സ്റ്റോക്ക് ഓണ് ട്രെന്റ്: മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരള കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം സ്റ്റോക്കിലെ മലയാളികൾ ആവേശപൂർവം നെഞ്ചിലേറ്റി.
700ലധികം പേർ പങ്കെടുത്ത ജനനിബിഡമായ ഓണാഘോഷം, കേരളീയ സംസ്കാരം വിളിച്ചോതുന്ന പൊന്നോണത്തിന്റെ ദൃശ്യ ചാരുതയോടെ വർണവിസ്മയങ്ങൾ ചാലിച്ചെഴുതിയ നൃത്തനടന ലാസ്യ ലയങ്ങളും, കോവിഡ് മഹാമാരിക്ക് ശേഷം സ്റ്റോക്ക് മലയാളികൾ എല്ലാവരും ഒരേ മനസോടെ ഒരു കുടുംബം എന്ന പോലെ ഒത്തൊരുമിച്ചു വിഭവസമൃദ്ധമായ ഓണസദ്യയും മലയാളി കൂട്ടായ്മയുടെ ആഘോഷവും എല്ലാംകൊണ്ടും അക്ഷരാർത്ഥത്തിൽ കെസിഎയുടെ ഓണാഘോഷം അതിരില്ലാത്ത വിശ്വവിശാലതയുടെ ചിറകിലേറി.
മനസിൽ നിറയെ ആഹ്ലാദവും എന്നും ഓർത്തുവയ്ക്കാനുള്ള അസുലഭ നിമിഷങ്ങളും സമ്മാനിച്ച ഓണാഘോഷം രാവിലെ 10ന്് കെസിഎ വൈസ് പ്രസിഡന്റ് ജുമോൾ കുഞ്ഞുമോന്റെ നേതൃത്വത്തിൽ കെ സിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ആലീസ് ജയ്സണ്, ആൻസണ് ജയ്സണ് ഒപ്പം ജോബ് കറുകപ്പറന്പിൽ, സിജിൻ ആകശാലയും അലക്സും ചേർന്നു പൂക്കളമിട്ട് ആരംഭിച്ചു.
 ക്യൂൻ എലിസബത്തിന്റെ ദേഹവിയോഗത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു സമ്മേളനത്തിനു മുൻപ് എല്ലാവരുംഎല്ലാവിധ ബഹുമാനത്തോടും കൂടി രണ്ടു മിനിറ്റ് മൗനം ആചരിക്കുകയും. പുഷ്പാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ശേഷം രാജ്ഞിയുടെ ഭരണകാലത്തെ കുറിച്ചുള്ള പ്രബന്ധം പുതുതലമുറയെ പ്രതിനിധാനം ചെയ്ത് കുമാരി. ആൽഫിയ സാജൻ അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് കെസിഎ പ്രസിഡന്റ് സജി വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചെത്തിയ കലാഭവൻ ജോഷി യായിരുന്നു. കെസിഎ സെക്രട്ടറി സോഫി കുര്യാക്കോസ് സ്വാഗതം പറയുകയും. മാതാപിതാക്കളുടെ പ്രതിനിധിയായി എത്തിയ കേരളത്തിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും നിരവധി സംഘടനകളിൽ സുപ്രധാന സ്ഥാനങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന കെ.എ. ചാക്കോച്ചനും കെസിഎ അക്കാദമി കോഡിനേറ്റർ ഗോപകുമാറും ആശംസകൾ അറിയിക്കുകയും കെസിഎ ട്രഷറർ സജി മത്തായി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
തുടർന്ന് ഫുഡ് ഓർഗനൈസിംഗ് കമ്മിറ്റി ബിജു മാത്യുസ്, ടോമി ജോസഫ്, സിജു തോമസ്, ബിജു മാത്യു എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ അക്ഷയ റസ്റ്റോറന്റ് ഒരുക്കിയ ഓണസദ്യ വിഭവസമൃദ്ധി കൊണ്ടും രുചിവൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂർണ സംതൃപ്തി ഏവർക്കും കൈവന്നു.
 പ്രോഗ്രാം കോഡിനേറ്റർ റിന്േറാ റോക്കിയുടെ നേതൃത്വത്തിൽ കൊറിയോഗ്രാഫർ കലാഭവൻ നൈസ് ഒരുക്കിയ കേരളീയ ഫ്യൂഷൻ നൃത്തവിരുന്നിന്റെ അകന്പടിയോടെ വിശിഷ്ടാതിഥി കലാഭവൻ ജോഷി, തന്റെ പ്രസിദ്ധവേഷമായ മഹാബലിയായി അരങ്ങിന്റെ തിരുമറ്റത്തേക്ക് ആഗതനായതോടെ കാണികൾ ഓണാഘോഷാർപ്പാരവങ്ങളോടെ ആ മധുര നിമിഷം എന്നും ഓർമ്മിക്കാവുന്ന മുഹൂർത്തമായി നെഞ്ചോടു ചേർത്തുവച്ചു.
കെസിഎ അക്കാദമി ഡാൻസ് ടീച്ചർ ദർശിക രാജശേഖരം ഒരുക്കിയ കെസിഎ ഡാൻസ് സ്കൂൾ കുട്ടികളുടെ ക്ലാസിക്കൽ നൃത്ത വിസ്മയങ്ങളും കെസിഎ അംഗങ്ങളുടെ സിനിമാറ്റിക് ഡാൻസുകളും മറ്റു കലാപരിപാടികളും വ്യത്യസ്തത കൊണ്ടും കലാമൂല്യം കൊണ്ടും ആസ്വാദകഹൃദയങ്ങളെ കീഴടക്കി.അനിൽ പുതുശേരിയുടെ നേതൃത്വത്തിൽ വോയിസ് ഓഫ് കെസിഎ അംഗങ്ങൾ ഒരുക്കിയ സംഗീത പരിപാടികൾ ആഘോഷ പരിപാടികൾക്ക് അതിമധുരമേകി.
പിആർഒ റണ്സ്മോൻ അബ്രഹം മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രിക ഗൗരിയമ്മ, മിനി ജെയിംസ്, സൈജു മാത്യു, നിഷ മാർട്ടിൻ, സുധീഷ് തോമസ്, സോക്രട്ടീസ് കുടിയിരിക്കൽ, രാഹുൽ മനോഹരൻ, വിഷ്ണു പുഷ്ക്കരൻ, സനിമോൻ നായർ, സൈബിൻ സിറിയക് എന്നിവർക്കൊപ്പം കെസിഎയുടെ ലൈഫ് മെന്പർമാരായ ബിനോയ് ചാക്കോ, സാബു എബ്രഹാം, നൈജോ, കുഞ്ഞുമോൻ തുടങ്ങിയവരും ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു.
|