റോം: കേരള യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ (KEFF) കെഫ് രൂപീകരിച്ചു. കേരള സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാൻ കെഫിന്റെ ഒൗദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ ആശംസകൾ നേർന്നു.
ഇറ്റലി, ഫ്രാൻസ്, ജർമ്മനി, മാൾട്ട, നെതർലാൻഡ്സ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങി ഫുട്ബോളിന്റെ ഈറ്റില്ലമായ എട്ട് യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി ഫുട്ബോൾ കൂട്ടായ്മകൾ ഒത്തുചേർന്നു കേരള ഫുട്ബോളിന്റെ ഉന്നമനത്തിനും യൂറോപ്യൻ മലയാളി ഫുട്ബോൾ പ്രതിഭകളുടെ ഉന്നമനത്തിനും സർവോപരി പ്രവാസി ഫുട്ബോൾ സൗഹൃദ കൂട്ടായ്മയും മുൻ നിർത്തി രൂപീകരിച്ച സംഘടനയാണ് കെഫ്.
കേരള ഭാവി തലമുറയിലെ ഫുട്ബോൾ പ്രതിഭകളുടെ സ്വപ്നങ്ങൾക്കു യൂറോപ്യൻ ഫുട്ബോളിലേക്ക് ഒരു തുറവി, യൂറോപ്പിലെ പ്രവാസി മലയാളി ഫുട്ബോൾ ക്ലബുകൾ വഴി യൂറോപ്പിലെ എല്ലാ മലയാളി ഫുട്ബോൾ ക്ലബുകളുമായി മത്സരിക്കുവാനുള്ള അവസരം, സർവോപരി സ്പോർട്സിനും ഫുട്ബോളിനും പ്രാമുഖ്യം നൽകിയുള്ള സംഘടന നിലവിൽ വരുന്നതോടെ കേരള യൂറോപ്യൻ ഫുട്ബോളിനു ഒരു പുതിയ മാനം കൈവരുമെന്ന പ്രതീക്ഷയിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ. യൂറോപ്പിലെ എട്ട് രാജ്യങ്ങളിലെ മലയാളി ക്ലബുകളിലെ പ്രതിനിധികൾ ചേർന്നാണ് സംഘടന രൂപീകരിച്ചത്.
സാങ്കേതികമായി ലോകനിലവാരത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന യൂറോപ്യൻ ഫുട്ബോളിലേക്ക് കൊച്ചുകേരളത്തിലെ ഫുട്ബോൾ പ്രതിഭകൾക്കുള്ള വാതിൽ സംഘടന തുറന്നിടുമെന്ന് കെഫിന്റെ പ്രസിഡന്റ് മുഹമ്മദ് അബീർ അറിയിച്ചു. പുതുവർഷത്തിൽ വലിയൊരു ശുഭപ്രതീക്ഷയോടെ മുന്നേറാൻ എല്ലാവരേയും പ്രസിഡന്റ് സ്വാഗതം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ, കേരള സർക്കാർ, സംസ്ഥാന സ്പോർട്സ് മന്ത്രി എന്നിവരുമായി കെഫ് പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഫെഡറേഷന്റെ ലോഗോ കായിക മന്ത്രി ഒൗദ്യോഗികമായി പ്രകാശനം ചെയ്തു.
നിലവിൽ 13 അംഗങ്ങളാണ് കെഫിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിലുള്ളത്. മുഹമ്മദ് അബീർ ഇറ്റലി (പ്രസിഡന്റ്), അലൻ ജോയ് ജർമ്മനി (സീനിയർ വൈസ് പ്രസിഡന്റ്), കിരണ്‍ മേനാമഠത്തിൽ ഫ്രാൻസ്(വൈസ് പ്രസിഡന്റ്), വിബിൻ സേവ്യർ മാൾട്ട(ജനറൽ സെക്രട്ടറി), ജോസ് പോൾ ഇറ്റലി (സെക്രട്ടറി), എഡ്വിൻ ആലപ്പാട്ട് ഇറ്റലി, കലേഷ് ഗോപി മാൾട്ട (ട്രഷറർ), അഭിലാഷ് പുരയിൽ നെതർലൻഡ്സ്, ആൽവിൻ ബാബു മാൾട്ട (ഡിസിപ്ളിനറി & അഡ്വൈസറി), എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി ഡിജോ വിൻസെന്റ് ചെക്ക് റിപ്പബ്ലിക്ക്, കിരണ്‍ ജോർജ് ഇറ്റലി, ലിബിൻ ബേബി ഇറ്റലി, വിഷ്ണു പ്രസാദ് പോളണ്ട് എന്നിവരേയും തെരഞ്ഞെടുത്തു.
ജോസ് കുന്പിളുവേലിൽ
|