കുവൈറ്റ് സിറ്റി : കേരള എക്സ്പാക്ട്സ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ് (കെഫാക്) ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് മുന്നോടിയായി ലോകകപ്പ് ആവേശത്തിനു തിരികൊളുത്താൻ ലോകകപ്പ് ഫാൻസ് ഫുട്ബോൾ ടൂർണമെന്റും ഇന്റർ കോണ്ടിനെന്റൽ ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിക്കുന്നു.
ജൂലൈ 14, 15 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സറ്റേഡിയത്തിൽ നടക്കുന്ന ഇന്റർ കോണ്ടിനെന്റൽ ടൂർണമെന്റിൽ ഇന്ത്യ, കുവൈറ്റ്, ബംഗ്ലാദേശ്, ഘാന, കെനിയ, മാലി, ഐവറി കോസ്റ്റ്, ഈജിപ്ത് എന്നീ എട്ട് ടീമുകൾ പങ്കെടുക്കും. വ്യാഴാഴ്ച വൈകിട്ട് ഏഴഉ മുതലും വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചു മുതലുമാണ് മത്സരങ്ങൾ നടക്കുക.
ഖത്തർ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെടുത്തി കേഫാക് സംഘടിപ്പിക്കുന്ന ലോകകപ്പ് ഫാൻസ് ടൂർണമെന്റിൽ കെഫാകിലെ പ്രമുഖ താരങ്ങൾ അവരുടെ ഇഷ്ട ടീമുകളുടെ ജേഴ്സിയിൽ കളത്തിലിറങ്ങും. ലോകകപ്പിലെ മുൻനിര ടീമുകളായ അർജന്റീന, ബ്രസീൽ, ജർമനി, ഹോളണ്ട്, ബെൽജിയം, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവർക്കൊപ്പം ആഫ്രിക്കൻ ശക്തികളായ സെനഗലും ഏഷ്യയിൽ നിന്നുള്ള ഖത്തറും അടക്കം പത്ത് രാജ്യങ്ങളുടെ ഫാൻസ് ടീമുകളാണ് മാറ്റുരക്കുന്നത്. ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സറ്റേഡിയത്തിൽ ജൂലൈ 22 വെള്ളി വൈകിട്ട് അഞ്ചു മുതൽ ആണ് മത്സരങ്ങൾ.
സാൽമിയ മെട്രോ സെന്ററിൽ നടന്ന കേഫാക് വാർത്ത സമ്മേളനത്തിൽ ടൂർണമെന്റിന്റെ പ്രധാന സ്പോണ്സർമാരായ മെട്രോ മെഡിക്കൽസ് ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, അൽ അൻസാരി മണി എക്സ്ചേഞ്ച് ബിസിനെസ്സ് ഡെവലപ്മെന്റ് മാനേജർ ശ്രീജിത്ത്, കെഫാക് പ്രസിഡന്റ് ബിജു ജോണി, ജനറൽ സെക്രട്ടറി വി.എസ് നജീബ്, അസിസ്റ്റന്റ് ട്രഷറർ മൻസൂർ, ടൂർണമെന്റ് കോർഡിനേറ്റർ അബാസ്, കെഫാക് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ജെസ്വിൻ, സഹീർ ആലക്കൽ, ബിജു, സുമേഷ്, നാസർ, ഇന്റർ കോണ്ടിനെന്റൽ, ഫാൻസ് ലോകകപ്പ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകളുടെ മാനേജർമാർ എന്നിവർ പങ്കെടുത്തു.
|