ന്യുയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റായിൽ കർമേൽ മാർത്തോമ സെന്ററിൽ (6015 Old Stone Mountain Rd, Stone Mountain, GA 30087) ഒക്ടോബർ 29 മുതൽ 31വരെയുള്ള (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭദ്രസനത്തിലെ ഏറ്റവും വലിയ കുടുംബ സംഗമം ആയ 33 മത് മാർത്തോമ ഫാമിലി കോണ്‍ഫറൻസ് നടത്തപ്പെടുന്നു.
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിനെ കൂടാതെ റവ. ഈപ്പൻ വർഗീസ് (ഹുസ്റ്റണ്‍), റവ. പ്രിൻസ് വർഗീസ് (പ്രിൻസ്ടണ്‍ തീയോളജിക്കൽ സെമിനാരി), റവ.ഡോ. അന്നാ തോമസ് (യുണൈറ്റഡ് മെതഡിസ്റ്റ് ചർച്ച്), ഡോ. ജോർജ് എബ്രഹാം (ബോസ്റ്റണ്‍) എന്നിവരാണ് കോണ്‍ഫറൻസിന്റെ മുഖ്യ പ്രഭാഷകർ.
ക്രിസ്തുവിൽ ജീവിക്കുക, വിശ്വാസത്തിൽ ചലനാത്മകരാകുക (Living in Christ, Leaping in Faith) എന്നതാണ് 33 മത് മാർത്തോമ കുടുംബസംഗമത്തിന്റെ മുഖ്യ ചിന്താവിഷയം. ഒക്ടോബർ 29 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ന് കോണ്‍ഫറൻസിന്റെ ഒൗപചാരിക ഉദ്ഘാടനം നടക്കും. ടക്കർ സിറ്റി മേയർ ഫ്രാങ്ക് ഒമൻ മുഖ്യാഥിതിയായിരിക്കും. കോണ്‍ഫറൻസിൽ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ഭദ്രാസനാധിപൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് അറിയിച്ചു.
ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, ട്രഷറാർ ജോർജ് പി.ബാബു, റവ. സ്കറിയ വർഗീസ്, റവ.സിബു പള്ളിച്ചിറ, റവ. സജു സി.ശാമുവേൽ, റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റവ.തോമസ് മാത്യു പി, ഡോ.മാത്യു ടി.തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
കോണ്‍ഫറൻസിന്റെ ജനറൽ കണ്‍വീനർ ഡോ.ജോഷി ജേക്കബിന്റെ നേതൃത്വത്തിൽ റോയ് ഇല്ലിക്കുളത്ത് (സുവനീർ), മാത്യു അത്യാൽ (രജിസ്ട്രേഷൻ), ബ്ലെസി ഫിലിപ്പ്, വിനോദ് മാമ്മൻ (ഫിനാൻസ്), ജേക്കബ് പി.മാത്യു, ലളിത് ജേക്കബ് (ട്രാൻസ്പോർട്ടേഷൻ), ഷൈനോ തോമസ്, മറിയാമ്മ മാത്യു (ഫുഡ്) എന്നിവർ അടങ്ങുന്ന വിപുലമായ കമ്മറ്റി കോണ്‍ഫ്രറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
കോണ്‍ഫറൻസിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തീകരിച്ചതായി ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, കോണ്‍ഫ്രറൻസ് കമ്മറ്റി വൈസ് പ്രസിഡന്റ് റവ. സ്കറിയ വർഗീസ്, ജനറൽ കണ്‍വീനർ ഡോ. ജോഷി ജേക്കബ് എന്നിവർ അറിയിച്ചു.
ഷാജി രാമപുരം
|