ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ സെന്റ് തോമസ് സീറോ മലബാർ കാതലിക് ചർച്ചിന് (STSMCC) ഇരുപതാം വയസിലേക്ക്. യുകെയിലെ ഏറ്റവും വലിയ കതോലിക് വിശ്വാസ സമൂഹങ്ങളിൽ ഒന്നായ എസ്ടിഎസ്എംസിസിയുടെ ഒരു വർഷം നീളുന്ന ആഘോഷത്തിൽ സംഘടനകളുടെ ഭാരവാഹികളുടെ നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
രാവിലെ 9.30ന് നടന്ന വിശുദ്ധ കുർബാനയിൽ ആദ്യകാലങ്ങളിൽ എസ്ടിഎസ്എംസിസിയെ നയിച്ച വൈദീകൻ ഫാ സണ്ണി പോൾ, എസ്ടിഎസ്എംസിസി വികാരി ഫാ. പോൾ വെട്ടിക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും ആരാധനയും നടന്നു. എസ്ടിഎസ്എംസിസിയ്ക്കായി കഴിഞ്ഞ 20 വർഷമായി സേവനം ചെയ്ത വൈദീകരെ വിശുദ്ധ കുർബാന മധ്യേ ഫാ. പോൾ വെട്ടിക്കാട്ട് അനുസ്മരിച്ചു. ഫാ. സണ്ണി പോളിന് ശേഷം ഫാ. ജോസഫ് നരിക്കുഴി, ഫാ. ജോർജ് വള്ളിയാംതടം, ഫാ. അനിൽ, ഫാ. ജിജി അലക്കളം, ഫാ ജോണ് കുടിയിരുപ്പിൽ, ഫാ. ജോർജ് ചീരാംകുഴി, ഫാ തോമസ് പാറയടിയിൽ, ഫാ റോജി, ഫാ. ജോയ് വയലിൽ, ഫാ. സെബാസ്റ്റ്യൻ, ഫാ. സിറിൽ ഇടമന, ഫാ. എബ്രഹാം, ഫാ. സക്കറിയ, ഫാ. ടോണി പഴയകളം തുടങ്ങി ഏവരുടേയും സേവനം എടുത്ത് പറഞ്ഞ് അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
നാട്ടിലായിരിക്കുന്ന ഡീക്കൻ ജോസഫ് ഫിലിപ്പിനേയും മുൻ സെക്രട്ടറിമാരും ട്രസ്റ്റിമാരുമായിരുന്ന ഏവരേയും വിശുദ്ധ കുർബാന മധ്യേ അനുസ്മരിച്ചു. അവർ ചെയ്ത സേവനങ്ങളെ ഫാ. പോൾ വെട്ടിക്കാട്ട് ഓർമ്മിപ്പിച്ചു.
വിശുദ്ധ കുർബാന മധ്യേ നടത്തിയ വചന സന്ദേശത്തിൽ ഫാ. സണ്ണി പോൾ കേരളത്തിൽ നിന്ന് യുകെയിൽ എത്തപ്പെട്ട സീറോ മലബാർ വിശ്വാസികളുടെ ദൗത്യത്തെ കുറിച്ച് ഓർമ്മിപ്പിച്ചു. എവിടെയായിരുന്നാലും ദൈവ വചനം പ്രഘോഷിക്കാൻ വേണ്ടിയാണ് യുകെയിൽ എത്തിച്ചിരിക്കുന്നതെന്നും നല്ലതു ജീവിതത്തിൽ പകർത്താൻ,തങ്ങളുടെ സംസ്കാരം പരിപോഷിക്കാൻ മറ്റുള്ളവർക്ക് മാതൃകയാക്കാൻ അതുവഴി അവരെ ദൈവത്തിലേക്ക് ആനയിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സീറോ മലബാർ വിശ്വാസികളുടെ ദൗത്യം അതു തന്നെയാണെന്നും ഫാദർ പറഞ്ഞു.
20 കൊല്ലം മുന്പ് സെന്റ് തോമസ് സീറോ മലബാർ കാതലിക് ചർച്ച് ആരംഭിച്ച ശേഷം പ്രവർത്തിച്ച വൈദീകരുടേയും ആൽമായരുടേയും ഒത്തൊരുമയുള്ള പ്രവർത്തനം മികച്ചതായിരുന്നു . ഈ പ്രവർത്തനത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും ഇതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ഫാദർ പറഞ്ഞു. ഭാവിയിൽ പുതിയ ദേവാലയം നിർമിക്കാനിരിക്കേ കൂടുതൽ ഉജ്ജ്വലമായി മുന്നോട്ട് പോകാൻ ദൈവം സഹായിക്കട്ടെയെന്നും ഫാ സണ്ണി പോൾ അച്ചൻ ആശംസിച്ചു.
പിന്നീട് ഗ്രൗണ്ടിൽ വച്ചു നടന്ന പരിപാടിയിൽ കുട്ടികളുടെ മത്സരങ്ങൾ രസകരമായി. ആകർഷകമായ ലേലം വിളികളുണ്ടായി. കാന്താരി മുളകു ചെടി 165 പൗണ്ടിന് ലേലം വിളിച്ചുള്ള ആവേശം ഇതിൽ എടുത്തുപറയേണ്ടതാണ്. വിശ്വാസികളുടെ ഈ ഉണർവാണ് ആഘോഷത്തിന്റെ മാറ്റു കൂട്ടുന്നതും.
യുകെയിൽ ഒരുദേവാലയത്തിൽ ഒത്തുചേരുന്ന ഏറ്റവും വലിയ വിശ്വാസ സമൂഹമാണ് എസ്ടിഎസ്എംസിസിയുടേത്. യുകെയിലെ ഏറ്റവും വലിയ വേദ പാഠ ക്ലാസുകളും ഇവിടെയാണ് നടക്കുന്നത്. 12ാം ക്ലാസുവരെ കൃത്യമായ ചിട്ടയോടെ നടത്തുന്ന വേദപഠന ക്ലാസുകൾ കുട്ടികളിലെ വിശ്വാസത്തെ ഉൗട്ടിഉറപ്പിച്ചു. മലയാളം വായിക്കാനറിയാത്ത കുട്ടികൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ മംഗ്ലീഷിലും ഇംഗ്ലീഷിലുമായി കുർബാന പുസ്തകം ഇറക്കിയതും എസ്ടിഎസ്എംസിസിയുടെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്. കെസിബിസിയുടെ അംഗീകാരമുള്ള ഈ പുസ്തകം ഇന്ന് നാൽപതിനായിരത്തിലധികം കോപ്പികളുമായി ലോകത്തെ എല്ലാ ഭാഗത്തുമുള്ള മലയാളം വായിക്കാനറിയാത്ത വിദ്യാർഥികൾ വിശുദ്ധ കുർബാനയ്ക്കായി ഉപയോഗിക്കുന്നു.
യുകെയിലാദ്യമായി സ്വന്തമായി ഒരു ദേവാലയം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് എസ്ടിഎസ്എംസിസി. 7 ലക്ഷം പൗണ്ടോളം മുടക്കി അതിനുവേണ്ടിയുള്ള സ്ഥലം വാങ്ങിക്കുകയും അതിൽ ദേവാലയം നിർമിക്കുവാനുള്ള പ്ലാനിംഗ് പെർമിഷൻ ലഭിക്കുകയും ചെയ്തു. ദേവാലയ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടവകാംഗങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.
ഫാ പോൾ വെട്ടിക്കാട്ട്, കസ്റ്റോഡിയന്മാരായ സിജി സെബാസ്റ്റ്യൻ, മെജോ ജോയ് ,ബിനു ജേക്കബ്, ഫാമിലി കൂട്ടായ്മകളുടെ കോർഡിനേറ്റർ ജോർജ് തരകൻ, ഡിക്കൻ ജോസഫ് ഫിലിപ്പ്, സിസ്റ്റർമാരായ സി. ലീന മേരി, സി. ഗ്രേസ് മേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ വലിയൊരു കൂട്ടായ്മയുടെ വിജയമാണ് എസ്ടിഎസ്എംസിസിയുടേത്.
റിപ്പോർട്ട്: ജെഗി ജോസഫ്
|