കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റും ബിഇസി എക്സ്ചേഞ്ചും സംയുക്തമായി കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച യുവജനമേള 2021 ന് സമാപനമായി. ഓഗസ്റ്റ് 26, 27 തീയതികളിൽ മൂന്നു സ്റ്റേജുകളിലായി സംഘടിപ്പിച്ച കലാപരിപാടികളിൽ കല കുവൈറ്റിന്റെ 300ൽ അധികം കലാകാരൻമാരാണ് പങ്കെടുത്തത്.
ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയിൽ കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വീടുകളിലും കന്പനി ക്യാന്പുകളിൽ നിന്നും മത്സരാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തത് വ്യത്യസ്ത അനുഭവമായി. കല കുവൈറ്റ്പ്രസിഡന്റ് ജ്യോതിഷ് ചെറിയന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ യുവജനമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
കലാമേളയുടെ മുഖ്യ പ്രായോജകരായ ബിഇസി എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ്, വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്കറിയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പരിപാടിക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതവും യുവജനമേള ജനറൽ കണ്‍വീനർ ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. കല കുവൈറ്റ് ട്രഷറർ പി.ബി. സുരേഷ്, അതിജീവനം സാംസ്കാരിക മേളയുടെ ജനറൽ കണ്‍വീനർ സജി തോമസ് മാത്യു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ലളിതഗാനം, മൈം, മാപ്പിളപ്പാട്ട്, വിപ്ലവഗാനം, കവിതാ പാരായണം, പ്രസംഗമത്സരം, മൊബൈൽ ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മൽസര ഫലങ്ങൾ കല കുവൈറ്റ് വെബ്സൈറ്റായ www.kalakuwait.com ൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീജിത്ത് കുഞ്ഞികൃഷ്ണൻ, രഞ്ജിത്ത്, ഷാജി, മെജിത്ത് കോമത്ത്, ജ്യോതിഷ് പി.ജി, ഷിനി റോബർട്ട്, പ്രസീത ജിതിൻ,ഷംല ബിജു, ബിന്ദു ദിലീപ്, പ്രശാന്തി ബിജോയ്, കവിത അനൂപ്, നിഷാന്ത് ജോർജ് , ബിജു ശ്യാം, രാജേഷ് എം എടാട്ട്, സിദ്ധാർഥ്, ഉണ്ണി മാമർ, പ്രസീത് കരുണാകരൻ, തോമസ്, ഷിജിൻ, ജയചന്ദ്രൻ, അനീഷ് പൂക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
|