ലണ്ടൻ: യുകെ മലയാളികൾക്ക് അഭിമാനമായി സ്വന്തമായി പാട്ടെഴുതി പാടി അഭിനയിച്ചു ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയ once me എന്ന ഇംഗ്ലീഷ് ആൽബത്തിന്റെ രചയിതാവും , അഭിനേത്രിയും ഗായികയുമായ ബെഡ്ഫോർഡിലെ ഡെന്ന ആൻ ജോമോനെ തേടി കൂടുതൽ ആംഗീകാരങ്ങളെത്തുന്നു.
റിലീസ് ആയി മൂന്നാഴ്ച തികയും മുൻപേ ഒരു ലക്ഷം ആളുകൾ കണ്ട ഈ വീഡിയോ ആൽബം യു ട്യൂബിന്റെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് ബ്രിട്ടനിലെ എംപിമാരും മന്ത്രിമാരും അടങ്ങുന്ന സംഘം ഡെന്നായെയും കുടുംബത്തെയും പാർലമെന്റിൽ സാംസ്കാരിക പരിപാടികൾ നടക്കുന്ന ഹാളിൽ വിളിച്ചു വരുത്തി മൊമെന്റോ നൽകി ആദരിച്ചത്.
ലോർഡ്, വാജിത് ഖാൻ (ബേണ്‍ലി), മുഹമ്മദ് യാസിൻ എംപി, (ബെഡ്ഫോർഡ്), വിരേന്ദ്ര ശർമ്മ എംപി .( സൗത്താൾ ), പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി സാറാ സുൽത്താന എംപി(കൊവെൻട്രി), താൻ മഞ്ജീത് സിംഗ് ദേശി എംപി, (സ്ലോ), നാവേന്തു മിശ്ര എംപി (സ്റ്റോക്ക്പോർട്) ഇമ്രാൻ ഹുസൈൻ എംപി. (ബ്രാഡ്ഫോർഡ് ഈസ്റ്റ്), ഖാലീദ് മുഹമ്മദ് എംപി ( ഷാഡോ ഫോറിൻ ഓഫീസ് മിനിസ്റ്റർബെർമിംഗ്ഹാം )അഫ്സൽ ഖാൻ എം . പി( മാഞ്ചസ്റ്റർ ) എന്നിവരാണ് ഡെന്നായെ അനുമോദിക്കാനെത്തിയത്.
കഴിഞ്ഞ ആഴ്ച ഡെന്നയുടെ താമസ സ്ഥലമായ ബെഡ്ഫോർഡിലെ എംപി മുഹമ്മദ് യാസിൻ, ഹൈ ഷെരിഫ് ഓഫ് ബെഡ്ഫോർഡ്ഷയർ എറിക് മെസ്സി, ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റി ചെയർമാനുമായ ബൽദേവ് കിൻഡ എന്നിവർ ചേർന്ന് ടൗണ്‍ഹാളിൽ വിളിച്ചു വരുത്തുകയും അനുമോദിക്കുകയും ചെയ്തിരുന്നു .
ഗായകനും സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനുമായ ജോമോൻ മാമൂട്ടിലിന്റെയും ജിൻസി ജോമോന്റേയും പുത്രിയാണ് എ ലെവൽ വിദ്യാർഥിനിയായ ഡെന്ന. മലയാളത്തിന്റെ പ്രിയ ഗായകരായ കെ.എസ് ചിത്ര, വേണുഗോപാൽ, മലയാള സിനിമയിലെ നിരവധി സംവിധായകരുടെയും നടീ, നടന്മാരുടെയും ഉൾപ്പടെയുള്ള നിരവധി പ്രമുഖരുടെ പേജുകളിൽ കൂടിയാണ് റിലീസ് ചെയ്തത്, കൂടാതെ യുകെയിലെ ലേബർ, കണ്‍സേർവേറ്റീവ് പാർട്ടിയിലെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിക്കാനും എത്തിയിരുന്നു . ഈ ആൽബം കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=VxtLZi3UBYI
ഷൈമോൻ തോട്ടുങ്കൽ
|