ഫിലഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ്(പന്പ) ഫിലഡൽഫിയയിൽ സംഘടിപ്പിച്ച മാതൃദിനാഘോഷം വൻ വിജയമായി. സ്റ്റേറ്റ് റെപ്രെസറ്റിറ്റീവുമാരായ ജാറഡ് സോളമൻ, മാർട്ടീന വൈറ്റ്, റവ. ഫാദർ എം.കെ. കുര്യാക്കോസ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. ഫിലഡൽഫിയയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകൾ പരിപാടിയിൽ പങ്കെടുത്തു.
പന്പ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ അലക്സ് തോമസ് വിശിഷ്ടതിഥികളെ സദസിനു പരിചയപ്പെടുത്തി. റവ. ഫിലിപ്സ് മോടയിൽ, ജോണ് പണിക്കർ, ലൈല മാത്യു, പ്രഫ. ഫിലിപ്പോസ് ചെറിയാൻ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
പരിപാടിയിൽ പങ്കെടുത്ത അമ്മമാരേ പ്രത്യേകം ആദരിക്കുകയുണ്ടായി. അൻസു നെല്ലിക്കാല അമ്മമാരേ ആദരിച്ചു കൊണ്ടുള്ള സന്ദേശം നൽകി.
ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സാജൻ വർഗീസ്, മാപ്പ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ചാണ്ടി, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് ജോബി ജോർജ്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ്് തോമസ് ജോയ്, ഐഒസി ചെയർമാൻ സാബു സ്കറിയ എന്നിവർ ആശംസ പ്രസംഗം നടത്തി.
പന്പയുടെ മുന്നോട്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ സന്നദ്ധത അറിയിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ മുന്നോട്ടു വന്നത് ചരിത്ര വിജയമായി. ആദ്യമായാണ് ഒരു മലയാളീ അസോസിയേഷന് യൂണിവേസിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്നും ഇങ്ങനെ ഒരു പുരസ്കാരം ലഭിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ പ്രസ്താവിച്ചു.
വൃക്ക ദാനം ചെയ്തു സമൂഹത്തിനു മാതൃകയായ സുനിത അനീഷിന് പന്പയുടെ ഈ വർഷത്തെ ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു. ജോണ് ടൈറ്റസ്, ലിനോ സ്കറിയ, ബൈജു സാമുവേൽ എന്നിവരും ചടങ്ങിൽ പ്രത്യേകം ആദരിക്കപ്പെട്ടു. പ്രൊ ഹെൽത്ത് ലീഡേഴ്സ്, ജോസഫ് കുന്നേൽ, ലിനോ തോമസ് പിസി., പോപ്പുലർ ഓട്ടോ സർവീസ്, കുട്ടനാട് സൂപ്പർ മാർക്കറ്റ്, അലക്സ് തോമസ് ന്യൂയോർക്ക് ലൈഫ്, സുധ കർത്താ സിപിഎ, എന്നിവരുടെ പ്രവർത്തനങ്ങളും പരാമർശിക്കപ്പെട്ടു. എഡിറ്റോറിയൽ ബോർഡ് ചെയർ പേഴ്സണ് മോഡി ജേക്കബിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ചു നടത്തപ്പെട്ടു. തോമസ് പോൾ നന്ദി പ്രകാശനം നടത്തി.
അനിത കൃഷ്ണ, സബ് പാന്പാടി, ജെസ്ലിൻ മാത്യു, രാജു പി. ജോണ് എന്നിവരുടെ ഗാനമേളയും, അജി പണിക്കർ ടീം, ഹാന ആന്േറാ പണിക്കർ, അഞ്ജലി വിനു വർഗീസ് എന്നിവരുടെ നൃത്ത ശിൽപ്പവും പരിപാടിക്ക് കൊഴുപ്പേകി. സുമോദ് നെല്ലിക്കാല, റോണി വർഗീസ് എന്നിവർ കലാ പരിപാടികൾ നിയന്ത്രിച്ചു. വി.വി ചെറിയാൻ, രാജൻ സാമുവേൽ, ജോയ് തട്ടാർകുന്നേൽ എന്നിവർ ക്രമീകരങ്ങൾക്കു നേതൃത്വം നൽകി.
|