ഫിലഡൽഫിയ: ഫിലഡൽഫിയാ മലയാള സഹിത്യ വേദി (ലാന്പ് ലിറ്റററി അസ്സോസിയേഷൻ ഓഫ് മലയാളം, ഫിലഡൽഫിയാ) സംഘടിപ്പിച്ച രാജ്യാന്തര ചെറുകഥാ മത്സരത്തിൽ അഭിഷേക് എസ് എസ് എഴുതിയ ’ജെം’ എന്ന ചെറുകഥ ഒന്നാം സ്ഥാനവും ബിജോ ജോസ് ചെമ്മാന്ത്രയുടെ ’മഞ്ഞൊഴിയാത്ത വീട് ’ രാണ്ടാം സ്ഥാനവും , ജോമോൻ ജോസ് രചിച്ച ’ലൂക്കാച്ചൻ’ മൂന്നാം സ്ഥാനവും, അനിൽ നാരായണയുടെ ’കടൽ നഗരം’ നാലാം സ്ഥാനവും നേടി.
പ്രഥമ പരിഗണനയിൽ അർഹത നേടിയ ഇരുപത്തി രണ്ടു കഥകളും ഒന്നിനൊന്നു മികച്ചവയായിരുന്നുവെന്ന് ജഡ്ജിംഗ് പാനൽ ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടു. കവിയും നിരൂപകനും മാവേലിക്കര ബിഷപ് മൂർ കോളജ് മലയളവിഭാഗം മുൻ മേധാവിയും ഗാനരചയിതാവുമായ പ്രഫ. കോശി തലയ്ക്കൽ; കവിയും നിരൂപകനും സഞ്ചാരസാഹിത്യകാരനും വിവർത്തകനും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ കൂർ മുൻ ഉദ്യോഗസ്ഥനും കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ.ബി. പ്രസന്നകുമാർ; വനിതാ മാസികാ മുൻ സീനിയർ സബ് എഡിറ്ററും, ഗൃഹലക്ഷ്മി മാസികാ എഡിറ്ററും കവിയും കഥാകൃത്തുമായ മോൻസി ജോസഫ്; കവിയും കഥാകൃത്തും, റിട്ടയർഡ് ആന്ധ്രാബാങ്ക് സീനിയർ ബാങ്ക് മാനേജരും ’മൈന്റ് മന:ശാസ്ത്ര മാസിക’ യുടെ മുൻ സഹ പത്രാധിപരുമായ വിൻസന്റ് നടവയൽ എന്നിവരാണ് മൂല്യനിർവഹണം നടത്തിയത്.
പതിനായിരത്തി ഒന്നു രൂപാ, ഏഴായിരത്തി അഞ്ഞൂറ്റി ഒന്നു രൂപാ, അയ്യായിരത്തി ഒന്നു രൂപാ, രണ്ടായിരത്തി അഞ്ഞൂറ്റി ഒന്നു രൂപാ എന്നീ ക്യാഷ് അവാർഡുകളും പ്രശംസാ പത്രങ്ങളുമാണ് വിജയികൾക്ക് യഥാക്രമം സമ്മാനിക്കുക.
കണ്ണൻ നായർ എന്ന പേരിൽ അനേകം ചെറുകഥകൾ ബ്ലോഗിൽ (ചെന്നൈ കുറിപ്പുകൾ) എഴുതാറുള്ള സാഹിത്യ കാരനാണ് അഭിഷേക് എസ് എസ്. ’നന്പർ പെൻഡിംഗ് ’ എന്ന പേരിലുള്ള ചെറുകഥാ സമാഹാരം കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ ബാൾട്ടിമോറിൽ താമസിക്കുന്നു. ഐടി മേഖലയിൽ ജോലിചെയ്യുന്ന അദ്ദേഹം ആനുകാലികപ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈൻ പോർട്ടറുകളിലും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ചെറുകഥക്കുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശിയായ ജോമോൻ ജോസ് ഓണ്‍ലൈനിൽ കഥകളും കവിതകളും എഴുതുന്നു. സംസ്ഥാന തലത്തിൽ രചനകൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിടുണ്ട്.
ചെങ്ങമനാട് സ്വദേശിയായ അനിൽ നാരായണ സൗദി അറേബ്യയിൽ 27 വർഷമായി ജോലി ചെയ്യുന്നു. കഥാകൃത്തും നാടക രചയിതാവുമാണ്. മാതൃഭൂമിയിൽ ആദ്യ കഥ 1999ൽ വന്നു. നാടകത്തിനു കൈരളി അറ്റ്ലസ് ഉൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നൂറിലധികം സ്റ്റേജ് ഷോകൾ സംവിധാനം ചെയ്തു.
ട്രൈസ്റ്റേറ്റ് കേരളാഫോറം നേതൃത്വം നൽകുന്ന അമേരിക്കൻ ദേശീയ ഓണാഘോഷത്തിന്റെ ഭാഗമായാണ് രാജ്യാന്തര ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. ഓഗസ്റ്റ് 21ന് ദേശീയ ഓണാഘോഷ വേദിയിൽ (ഫിലഡൽഫിയ) വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിക്കും. ഫിലഡൽഫിയയിൽ വന്നു സ്വീകരിക്കാൻ അസൗകര്യമുള്ളവർക്ക് ക്യാഷ് അവാർഡുകൾ വെസ്റ്റേണ്‍ യൂണിയൻ മുഖേന അയച്ചു കൊടുക്കും.
പ്രഫ. കോശി തലയ്ക്കൽ 267 212 6487 (പ്രസിഡന്റ്), നീനാ പനയ്ക്കൽ 215 722 6741, അശോകൻ വേങ്ങശ്ശേരി (വൈസ് പ്രസിഡന്റ്), ജോർജ് നടവയൽ 215 494 6420 (സെക്രട്ടറി), അനിതാ പണിക്കർ കടന്പിൻതറ 516 205 21 46(ജോയിന്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ 215 605 7310 (ട്രഷറാർ). ലൈലാ അലക്സ്, നിമ്മിദാസ് , ഡോ. ആനി എബ്രഹാം, ജോർജ് ഓലിക്കൽ, രാജൂ പടയാറ്റി, ജോർജുകുട്ടി ലൂക്കോസ് എന്നിവരാണ് ഫിലഡൽഫിയാ മലയാള സാഹിത്യവേദി പ്രവർത്തക അംഗങ്ങൾ.
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ
|