• Logo

Allied Publications

Americas
21 വർഷത്തെ നിയോഗം; ഇല്ലായ്മകളുടെ കാലം: മാർ ജേക്കബ് അങ്ങാടിയത്ത് മനസ് തുറക്കുന്നു
Share
ഷിക്കാഗോ സെന്‍റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിനെ പോലെ ആയിരുന്നു മറ്റു മെത്രാന്മാർ എങ്കിൽ കേരളത്തിൽ കത്തോലിക്ക സഭയിൽ ഒരു തർക്കമോ ഭിന്നതയെ ഉണ്ടാവുമായിരുന്നില്ല. അതിപ്രഗത്ഭരും മഹാപണ്ഡിതരുമൊക്കെ ബിഷപ്പുമാരുടെ കസേരയിൽ ഇരിക്കുമ്പോൾ തോന്നുന്നത് അവരൊന്നുമല്ല ബിഷപ്പാകേണ്ടതെന്നാണ്. ഭക്തിയും വിശ്വാസവും കാരുണ്യവുമുള്ള സാധുക്കളായ ആചാര്യന്മാരാണ് ഈ കാലഘട്ടത്തിനു ആവശ്യംഉദാഹരണം മാർ അങ്ങാടിയത്ത് തന്നെ.

ഇരുപത്തതൊന്നു വർഷത്തെ നിയോഗം പൂർത്തയാക്കി രൂപതാധ്യക്ഷൻ എന്ന പദവിയിൽ നിന്ന് വിരമിക്കുമ്പോൾ മാർ അങ്ങാടിയത്തിനു തികഞ്ഞ സംതൃപ്തി. ധാരാളമായി ലഭിച്ച ദൈവ കാരുണ്യത്തിനു നന്ദി. രണ്ട് പള്ളികളുമായി തുടങ്ങിയ രൂപത പടർന്ന് പന്തലിച്ചു നിരവധി പള്ളികളും മിഷനുകളും വിശ്വാസികളുമായി അമേരിക്കയാകെ വ്യാപിച്ചു കിടക്കുന്നു.

കടന്നു വന്ന ഇല്ലായ്മകളുടെ കാലവും സഭ നേരിടുന്ന പ്രതിസന്ധിയും ഭാവിയിലേക്കുള്ള പ്രതീക്ഷകളുമൊക്കെ അദ്ദേഹം സുദീര്ഘമായ അഭിമുഖത്തിൽ എടുത്തുകാട്ടി.

അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ.

ചോദ്യം: പിതാവിനു 75 വയസ് ആയെങ്കിലും അതിന്‍റെ ഒരു ആലസ്യവും കാണുന്നില്ല. പിന്നെ തിരക്കിട്ടു റിട്ടയർ ചെയ്യേണ്ട ആവശ്യമുണ്ടോ?

ബിഷപ്പുമാർ 75 വയസാകുമ്പോൾ റിട്ടയർ ചെയ്യാൻ അപേക്ഷ കൊടുക്കണം. എനിക്കിപ്പോൾ 77 വയസായി. രണ്ടുകൊല്ലം എടുത്തു ജോയി പിതാവിനെ പുതിയ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള കൽപ്പന കിട്ടാനായി. കോവിഡ് ആയിരുന്നിരിക്കണം കാരണം. ഇക്കാര്യത്തിൽ നമ്മുടെ ഇഷ്ടമോ ചോയിസോ ഇല്ല. വിരമിക്കുന്നതിൽ സന്തോഷമേയുള്ളു. രണ്ടുകൊല്ലം കൂടുതലായി കിട്ടുകയും ചെയ്തു.

ചോദ്യം: ഈ തീരുമാനം വരുന്നത് വത്തിക്കാനിൽ നിന്നാണോ അതോ സിനഡിൽ നിന്നാണോ ?

ഫൈനൽ ഡിസിഷൻ വരുന്നത് റോമിൽ നിന്നാണ്. നമ്മുടെ രൂപത റോമിന് നേരിട്ട് കീഴിലാണ്. ഇന്ത്യക്കു പുറത്തുള്ള രൂപതകളൊക്കെ റോമിന് കീഴിലാണ്. ബ്രിട്ടനിലും കാനഡയിലും ഓസ്‌ട്രേലിയയിലുമൊക്കെയുള്ള രൂപതാകളും ഇങ്ങനെ തന്നെ.

ചോദ്യം: സ്ഥാനം ഒഴിഞ്ഞു കഴിഞ്ഞാൽ അടുത്തതായി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?

സ്ഥാനമൊഴിഞ്ഞു കഴിഞ്ഞാലും ഞാൻ മെത്രാനായി തുടരും. ആരെങ്കിലും വിളിച്ച് ഔദ്യോഗികമായി ശുശ്രൂഷ ചെയ്യാൻ ആവശ്യപ്പെട്ടാൽ ചെയ്തു കൊടുക്കും. അതിനൊന്നും തടസമില്ല. ഇപ്പോൾ ഉദ്ദേശിക്കുന്നത് ചിക്കാഗോയിൽ തന്നെ തുടരാനാണ് .

ചോദ്യം: ഇവിടെ എന്നുപറഞ്ഞാൽ എവിടെയായിരിക്കും എന്ന് തീരുമാനിച്ചോ?

ചിക്കാഗോയിൽ തന്നെ ബിഷപ്പ് ഹൌസിനോടനുബന്ധിച്ച് അച്ഛന്മാർക്കും സെമിനാരിക്കാർക്കും താമസിക്കാൻ പറ്റിയ ഒരു വീട് പണിതിട്ടുണ്ട്. എനിക്കു അവിടെ ഒരു മുറി ഉണ്ട് . അവിടെ താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്

ചോദ്യം: ഷിക്കാഗോ രൂപത വരുമ്പോൾ എല്ലാവർക്കും വലിയ എതിർപ്പുണ്ടായിരുന്നു പക്ഷേ ഇപ്പോൾ എല്ലാവർക്കും സന്തോഷം ആണ്. ആ മാറ്റം എങ്ങനെയാണ് വന്നത്. അതിൽ പിതാവിൻറെ പങ്കെന്താണ് ?

രൂപതയുടെ സാധ്യത അന്വേഷണത്തിനായി കമ്മീഷൻ ആയി രാജ്കോട്ട് ബിഷപ്പ് ഗ്രിഗറി കരോട്ടെബ്രെൽ പിതാവ് 1996ലാണ് നിയമിക്കപ്പെട്ടത്. അന്ന് പിതാവ് എല്ലായിടത്തും പോയി ആളുകളെ കണ്ടു .ഒരുപാട് സ്ഥലത്ത് നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു. എങ്കിലും രൂപതയാകാൻ വേണ്ടത്ര ആളുകൾ ഉണ്ട് എന്നുള്ള റിപ്പോർട്ട് റോമിനു പോയി. അതുകൂടാതെ മേജർ ആർച്ച് ബിഷപ്പ് ആയിരുന്ന വർക്കി വിതയത്തിൽ പിതാവും റോമിന് റിപ്പോർട്ട് നൽകി.

അതിൻറെ വെളിച്ചത്തിലാണ് 2001 ൽ രൂപത സ്ഥാപിതമായത് . രൂപത വരുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നിരിക്കാം. പക്ഷെ രൂപത വന്നശേഷം എനിക്ക് എതിർപ്പൊന്നും നേരിടേണ്ടി വന്നിട്ടില്ല . അമേരിക്ക മുഴുവൻ ആണ് രൂപതയുടെ പരിധി. ഞാൻ സാവകാശം എല്ലായിടത്തും ഉത്തരവനുസരിച്ച് പോവുകയും ആളുകളുമായി ബന്ധപ്പെടുകയും ചെയ്തു. എതിർപ്പുകൾ കാര്യമായി ഒന്നും ഉണ്ടായില്ല.

മെത്രാനായിട്ട് 21 വർഷമായി. മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും എനിക്ക് വന്നിട്ടില്ല. കൂടുതൽ നിർബന്ധങ്ങൾ ഒന്നും ഞാൻ വച്ചില്ല. ഇങ്ങനെ ചെയ്തേ പറ്റു എന്ന് ഒന്നിലും കടുംപിടുത്തം പിടിച്ചതുമില്ല. നമ്മുടേതായ ഒരു പാരമ്പര്യം ഉണ്ട്.

ചോദ്യം: 21 വർഷത്തെ സേവനം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ പിതാവിന് എന്ത് തോന്നുന്നു ? ചെയ്യാൻ കഴിയാവുന്ന എല്ലാ കാര്യവും ചെയ്തുവെന്ന് കരുതുന്നുണ്ടോ ?

തീർച്ചയായിട്ടും. ഞാൻ പ്രതീക്ഷിച്ചതിലും ഒത്തിരി അധികം. രൂപത എങ്ങനെയാണ് തുടങ്ങുന്നത് എന്ന് അറിയില്ല, എങ്ങനെ പോകണമെന്ന് അറിയില്ല. കാരണം അച്ചന്മാർ അധികമില്ല. സാമ്പത്തികമില്ല. 'ഇല്ല' എന്ന വാക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിശ്വാസികൾ മാത്രം അവിടെയും ഇവിടെയുമൊക്കെ ഉണ്ടായിരുന്നു. കർത്താവിനോട് പ്രാർത്ഥിച്ചു. ആ രീതിയിൽ അച്ചന്മാരോട് പറയുകയും ചെയ്തു.

അച്ചന്മാർ ഉത്സാഹിച്ചു. അങ്ങനെയാണ് ഇത്രയൊക്കെ ചെയ്യാൻ പറ്റിയത്. അല്ലാതെ എന്റെ മിടുക്കോ കഴിവോ കൊണ്ടല്ല. ഞാൻ അവകാശപ്പെടുന്നുമില്ല . ദൈവാനുഗ്രഹം ഉണ്ടായി. എല്ലാവരും പ്രാർത്ഥിച്ചു. അച്ചന്മാർ ആണെങ്കിലും സിസ്റ്റേഴ്സ് ആണെങ്കിലും എല്ലാവരും സഹകരിച്ചു

പിന്നെ സാമ്പത്തികം പെട്ടെന്ന് നമുക്ക് ഉണ്ടാക്കാൻ പറ്റില്ലല്ലോ. അതിനാൽ മിഷൻ ആയിട്ട് തുടങ്ങി. പിന്നെ പള്ളിയായി ഉയർത്തികൊണ്ട് വരികയാണ് ചെയ്തത് . നിർബന്ധിത പിരിവിനൊന്നും പോകാതെ ജനങ്ങളുടെ സൻമനസിനെ ആശ്രയിച്ചു. ആവശ്യങ്ങൾ അറിയിച്ചു. ആളുകൾക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളു.

തുടക്കത്തിൽ രണ്ടു പള്ളികളെ ഉള്ളു. ഒന്ന് ഡാലസിൽ. അവിടെ പള്ളി തുടങ്ങാൻ കാരണമുണ്ട്. 1989 ൽ ക്രിസ്മസ് വന്നപ്പോൾ അവിടെ ഒരു ഇംഗ്ലീഷ് പള്ളിയുടെ ബേസ്മെന്‍റിൽ ആണ് കുർബാന ചൊല്ലുന്നത്.

ഡാളസിൽ നല്ല തണുപ്പായിരുന്നു. ബേസ്മെന്‍റിൽ വെള്ളം. അങ്ങോട്ട് കയറാൻ നിവൃത്തിയില്ല. പാസ്റ്ററോട് ചോദിച്ചു. പക്ഷെ അദ്ദേഹം പള്ളിക്കുള്ളിൽ കയറ്റില്ല. അവരുടെ കുർബാനക്കുള്ള ഒരുക്കം ആണ് അവിടെ. പകരം സ്‌കൂളിന്റെ ചെറിയ കഫ്റ്റീരിയ ഉപയോഗിച്ചോളാൻ പറഞ്ഞു. വേറെ മാർഗമൊന്നുമില്ല. അതുകൊണ്ട് എല്ലാരും കൂടി അവിടെ എത്തി. അതൊരു ചെറിയ കഫ്റ്റീരിയ ആണ്. ബെഞ്ചും ഡെസ്കും ഒന്നും അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ പറ്റില്ല. എല്ലാ ഫിക്സഡ് ആണ്. ആളുകൾ പലർക്കും നിൽക്കേണ്ടി വന്നു.

ശരിക്കുള്ള ക്രിസ്മസ് ആണ് ഇതെന്ന് അന്നത്തെ പ്രസംഗത്തിൽ ഞാൻ പറഞ്ഞു. ഒരിടത്തും സ്ഥലം കിട്ടാതെ പുൽകൂട്ടിലാണ് യേശു പിറന്നത്. അത് പോലെ നമുക്കും ഒരു സ്ഥലവും കിട്ടിയില്ല. സ്വന്തം പള്ളി ഇല്ലാത്തത് കൊണ്ട് ഈയൊരു ബുദ്ധിമുട്ട് വന്നു . ഇനി എന്താണ് ചെയ്യേണ്ടത് എന്നത് നമുക്ക് യേശുവിനോട് തന്നെ പറഞ്ഞു പ്രാർത്ഥിക്കാം എന്ന് പറഞ്ഞു .

പിന്ന പൊതുയോഗം കൂടിയപ്പോൾ അവർ തന്നെ പറഞ്ഞു നമുക്ക് സ്വന്തം ഒരു സ്ഥലം വേണം . അങ്ങനെയാണ് സ്വന്തം പള്ളി എന്ന ആശയം അവർ തന്നെ കൊണ്ട് വന്നതാണ് . മൂന്നു വർഷം കഴിഞ്ഞപ്പോഴാണ് ഡാലസിലെ ആദ്യത്തെ പള്ളി വാങ്ങിച്ചത്.

അതിനു മുമ്പായി ഷിക്കാഗോയിൽ പള്ളി വന്നു. അന്നത്തെ കർദിനാൾ വഴി പള്ളി കിട്ടാൻ ഇടയായത് കുര്യാളശേരി അച്ഛന്റെ ശ്രമഫലമായാണ്. അത് 87 88 ലാണ്.

തൊണ്ണൂറുകളുടെ അവസാനം എനിക്ക് ഡാളസിൽ നിന്ന് ചിക്കാഗോയിലേക്കു സ്ഥലം മാറ്റം കിട്ടി. രൂപത വന്നപ്പോൾ എവിടെയൊക്കെയാണ് മലയാളം കുർബാന ഉണ്ടായിരുന്നതെന്ന് അന്വേഷിച്ചു കണ്ടുപിടിച്ചു. അച്ചന്മാരെ ഡയറക്ടർമാരായി നിയമിച്ചു. എതിർപ്പ് വരാത്ത രീതിയിൽ മാത്രമായിരുന്നു പ്രവർത്തനം. മാറി നിന്നവരും നിൽക്കുന്നവരും ചുരുക്കമായി എല്ലാ സ്ഥലത്തും ഉണ്ട് .

ചോദ്യം: പിതാവ് എങ്ങനെയാണ് അമേരിക്കയിൽ വരുന്നത്? അമേരിക്കയിൽ വരാൻ എന്താണ് കാരണം?

അമേരിക്കയിൽ വരുമെന്ന് കരുതിയതേയല്ല. ആഗ്രഹിച്ചതുമല്ല. ഡാലസിൽ എൺപതുകളിൽ പത്ത് മുപ്പത് മലയാളി കത്തോലിക്കാ കുടുംബങ്ങൾ ഉണ്ട് . ഒരു അച്ചനെ നാട്ടിൽ നിന്ന് വരുത്തിയാൽ കൊള്ളാം എന്നൊരു ആശയം അവരുടെ മനസ്സിൽ വന്നു . അവർ അന്ന് ഡാളസിലെ ബിഷപ്പിന് അപേക്ഷ അയച്ചു . ലാറ്റിൻ ബിഷപ്പ് അല്ലെ. അദ്ദേഹത്തിന് ഒരു പരിചയവുമില്ല. അദ്ദേഹം പറഞ്ഞു എനിക്ക് നിങ്ങളുടെ സഭയെപറ്റി ഒന്നും അറിയില്ല, മെത്രാന്മാരെ ആരെയും അറിയില്ല . എനിക്ക് കൂടുതൽ ഒന്നും ചെയ്യാൻ ആകില്ല. നിങ്ങളുടെ ബിഷപ്പുമാർക്ക് ആർക്കെങ്കിലും എഴുതു. ഏതെങ്കിലും അച്ചനെ ഇങ്ങോട്ട് വിടാമെന്ന് സമ്മതിക്കുകയാണെങ്കിൽ ബാക്കി താമസത്തിനും മറ്റുമുള്ള സൗകര്യങ്ങൾ ഞാൻ ഇവിടെ ചെയ്യാം എന്ന് പറഞ്ഞു .

അങ്ങനെ ഒരു ഉറപ്പ് കിട്ടിയപ്പോൾ അവർ നാട്ടിൽ എല്ലാ ബിഷപ്പുമാർക്കും കത്തയച്ചു. പാലായിലെ പിതാവാണ് മറുപടി അയച്ചത് . ഞാൻ അന്ന് പാലാ രൂപതയിൽ മൈനർ സെമിനാരിയിൽ പഠിപ്പിക്കുകയാണ് . ഒരു ദിവസം പിതാവ് എന്നെ വിളിച്ച ശേഷം അച്ചന് പോകാൻ പറ്റുമോ എന്ന് ചോദിച്ചു . അമേരിക്ക എന്നത് സ്വപ്നം പോലും കണ്ടിട്ടില്ല. ആകെ സോഷ്യൽ സ്റ്റഡീസിൽ നയാഗ്ര വെള്ളച്ചാട്ടത്തെ പറ്റി പഠിച്ചിട്ടുണ്ടെന്നു മാത്രം . വേറെ ഒന്നും കേട്ടിട്ടുമില്ല, അറിയുകയുമില്ല

ഞാൻ പിതാവിനോട് പറഞ്ഞു, ഞാൻ പോകണമെന്നും പറയുന്നില്ല, പോകണ്ട എന്നും പറയുന്നില്ല. പിതാവ് പറഞ്ഞാൽ വേണമെങ്കിൽ പോകാം, അത്രേയുള്ളു . അങ്ങനെ പാസ്‌പോർട്ടിന് അപേക്ഷിച്ചു. പിന്നെ വിസ. ഡാളസിലെ ബിഷപ്പ് വഴി എല്ലാം ശരിയാക്കി. ഞാൻ അതിലൊന്നും ഇടപെടേണ്ടി വന്നിട്ടില്ല . അങ്ങനെ 1984 മാർച്ചിലാണ് ഞാൻ എത്തുന്നത് . ഡാളസിലെ പള്ളിയിൽ അസിസ്റ്റന്റ് ആയി നിയമിച്ചു താമസ സൗകര്യവും നൽകി. അങ്ങനെയാണ് തുടക്കം .

ചോദ്യം: പിതാവിന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ അമേരിക്കയിൽ വന്നത് ഒരു നിയോഗം ആയിരുന്നു എന്ന് ?

ഇപ്പോൾ പുറകോട്ട് നോക്കുമ്പോൾ അങ്ങനെ ഒരു അവസരം ഒരു ചരിത്ര സംഭവം തന്നെയായി. അത് വരെ ഇവിടെ സീറോ മലബാറിന്റെ പേരിൽ ഒരു മിഷൻ തുടങ്ങാൻ മാതൃസഭയിലും ആരും ചിന്തിച്ചിട്ടില്ല. അതിനുള്ള യാതൊരു നീക്കവും നടത്തിയിട്ടില്ല . ഡാലസിൽ ഉണ്ടായിരുന്നത് കേരളാ കാത്തലിക് അസോസിയേഷൻ ആയിരുന്നു . അതിൽ ലത്തീൻ, ക്നാനായ, മലങ്കര അങ്ങനെ എല്ലാവരും ഉണ്ട് . ഒരു കൊല്ലം അങ്ങനെ പോയി എല്ലാവരെയും പരിചയപ്പെട്ടു .

പക്ഷെ അങ്ങനെ പോകാൻ സഭാപരമായി സാധിക്കില്ല . ഒന്നുകിൽ സീറോ മലബാർ ആയിരിക്കണം അല്ലെങ്കിൽ മലങ്കര ആയിരിക്കണം, അല്ലെങ്കിൽ ലത്തീൻ ആയിരിക്കണം . അല്ലാതെ കേരളാ കാത്തലിക് അസോസോയിയേഷൻ എന്ന പേരിൽ പോകാൻ പറ്റില്ല . അത് പറഞ്ഞു ഉറപ്പിക്കേണ്ടി വന്നു. അതിന്റെ പേരിൽ ആദ്യ കാലത്ത് കുറച്ചു എതിർപ്പ് ഉണ്ടാകുകയും ചെയ്തു . പിതാവും (മാർ വർക്കി വിതയത്തിൽ) പറഞ്ഞു സഭാ പരമായി പോകുക തന്നെ വേണം, അസോസിയേഷൻ പോരാ എന്ന്. അങ്ങനെ അത് സീറോ മലബാർ കമ്യുണിറ്റി എന്ന പേരിലേക്ക് ആക്കി . അവിടത്തെ അന്നത്തെ ബിഷപ്പിന്റെയും സഹായത്തോടെ വളർത്തി എടുത്തതാണ് . ഞാൻ അന്നു പറഞ്ഞു സഭയുടെ ചട്ടക്കൂടിലേ ഇനി പോകാൻ പറ്റുകയുള്ളു. അതിൽ ലത്തീൻകാരും മലങ്കരക്കാരും ഉണ്ടായിരുന്നു . അവർ ഒക്കെ ഒന്നിച്ചു നിന്നു . പിന്നെ മലങ്കരക്കാർ വേറെ പോയി . പിന്നെ ക്നാനാനായക്കാരും വേറെ മിഷൻ രൂപീകരിച്ചു . ഏതാനും ലത്തീൻ കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. അവർ ഒന്നും ആവശ്യപ്പെട്ടതുമില്ല.

ചോദ്യം: ന്യുയോർക്കിൽ ഒക്കെ ആണല്ലോ കൂടുതൽ കത്തോലിക്കർ ഉള്ളത്. എന്നിട്ട് ഡാലസിൽ ആണല്ലോ മിഷൻ തുടങ്ങിയത്.

ഡാളസിലെ ആൾക്കാർ അങ്ങനൊരു താല്പര്യം എടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് . ന്യുയോർക്കിൽ ആരും അങ്ങനെ താല്പര്യം എടുത്തില്ല. ന്യു യോർക്കിൽ ഇന്ത്യാ കാത്തലിക്ക് അസോസിയേഷൻ ഉണ്ടായിരുന്നു. . എല്ലാവരും അതിൽ ഉണ്ടായിരുന്നു . അവർ തന്നെ എല്ലാ സ്ഥലത്തും കുർബാന ഏർപ്പാടാക്കി .

ഒരു സഭയുടെയും പ്രത്യേക പേര് പറഞ്ഞു കൊണ്ടല്ല . അസോസിയേഷൻ ആയത് കൊണ്ട് ക്രമേണ മത്സരവും കേസും ഒക്കെയായി. ഇപ്പോഴും സംഘടന പേരിനുണ്ട്. പക്ഷെ ഇപ്പൊൾ അതിന്റെ പ്രസക്തി മാറി. ഇപ്പോൾ എല്ലാവര്ക്കും പള്ളികൾ ആയി . മലങ്കരക്കാർക്കും ക്നാനായക്കാർക്കും പള്ളിയുണ്ട്. ലത്തീന്കാർ പള്ളിയൊന്നും തുടങ്ങിയിട്ടില്ല. എങ്കിലും കമ്യുണിറ്റി ഉണ്ട് . ഇപ്പോൾ പേരിനു മാത്രം അസോസിയേഷൻ ഉണ്ട് എന്ന് എനിക്കറിയാം. വലിയ പരിപാടികൾ ഒന്നുമില്ല .

ചോദ്യം: ഇപ്പോൾ പിതാവ് റിട്ടയർ ചെയ്യുന്നു , ജോയ് പിതാവ് സ്ഥാനം ഏൽക്കുന്നു താമസിയാതെ ഒരു സഹായ മെത്രാനെ നമുക്ക് പ്രതീക്ഷിക്കാമോ ?

പ്രതീക്ഷിക്കാവുന്നതാണ്. അതിന് അതിന്റേതായ ഒരു സമയം എടുക്കും . പെട്ടെന്ന് ഉണ്ടാകില്ല

ചോദ്യം: അതിൽ ക്നാനായ കമ്യുണിറ്റിക്ക് ഒരു പ്രാതിനിധ്യം ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ ?

സാധ്യതയുണ്ട്

ചോദ്യം: ക്നാനായ കമ്യുണിറ്റി ഇങ്ങനെ മാറി നിൽക്കുന്നത് ഒരു പ്രശ്നമാണോ ?

അവർക്ക് അവരുടേതായ പാരമ്പര്യങ്ങൾ ഉണ്ട്. അത് അറിയാം. അത് സഭ അംഗീകരിച്ചതുമാണ് . പൊതുവെ എല്ലായിടത്തും അവരുടേതായ പ്രശ്നങ്ങൾ ഉണ്ട് . അത് എനിക്ക് പരിഹരിക്കാൻ പറ്റുന്നതല്ല . അവരോടും ഞാൻ പറഞ്ഞിട്ടുണ്ട്‌ എന്റെ പരിധിയിൽ ഉള്ള കാര്യങ്ങളെ എനിക്ക് ചെയ്യാൻ പറ്റു. റോമിൽ നിന്ന് എടുക്കേണ്ട തീരുമാനങ്ങൾക്ക് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല . ഇപ്പോഴും ചിലർ സഹകരിക്കുന്നില്ല. അത് എന്റെ കുഴപ്പം കൊണ്ടല്ല .

ചോദ്യം: പുതിയ തലമുറയെ പറ്റി എന്താണ് അഭിപ്രായം , അവർ നമ്മുടെ പള്ളിയും കുർബാനയും ഒക്കെ ആയി സഹകരിച്ചു പോകുമോ ? ഒരു നൂറു വർഷം കഴിയുമ്പോൾ രൂപതയുടെ സ്ഥിതി എന്തായിരിക്കും ?

സഭ എന്ന പറഞ്ഞാൽ കർത്താവിന്റെ സഭയാണ് . നമ്മുടെ ആരുടേയും അല്ല. ഇതെല്ലാം തമ്പുരാന്റെ പ്ലാനിൽ വരുന്ന കാര്യങ്ങളാണ്. നൂറു വര്ഷം കഴിയുമ്പോൾ, നമ്മൾ ആരും ഉണ്ടാവില്ല. അന്ന് എന്തായിരിക്കുമെന്ന് തമ്പുരാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ നാം വിഷമിക്കേണ്ടതില്ല.

പുതിയ തലമുറയുടെ കാര്യത്തിൽ നമുക്ക് ഉത്തരവാദിത്തമുണ്ട്. അവർക്ക് നമ്മുടെ പാരമ്പര്യങ്ങൾ ഒക്കെ മനസിലാക്കി കൊടുത്തു നമ്മുടെ കൂടെ നിർത്തണം. അത് അത്ര എളുപ്പം ഉള്ള കാര്യമല്ല . അതിന് ശരിക്കും പ്രാർത്ഥിച്ചു കൊണ്ട് പണിയെടുത്താലേ നടക്കു. ഇവിടെ ഓപ്പൺ കൾച്ചറാണ് . നാട്ടിലെ പോലെയല്ല . അതിനാൽ മാതാപിതാക്കളുടെ സഹകരണം വേണം. ഇപ്പോൾ ഉള്ളത് പോരാ . പലരും ഇംഗ്ലീഷ് പള്ളികളിലൊക്കെ പോകും. ക്രിസ്മസിനും മറ്റും നമ്മുടെ പള്ളികളിൽ വരും. ആ രീതി മാറണം. നമ്മുടെ പള്ളി, നമ്മുടെ കുർബാന എന്ന ഒരു ശീലം മാതാപിതാക്കൾ തന്നെ പാലിക്കണം. എന്നാലേ പുതിയ തലമുറയെ കൂടി നിർത്താൻ കഴിയൂ .

ഇവിടെ ജനിച്ചു വളർന്ന അച്ചന്മാർ ഉണ്ടല്ലോ. ഇപ്പോൾ അവരിൽ ഒരാളെ (ഫാ. കെവിൻ) യൂത്തിന്റെ കാര്യങ്ങൾക്കായി മാത്രം നിർത്തിയിയ്ക്കുകയാണ് . കൂടുതൽ യംഗ് അഡൽട്ട്സിനെ പള്ളിയിലേക്ക് കൊണ്ട് വരാൻ നോക്കണം .ശ്രമിക്കുന്നുണ്ട് . നമ്മുടെ പള്ളിയിൽ വരാത്ത, കല്യാണം കഴിച്ചതും അല്ലാത്തതുമായ യുവ ഫാമിലികളെ പള്ളികളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ അത്ര എളുപ്പമല്ല. ഇംഗ്ലീഷ് പള്ളികളിൽ ആര് ചെന്നാലും അവർക്ക് അംഗത്വം കിട്ടും. നാട്ടിൽ ഇടവകയിൽ നിന്നുള്ള കത്ത് ഇല്ലാതെ അംഗത്വം കിട്ടില്ല.

ചോദ്യം: നമ്മുടെ രൂപത അമേരിക്ക ഒട്ടാകെയാണ്. ജ്യോഗ്രഫിക്കൽ ആയിട്ട് അത് വലിയ ബുദ്ധിമുട്ട് അല്ലെ. ഓർത്തഡോക്സ്കാർക്ക് രണ്ടു രൂപതയുണ്ട് അത് പോലെ നമുക്കും രണ്ടു രൂപത ആക്കിക്കൂടെ ?

അതിനെപറ്റി ചിന്തിക്കാവുന്നതാണ് . ജോയി പിതാവ് ഒക്കെ കൂടുതൽ താൽപര്യം എടുത്താൽ അത് പറ്റും. മാറോനൈറ്റിന് രണ്ട് രൂപതയുണ്ട്. യുക്രയിൻകാർക്ക് നാല് രൂപതയുണ്ട്. നമുക്ക് 75000ൽ കൂടുതൽ അംഗങ്ങൾ ഉണ്ട് ലിസ്റ്റിൽ. അപ്പോൾ രണ്ടാക്കുന്നതിൽ തടസ്സമില്ല . അത്രയും വളർന്നിട്ടുണ്ട്. ചിന്തിക്കാവുന്നതാണ് . ഞാൻ അതിലേക്ക് പോയില്ല, അത് കൊണ്ടാണ് ഞാൻ മുൻകൈ എടുക്കാഞ്ഞത് .

ചോദ്യം: സഭ നേരിടുന്ന വെല്ലുവിളികൾ ഉണ്ടല്ലോ, വിശ്വാസം തന്നെ വേണ്ട എന്നതിലേക്ക് ആളുകൾ വരുന്നു . അതേപ്പറ്റി പിതാവ് ചിന്തിച്ചിട്ടുണ്ടോ ? പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസം അങ്ങ് ശോഷിച്ചു കൊണ്ടിരിക്കുന്നു ലോകമാകെ. അത് നമ്മളെ എങ്ങനെ ബാധിക്കുന്നു?

ലോകത്തിന്റേതായ പ്രശ്നങ്ങൾ നമുക്കും ബാധിക്കും. അതിനാൽ കൂടുതൽ ബോധവൽക്കരണം നടത്തണം .
കൂടുതൽ ആൾക്കാർ പള്ളിയിലേക്ക് വരാനും കുർബാനയിൽ പങ്കെടുക്കാനും ബൈബിൾ പഠിക്കാനും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . അമേരിക്കൻസിന്റെയും യൂറോപ്യൻസിന്റെയും ഇടയിൽ തന്നെ പള്ളികളിലെ പങ്കാളിത്തം കുറയുന്നുണ്ട് എന്നത് ശരിയാണ് .

നമ്മുടേത് കുറയാതിരിക്കണമെങ്കിൽ നമ്മൾ പുഷ് ചെയ്ത കൊണ്ട് വരണം .അമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ രീതികൾ പ്രകാരം സഭ ഒരു ബിസിനസ് ടൈപ്പിലേക്ക് അല്ലെങ്കിൽ ഒരു ഓഫീസ് ടൈപ്പിലേക്ക് മാറിയിരിക്കുകയാണ്. അത് കൊണ്ടാണ് ഈ പാളിച്ചകൾ ഒക്കെ പറ്റുന്നത് . ഒരു അൻപത് വര്ഷം മുൻപത്തെ അമേരിക്കയിൽ അച്ചൻമാരോട് ചോദിച്ചാൽ പറയും അവരൊക്കെ ഈസ്റ്റർ സമയത്ത് എല്ലാ വീടുകളിലും ബ്ലസിംഗിന് പോകുമായിരുന്നു എന്ന് . അങ്ങനെ ഒരു പാരമ്പര്യം ഉണ്ടായിരുന്നു . ഇൻ അത് കേട്ടുകേൾവി മാത്രം.

നമ്മുടെ പള്ളികളിൽ നാട്ടിൽ ആയാലും ഇവിടെ ആയാലും എല്ലാവരുടെയും വീടുകളിൽ ഓരോ വർഷത്തിലും എന്തെങ്കിലും ഒക്കെ കാരണങ്ങൾ കൊണ്ട് ഒന്നോ രണ്ടോ പ്രാവശ്യം അച്ചന്മാർക്ക് പോവേണ്ടി വരും . അമേരിക്കൻ പള്ളികളിൽ വീടുകളിലേക്ക് അച്ചന്മാർ പോകുന്നില്ല. മരിച്ചു കഴിഞ്ഞാൽ പള്ളിയിലേക്ക് കൊണ്ട് വരുന്നു എന്നല്ലാതെ വീടുമായിട്ട് വൈദികർക്ക് ഒരു ബന്ധവും ഇല്ല . ഫാമിലിയുമായിട്ട് ബന്ധം വേണം .

നമ്മുടെ ഒരാളെ ഒരു മൂന്ന് ആഴ്ച പള്ളിയിൽ കണ്ടില്ലെങ്കിൽ അച്ചൻ എങ്ങനെയെങ്കിലും അറിയും. അച്ചൻ അവരെ വിളിച്ചു അല്ലെങ്കിൽ അവിടെ പോയി എന്താ പറ്റിയത് എന്ന് അന്വേഷിക്കും . ഇവിടെ തന്നെ ഒരാൾ മരിച്ചു കഴിഞ്ഞാൽ എത്ര തവണ അച്ചൻ വീട്ടിൽ പോകും എന്ന് അറിയുമോ . ഒരു ശനിയാഴ്ച മരിച്ചു അടുത്ത ശനിയാഴ്ച ആയിരിക്കും അടക്കം എന്ന് കൂട്ടിക്കോ.

അതിന്‍റെ ഇടക്ക് ഒരു മൂന്നു പ്രാവശ്യം എങ്കിലും പ്രാർത്ഥനാ യോഗത്തിന് പോകും. പിന്നെ അവരുടെ കൂടെ സെമിത്തേരിയിൽ പോകും . മരിച്ചടക്ക് കഴിഞ്ഞാൽ വീട്ടിൽ പോയി പ്രാർത്ഥിച്ചിട്ട് പോരും . അങ്ങനെ ഫാമിലിയും ആയി ഒരു പാട് തവണ കാണേണ്ടി വരും. അത് അവർക്ക് ശരിക്കും ഒരു ആശ്വാസമാണ് . അവരെ കണ്ടു അവർക്ക് വേണ്ടി പ്രാർത്ഥിച്ചു . ഇത് നമ്മുടെ അച്ചൻ ആന്നെന്ന ഒരു ഫീൽ ആളുകൾക്കും വരും. ഇത് നമ്മുടെ സ്വന്തം ആളുകൾ എന്നൊരു ഫീൽ അച്ചന്മാർക്കും വരും .

അങ്ങനെ ഒരു ബന്ധം എന്നത് അമേരിക്കയിലും യൂറോപ്പിലും നഷ്ടപ്പെടുത്തി കളഞ്ഞു. അച്ഛനും മെത്രാനും ഒക്കെ ചെയ്യണ്ട കാര്യങ്ങളാണ്. മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഞാൻ ഇവിടെ അത് തന്നെയാണ് പറഞ്ഞു കൊടുക്കുന്നത്. കുടുംബങ്ങളിൽ പോകണം. പ്രാർത്ഥനകൾ നടത്തണം. രോഗികളെ ഒക്കെ കാണാൻ പോയാൽ ഞാൻ പ്രാർത്ഥിച്ചോളാം എന്ന പറഞ്ഞിട്ട് പോരരുത്. അവിടെ നിന്ന് പ്രാർത്ഥിച്ചു വേണം വരാൻ. മിക്കവാറും ഇപ്പോൾ അച്ചന്മാർ അങ്ങനെ ചെയ്യുന്നുമുണ്ട് .

ചോദ്യം: ഇപ്പോൾ ഇസ്‌ലാം മതം കേരളത്തിൽ ഒരു പാട് വളർന്നു ലോകം മുഴുവൻ വളരുന്നുണ്ട് . അവരുടെ ജനസംഖ്യ വല്ലാതെ വർദ്ധിക്കുന്നു. നമ്മളെ പോലെ ജനസംഖ്യാ നിയന്ത്രണം ഒന്നുമില്ല . അതേപ്പറ്റി പിതാവ് ചിന്തിച്ചിട്ടുണ്ടോ ? ഇസ്‌ലാം മതം എന്ത് കൊണ്ട് വളരുന്നു, നമ്മൾ എന്ത് കൊണ്ട് തളരുന്നു ?

ഇവിടെ ആണെലും ഇസ്‌ലാം മതം ആണ് കൂടുതൽ വളരുന്നത് എന്ന് റിപ്പോർട്ട് ഉണ്ട്. എന്താണവരെ ആകർഷിക്കുന്നത് എന്ന് ചോദിച്ചാൽ അറിഞ്ഞു കൂടാ. അവർക്ക് അവരുടേതായ വസ്ത്രത്തിൽ ഒക്കെ നിഷ്കർഷകൾ ഉണ്ട് . അതിൽ ചേരുന്നവരും അതൊക്കെ അനുസരിക്കുന്നുമുണ്ട് . ഇത്രയും സ്വാതന്ത്ര്യം ഒക്കെ ഉള്ള അമേരിക്കയിൽ പോലും അതിലേക്ക് ചേരുന്നവർ അത് അനുസരിച്ചു തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതും . എങ്ങനെയാണ് അവർക്ക് അത് സാധിക്കുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല .

കൂടുതൽ ഒന്നും എനിക്ക് അതിനെ പറ്റി പറയാൻ ഇല്ല . രണ്ടു കാര്യങ്ങൾ വഴിയാണ് അവർ വളരുന്നത്. ഒന്ന് അഭയാർത്ഥികൾ വഴി. രണ്ട് കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ഉണ്ടായി . കേരളത്തിൽ അഭയാർത്ഥികൾ ആരുമില്ല. പക്ഷെ കുടുംബങ്ങളിൽ കൂടുതൽ പിള്ളാരുണ്ട് . ഇപ്പോൾ കേരളത്തിൽ കോട്ടയം ജില്ലയും മലപ്പുറം ജില്ലയും വച്ച് നോക്കിയാൽ കോട്ടയം ജില്ലയിൽ നിയോജക മണ്ഡലം ഒക്കെ കുറഞ്ഞു പോകുന്നു . മലപ്പുറം ജില്ലയിൽ കൂടുന്നു . അടുത്ത രണ്ടു ഇലക്ഷൻ കഴിയുമ്പോഴേക്ക് 140 ൽ 72 എം എൽ എ മാർ ആകും എന്ന് പറയുന്നു. ഇപ്പോൾ തന്നെ അവർക്ക് 35 എം എൽ എ മാർ ഉണ്ട് . അവർക്ക് വലത്തും ഇടത്തും ഒക്കെ എം.എൽ.എമാർ ഉണ്ട്. പക്ഷെ അവർക്ക് സമുദായം ആണ് വലുത്. ഇടത് പക്ഷം ആയാലും വലത് പക്ഷം ആയാലും ആ യൂണിറ്റി അവർക്ക് ഉണ്ട് .

നമുക്ക് ഒരു പാർട്ടിയിലും ലീഡേഴ്‌സും ഇല്ല, ആരോടും പറയാനും ഇല്ല .

കുർബാനയെ പറ്റിയുള്ള തർക്കം തന്നെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് . ചെറിയ ചില ഒറ്റപ്പെട്ട സംഭവങ്ങൾക്ക് സഭയെ മൊത്തം മോശം ആക്കുന്ന രീതി ഉണ്ടാക്കുന്ന നെഗറ്റീവ് എഫക്ട് വളരെ വലുതാണ് . അതൊക്കെ നമ്മുടെ സഭയെ തളർത്തി കളയുന്ന കാര്യങ്ങൾ ആണ് .
കുർബാനയെ സംബന്ധിച്ചു തർക്കം ഉണ്ടാവാൻ പാടില്ലാത്തതാണ്. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. അതിനെ ആക്ഷേപിക്കുന്നതിനു പോലും കാരണമാകുന്നു. അച്ഛന്മാർ പോലും അതിനു മുതിരുന്നു. അതൊക്കെ കാണുന്ന യുവതലമുറ എന്തിനു അച്ഛനാകണാം അല്ലെങ്കിൽ കന്യാസ്‍തി ആകണം എന്ന് ചിന്തിച്ചെന്ന് വരും.

ഇസ്‌ലാമിന്റെ കാര്യത്തിൽ നമ്മൾ അസൂയപ്പെട്ടിട്ട് ഒന്നും കാര്യമില്ല. നമ്മൾ അതിനേക്കാൾ നന്നാകാൻ നോക്കുക എന്നതിലാണ് കാര്യം . അവർ ചെയ്യുന്ന പോലെ നമ്മൾക്ക് ചെയ്യാനും പറ്റില്ല. നമ്മൾക്ക് ബൈബിളിന്റെ അടിസ്ഥാനത്തിൽ ക്ഷമിക്കാനും പൊറുക്കാനും ഒക്കെയെ പറ്റു. അവർക്ക് അങ്ങനെയല്ല വാളിന് വാൾ എന്ന നയമാണ്. അത് കൊണ്ട് അവരോട് നേരിട്ട് എതിർക്കാനും പറ്റില്ല . നമ്മുടെ മേൽ കുതിര കയറാൻ എളുപ്പമാണ്. കാരണം നമ്മൾ ക്ഷമിക്കുന്നവരാണ്. അത് നമ്മുടെ ബലഹീനതയല്ല. ദൈവം നമ്മെ കാക്കുക തന്നെ ചെയ്യും.

ചോദ്യം: ജോയ് പിതാവിനെ വർഷങ്ങളുടെ പരിചയം ഉണ്ടല്ലോ , എന്താണ് അഭിപ്രായം?

കാര്യങ്ങൾ ഒക്കെ നല്ല രീതിയിൽ ചെയ്യുന്ന ആളാണ്. എന്റെ കൂടെ ഇത്രയും കാലം ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ല . ഇവിടത്തെ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ് . പേര് പോലെ തന്നെ ജോയ്‌ഫുൾ ആണ്. എല്ലാവരോടും നന്നായി ഇടപെടുന്ന ആളാണ് . അത് ഒക്കണ്ട് തന്നെ പിതാവായിട്ടു വരുന്നതിൽ ഏറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയുന്നുണ്ട് .

ചോദ്യം: പിതാവിന്റെ നാട്ടിലെ കുടുംബം?

ഞങ്ങൾ നാല് പേര് ആയിരുന്നു . എന്റെ നേരെ മൂത്ത ചേട്ടനും മൂത്ത പെങ്ങളും രണ്ടു പേരും മരിച്ചു പോയി . ഏറ്റവും മൂത്ത ചേട്ടനും ചേട്ടത്തിയും ഉണ്ട് . എന്റെ മൂത്ത ചേട്ടൻ എന്റെ പിതാവിന്റെ സ്ഥാനത്താണ്. എന്റെ പിതാവ് ഞാൻ ചെറുതായിരിക്കുമ്പോൾ മരിച്ചു. അപ്പോൾ ചേട്ടന് 1617 വയസ്സേ ഉള്ളു . ആ ചേട്ടൻ ആണ് ഞങ്ങളെ വളർത്തിയത്. ഇപ്പോൾ 93 വയസ്സായി. വീട്ടിൽ തന്നെയാണ് . മൂത്ത ചേട്ടന്റെ ഒരു മകൻ ന്യുയോർക്കിൽ ഉണ്ട്. വേറെ ബന്ധുക്കൾ ആരും ഇവിടെയില്ല . ബാക്കി എല്ലാരും നാട്ടിൽ തന്നെ . പാലാ രൂപതയിലെ പെരിയപ്പുറം ഇടവകയാണ് എന്റെ സ്ഥലം . എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് .

ചോദ്യം: ഇവിടെ ആറ് അച്ചന്മാർ ഇവിടത്തെ യൂത്തിൽ നിന്ന് വന്നു. ഇവിടെ നിന്ന് ഉണ്ടാകുന്ന അച്ചന്മാരും നാട്ടിൽ നിന്ന് വരുന്ന അച്ചന്മാരും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഭാഷയുടെ കാര്യത്തിൽ വ്യത്യാസം ഉണ്ട് . ഇവിടെ നിന്ന് ഉണ്ടാകുന്ന അച്ചന്മാര് ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ ഇവിടത്തെ യുവതലമുറക്ക് തങ്ങളിലൊരാളെ പോലെ തോന്നും . അവർക്ക് പെട്ടെന്ന് അവരുടെ സ്വന്തം എന്ന ഒരു ഫീൽ ഉണ്ടാകും . പക്ഷെ ഇന്ത്യയിൽ നിന്ന് എത്ര കൊച്ചച്ചന്മാർ വന്നാലും എത്ര നന്നായി ഇംഗ്ലീഷ് പഠിച്ചിട്ട് വന്നാലും ഇവിടെ വരുമ്പോഴത്തെക്ക് അത് മംഗ്ലീഷ് ആയി മാറും . ആ രീതിയിൽ അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഒന്നാമത്തെ വ്യത്യാസം അതാണ് .

ഇവിടത്തെ കൾച്ചറുമായിട്ട് ഇവിടത്തുകാർക്ക് പരിചയം ആണല്ലോ. നമ്മൾ ഒക്കെ അത് പഠിച്ചു മനസിലാക്കി വരുന്നതാണ് . ഇവിടത്തെ കൾച്ചറൽ വ്യത്യാസം ഉൾക്കൊള്ളാൻ പലപ്പോഴും സാധിക്കില്ല . ഞാൻ ഇവിടെ വന്നിട്ട് 38 കൊല്ലമായി. എന്നിട്ട് പോലും ഞാൻ ഇവിടത്തുകാരൻ ആണോന്ന് ചോദിച്ചാൽ സിറ്റിസൺഷിപ്പ് ഉണ്ട് എന്നാൽ കൾച്ചർ വച്ചു നോക്കിയാൽ പകുതി ഇവിടത്തുകാരനും പകുതി ഇന്ത്യക്കാരനും ആണ് . ഇവരെ സംബന്ധിച്ചിടത്തോളം അത് സ്വാഭാവികമാണ്. ഇവിടെ വളരുന്ന തലമുറക്ക് ഇവിടത്തെ അച്ഛന്മാർ ആണ് കൂടുതൽ സ്വാധീന ശക്തിയാവുക.

ഏഴുപേർ ഇപ്പോൾ സെമിനാരിയിൽ ഉണ്ട്. അവർ കൂടി വന്നു കഴിഞ്ഞാൽ പിന്നെ നേരത്തെ പറഞ്ഞ പോലെ യുവതലമുറയെ കൂടുതൽ അടുപ്പിക്കുന്നതിനു സഹായിക്കും

ചോദ്യം: വിശ്വാസപരമായി നാട്ടിൽ നിന്ന് വരുന്നവർക്കും ഇവിടെ ഉള്ള അച്ഛന്മാർക്കും എന്താണ് വ്യത്യാസം? ഇവിടെയുള്ളവർ കുറച്ചുകൂടി വിശ്വാസ തീക്ഷ്ണത ഉള്ളവരാണോ ?

അവരൊക്കെ നമ്മുടെ കാര്യങ്ങൾ കൂടുതൽ പഠിച്ചിട്ടുണ്ട് .നമ്മുടെ സഭയുടെ കാര്യങ്ങൾ ആറുപേരോടും സ്വയം പഠിക്കാൻ പറയുകയായിരുന്നു. അക്കാര്യത്തിൽ ശരിക്കും ശ്രദ്ധിച്ചിട്ടുണ്ട്. ലത്തീൻ സെമിനാരികളിലാണ് അവർ പഠിച്ചത്.

ചോദ്യം: കന്യാസ്ത്രീകൾ ഉണ്ടാവുന്നില്ലല്ലോ ഇവിടുന്ന്?

ഉണ്ടാകുന്നുണ്ട്. അഞ്ചാറു പേര് ഇപ്പോൾ താല്പര്യം കാട്ടിയിട്ടുണ്ട്. പക്ഷെ നമുക്ക് വേണ്ട രീതിയിൽ ഫോർമേഷൻ കൊടുക്കുവാൻ പറ്റിയിട്ടില്ല . ഒന്നാമത്തെ കാര്യം ഫോമർമേഷൻ ഹൌസ് ഇവിടില്ല പിള്ളാര് താല്പര്യപ്പെട്ട വരുന്നുണ്ട് . ഫോർമേഷൻ ഇവിടെ കൊടുക്കുന്ന ഒരു സംവിധാനം വന്നാൽ വ്യത്യാസം വരും . അതിനു ശ്രമിക്കുന്നു.

അഭിമുഖംജോർജ് ജോസഫ്

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26