ന്യുയോർക്ക്: 35 കുടുംബങ്ങളുടെ പ്രാർഥനാ ഗ്രൂപ്പായി 1995ൽ തുടക്കമിട്ട് സ്വന്തം ദേവാലയത്തിലേക്ക് നയിച്ച ദൈവകൃപക്ക് നന്ദി അർപ്പിച്ചു കൊണ്ട് റോക്ക് ലാൻഡ് ഓറഞ്ച്ബർഗിലെ ബഥനി മാർത്തോമ ഇടവക ഒൗദ്യോഗിമായി ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച മുൻപ് ഭദ്രാസനാധിപൻ റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് കൂദാശ ചെയ്തു ദൈവനാമത്തിൽ സമർപ്പിക്കപ്പെട്ട ദേവാലയത്തിന്റെ ഉദ്ഘാടനം ഒട്ടേറെ വൈദികരുടെയും ജനകീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി.
ഓൾഡ് ഓറഞ്ചബർഗ് റോഡിൽ പണിതീർത്ത ദേവാലയത്തിന്റെ മനോഹാരിതയും പ്രകൃതിരമണീയതയോട് ഇണങ്ങി നിൽക്കുന്ന വാസ്തുവിദ്യയും പങ്കെടുത്തവരുടെ അഭിനന്ദനമേറ്റു വാങ്ങി. ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ത്യാഗനിർഭരമായ സേവനങ്ങളും അനുസ്മരിക്കപ്പെട്ടു.
വികാരി റവ. ജേക്കബ് തോമസ് നയിച്ച പ്രാരംഭ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മെർലിൻ, മെലീസ എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്വയറും ജോണ്‍ മാത്യുവിന്റെ നേതൃത്വത്തിൽ മലയാളം ക്വയറും പ്രാർഥന ഗീതങ്ങളാലപിച്ചു. ജോസ് ജോർജ്, വൈ. ജോർജ്കുട്ടി എന്നിവർ പ്രാർഥന നടത്തി.
പാരിഷിന്റെ ലഘുചരിത്രം ഫിലിപ് വൈദ്യൻ വിവരിച്ചു. 2001 ൽ പാരിഷ് ആയി അന്നത്തെ ഭദ്രാസനാധിപൻ സഖറിയാസ് മാർ തെയോഫിലോസ് അനുമതി നൽകിയ ദേവാലയം ഓറഞ്ച്ബർഗ് സൈക്കിയാട്രിക് സെന്ററിലുള്ള കെട്ടിടത്തിൽ ആരംഭം കുറിച്ചു . എന്നാൽ 2006 ൽ അവിടെ നിന്ന് ഒഴിയാൻ സൈക്കിയാട്രിക്ക് സെന്ററിന്റെ ഉടമാവകാശമുള്ള സ്റ്റേറ്റ് അധികൃതർ ആവശ്യപ്പെട്ടു. തുടർന്നാണ് റെസ്റ്റോറന്റായിരുന്ന ഇപ്പോഴത്തെ സ്ഥലം വാങ്ങിയതും കെട്ടിടം പള്ളിയായി രൂപപ്പെടുത്തിയതും. 2013 മുതൽ അവിടെ പുതിയ ദേവാലയത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 2021 ആയപ്പോഴേക്കും പള്ളി നിർമാണം പൂർത്തിയായായെങ്കിലും കോവിഡ് മൂലം ഉദ്ഘാടനം നീണ്ടു.
ചർച്ച് വൈസ് പ്രസിഡന്റ് സാം ജേക്കബ്, സെക്രട്ടറി ഡോ. സജൻ ഡാനിയൽ എന്നിവരായിരുന്നു ചടങ്ങിൽ എംസിമാർ. വിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള വൈദികരായ റവ. ജോണ്‍ ഡേവിഡ്സണ് ജോണ്സണ് (ഓൾ സെയിന്റ് സി.എസ്.ഐ. ചർച്ച്, വാലി കോട്ടേജ്) റവ. പോൾ രാജൻ (സി.എസ്. ഐ. ക്രൈസ്ട് ചർച്ച്, ടാപ്പൻ) വെരി റവ. ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ (സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, ന്യു സിറ്റി) റവ. അജിത് വർഗീസ് (സെന്റ് ജെയിംസ് മാർത്തോമ ചർച്ച്, ഹിൽബേണ്) ഫാ. എബി പൗലോസ് (സെന്റ് ജോണ്‍സ് ഓർത്തഡോക്സ് ചർച്ച്, ഓറഞ്ച്ബർഗ്) ഫാ. രാജു വർഗീസ് (സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് റോക്ക് ലാൻഡ്, സഫേണ്‍) ഫാ. ബിബി (സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചർച്ച്, ഹാവർസ്റ്റെ) ഫാ. മാത്യു തോമസ് (സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, വാലി കോട്ടേജ്) ഫാ. ആകാശ് പോൾ (സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, വെസ്റ്റ് നയക്ക്) ഫാ. തോമസ് മാത്യു (സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, ടാപ്പൻ) മോണ്‍. അഗസ്റ്റിൻ മംഗലത്തു കോർ എപ്പിസ്കോപ്പ (സെന്റ് പീറ്റേഴ്സ് സീറോ മലങ്കര കാത്തലിക്ക് ചർച്ച്, ബ്ലോവൽട്) ഫാ. എബ്രഹാം വല്ലയിൽ (സെന്റ് കാതറിൻ ചർച്ച്, ബ്ലോവൽറ്റ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പങ്കെടുത്ത വൈദികർക്കും വിശിഷ്ടാതിഥികൾക്കും ചർച്ചിന്റെ വക പ്ലാക്ക് നൽകി ആദരിച്ചു. ചർച്ച് നിർമാണ കമ്മിറ്റി അംഗങ്ങളെയും ചർച്ച് നിർമാണ ചുമതല വഹിച്ച എ.സി.ജെ., അസ്റ്റൽ, ഫെലൻസർ സ്ഥാപന പ്രതിനിധികളെയും ചടങ്ങിൽ പ്ലാക്ക് നൽകി ആദരിച്ചു. മുൻ വികാരിമാർ വീഡിയോ വഴി സന്ദേശങ്ങൾ നൽകുകയും ചർച്ച് പുതിയ കെട്ടിടം നിർമ്മിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.സനിൽ ഡാനിയൽ, ജോസഫ് മാത്യു എന്നിവർ നന്ദി പ്രകാശിപ്പിച്ചു. വികാരി സമാപന പ്രാർഥന നടത്തി.
|