ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ (ഡബ്ല്യൂഎംസി), നോർത്ത് ടെക്സസ് പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ ഗുരുവായൂരപ്പൻ ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു സെപ്റ്റംബർ അഞ്ചിന് രാവിലെ മുതൽ ഓണാഘോഷങ്ങൾ അരങ്ങേറിയത്.
മുഖ്യാതിഥി റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, അമേരിക്ക റീജിയൻ പ്രസിഡന്റ് ജോണ്സണ് തലച്ചെല്ലൂർ, റീജണ്‍ വൈസ് ചെയർപേഴ്സണ്‍ ശാന്താ പിള്ള, പ്രൊവിൻസ് പ്രസിഡന്റ് സുകു വർഗീസ്, ചെയർപേഴ്സണ്‍ ആൻസി തലച്ചെല്ലൂർ, സെക്രട്ടറി സ്മിതാ ജോസഫ്, ട്രഷറർ സിറിൾ ചെറിയാൻ എന്നീ സംഘടനാ ഭാരവാഹികൾ ചേർന്ന് നിലവിളക്കു കൊളുത്തി ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
സുകു വർഗീസ് സ്വാഗതമാശംസിച്ചു. റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ ഓണസന്ദേശം നൽകി. വിശ്വമാനവികതയുടേയും സാഹോദര്യത്തിന്േറയും, സമൃദ്ധിയുടെയും, സമത്വത്തിന്റെയും ഉത്സവമായ ഓണക്കാലം മാവേലിയുടെ ഉദാത്തമായ ഭരണസങ്കൽപ്പത്തിന്റെ ഓർമ്മ പുതുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
 ഡാളസിലെ കലാപ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികളും ഗൃഹാതുരത്വം സമ്മാനിച്ച കലാരൂപങ്ങളും വേദിയിൽ അവതരിക്കപ്പെട്ടു. റിഥം ഓഫ് ഡാളസ്, സോനാ ഇത്താക്കൻ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തപരിപാടികളും, ജോവാനാ ജോണ്‍, എമ്മാ റോബിൻ, കൃഷാ സക്കറിയാ എന്നീ വിദ്യാർഥിനികളുടെ ഗാനാലാപനവും, ഹണി ജിജോയുടെ നേതൃത്വത്തിൽ വേദിയിൽ അവതരിപ്പിക്കപ്പെട്ട തിരുവാതിരകളിയും ശ്രദ്ധേയമായി. താലപ്പൊലിയേന്തി മലയാളിമങ്കമാർ മാവേലിമന്നനെ സദസിലേക്ക് വരവേറ്റു. ഓണപ്പൂക്കളവും, ചെണ്ടമേളവും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി.
ഇരുപത്തഞ്ചു വർഷത്തിലധികമായി ഡബ്ല്യുഎംസിയുടെ സേവനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ളയേയും, അമേരിക്കാ റീജണ്‍ പ്രസിഡന്റ് ജോണ്സണ് തലച്ചെല്ലൂരിനേയും തങ്ങളുടെ നിസ്വാർഥ സേവനങ്ങൾക്ക് പൊന്നാട അണിയിച്ചു ചടങ്ങിൽ ആദരിക്കുകയുണ്ടായി.
 കേരളത്തനിമയിൽ തൂശനിലയിൽ വിളന്പിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചത്. മാവേലിക്കൊപ്പം ’സെൽഫി’ എടുക്കാനും ഇത്തവണ സംഘാടകർ അവസരമൊരുക്കിയിരുന്നു. സജി കൊട്ടടിയിയിൽ മഹാബലിയായി വേഷമണിഞ്ഞു. ജോസഫ് മാത്യു (സിജോ) നന്ദി പ്രകാശനം നടത്തി.
|