പാർട്ടി ഓഫീസ് റോയൽസ് സപ്പോർട്ടെഴ്സിനെയും ആവേശ കൊടുമുടിയിൽ എത്തിച്ചു. തുടർന്നു ഇടവേളക്കു മുന്നെ യാഷിൻ റഹ്മാൻറെ ഗോളോടുകൂടി പാർട്ടിഓഫീസ് മുന്നേറ്റം തുടർന്നു. ഇടവേളക്കു ശേഷം യാസർ എസ് വി നേടിയ മൂന്നാമത്തെ ഗോളും നേടി മുന്നിട്ടശേഷം മിന്നൽ റവാബിയുടെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. മിന്നൽ റവാബിക്ക് വേണ്ടി ഡാനിഷ് ബഷീറും ഹാഫിസും ഓരോ ഗോളുകൾ വീതം നേടി ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും 32 നു പാർട്ടി ഓഫീസ് റോയൽസ് ജേതാക്കളായി. പ്ലയെർ ഓഫ് ദ മാച്ചായി യാഷിൻ റഹ്മാനെ തെരഞ്ഞെടുത്തു.
ആഷ്ടെൽ സംഗമം സോക്കർ 2022 രണ്ടാമത്തെ മത്സരത്തിൽ കല്ലുമൽ എഫ്സിയും അവുത്തത്തെ എഫ് സിയും തമ്മിൽ മാറ്റുരച്ചു. ഗോൾ രഹിത സമനിലയിൽ ഇടവേളവരെ നീണ്ട കളി ഇടവേളക്കുശേഷം കല്ലുമൽ എഫ് സിയുടെ അജിത് റഹ്മാൻ നേടിയ മനോഹര ഗോളിലൂടെ കല്ലുമൽ എഫ് സി മേൽക്കോയ്മ നേടി. കളി അവസാനിക്കാൻ അഞ്ചുമിനിറ്റു ബാക്കിയുള്ളപ്പോൾ ശക്തമായ മുന്നേറ്റത്തോടെ അവുത്തത്തെ എഫ് സിയുടെ ഫൈസൽ നേടിയ ഗോളിലൂടെ മത്സരം സമനിലയിൽ അവസാനിച്ചു. പ്ലയെർ ഓഫ് ദ മാച്ചായി ഫൈസലിനെ തെരഞ്ഞെടുത്തു.
നൂറിൽ അധികം സംഗമം കുടുംബിനികളും അഞ്ഞൂറിലധികം ആളുകളും പങ്കെടുത്ത ചടങ്ങ് ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാംവാര മത്സരങ്ങളിൽ ഡഫൊഡിൽസ് ഇൻറ്റർ സ്കൂൾ ടൂർണമെൻറ് സീസണ് 2 വിലെ ആദ്യ കളിയിൽ സോക്കർ ക്ലബ് റിയാദ് അക്കാദമിയും യാര ഇൻറ്റർനാഷണൽ സ്കൂളും , രണ്ടാമത്തെ കളിയിൽ ഇൻറ്റർനാഷണൽ ഇന്ത്യൻ സ്കൂളും യൂത്ത് സോക്കർ അക്കാദമിയും മാറ്റുരക്കും. തുടർന്നു ആഷ്ടെൽ സംഗമം സോക്കർ 2022 ആദ്യ മത്സരത്തിൽ അവുത്തത്തെ എഫ്സി പാർട്ടി ഓഫീസ് റോയൽസ് ടീമിനോടും രണ്ടാമത്തെ മത്സരത്തിൽ കല്ലുമൽ എഫ്സി മിന്നൽ റവാബി ടീമിനോടും മത്സരിക്കും.
|