ലണ്ടൻ: യുക്മ യുകെയിലെ ഭൂരിപക്ഷം വരുന്ന മലയാളി സമൂഹം ജോലി ചെയ്യുന്ന മേഖലയും കോവിഡ് ലോകത്തിന് തന്നെ വെല്ലുവിളി ഉയർത്തിയതുമായ കാലഘട്ടത്തിൽ ഏറ്റവുമധികം ആദരവ് അർഹിക്കുന്ന മേഖലയുമായ നഴ്സിംഗ് മേഖലയിലെ ഭൂമിയിലെ മാലാഖമാരും ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിൻഗാമികൾക്ക് നൽകുന്ന ആദരവ്.
ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങൾ യുക്മയുടെയും യുക്മ നഴ്സസ് ഫോറത്തിന്റെ(യുഎൻഎഫ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം ് മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും. ഇംഗ്ലണ്ട് ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഡൻഗൻ ബർട്ടൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന വിവിധ പരിപാടികളിൽ നഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തികൾക്കൊപ്പം സാമൂഹ്യ കലാരംഗത്തെ പ്രമുഖരും ഒത്തുചേരുന്നതാണ്.
യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ഉപദേശക സമിതിയംഗവും യുക്മ നഴ്സസ് ഫോറം മുൻ കോർഡിനേറ്ററുമായ തന്പി ജോസ്, ആർ.സി.എൻ പ്രതിനിധിയും യുക്മയുടെ ലണ്ടൻ കോർഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
യുക്മ കലാഭൂഷണം അവാർഡ് ജേതാവ് പ്രമുഖ നർത്തകിയുമായ ദീപ നായർ അവതാരകയായി പരിപാടികളുടെ നിയന്ത്രണമേൽക്കും. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും യുഎൻഎഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യൻ ചടങ്ങിന് സ്വാഗതം ആശംസിക്കും. യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി സലീനാ സജീവിന്റെ നേതൃത്വത്തിൽ യുകെയിലങ്ങോളമിങ്ങോളമുള്ള നഴ്സുമാർ ലാംപ് ലൈറ്റിംഗ് സെറിമണി അവതരിപ്പിക്കും. യുഎൻ എഫ് പ്രസിഡന്റ് സിന്ധു ഉണ്ണി നഴ്സസ്ദിന സന്ദേശം നൽകും. സെക്രട്ടറി ലീനുമോൾ ചാക്കോ നന്ദി പ്രകാശിപ്പിക്കും. യുക്മ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, യുക്മ ജോയിൻറ് ട്രഷറർ ടിറ്റോ തോമസ്, യുഎൻഎഫ് പ്രതിനിധി ഷൈനി ബിജോയ് തുടങ്ങിവരാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
ആരോഗ്യ മേഖലയിലെ പ്രമുഖരും പ്രഗത്ഭരുമായ ഡോ.അബ്ദുൾ നാസർ, ജെൻ വാറ്റ്സൻ, സോണിയ ലുബി, മിനിജ ജോസഫ്, ഡോ. ഡില്ല ഡേവിസ്, ഡോ.പർവീണ് അലി, പാൻസി ജോസ്, ബിപിൻ രാജ്, ലവ് ലി സിബി, അബിൻ തോമസ്, റോസ് ജിമ്മിച്ചൻ, ഷൈനി മാത്യു, യദു കൃഷ്ണ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിലെ അനുഭവങ്ങളും ആഘോഷ പരിപാടികളെ തികച്ചും പ്രൊഫഷണൽ തലത്തിലെത്തിക്കും.
പ്രശസ്ത ഗായകൻ ഐഡിയ സ്റ്റാർ സിംഗർ ജേതാവ് ജോബി ജോണ്, കൈരളി ടിവി ഗാന ഗന്ധർവസംഗീതം ജേതാവ് എം.ജെ. രാജ്മോഹൻ തുടങ്ങിയവർ നഴ്സസ് ദിനാഘോഷ പരിപാടികളെ സംഗീത സാന്ദ്രമാക്കും. യുക്മയുടെ റീജണൽ തലങ്ങളിൽ നിന്നുമുള്ള നഴ്സുമാരായ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ ഇന്നത്തെ സായംസന്ധ്യയെ ആഘോഷരാവാക്കി പ്രേക്ഷകർക്ക് പുത്തനുഭവം സമ്മാനിക്കും.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് (യുകെ) വൈകിട്ട് 9.30(ഇന്ത്യ) ന് യുക്മയുടെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായി പരിപാടികൾ ആരംഭിക്കും. പ്രശസ്ത കലാകാരൻമാരായ അഷിതാ സേവ്യർ, ജാസ്മിൻ പ്രമോദ്, ബിന്ദു സോമൻ, അജി. വി.പിള്ള, സ്മിത തോട്ടം, ഷിനു ജോസ്, സോണി .കെ.ജോസ്, ടെസി സോജൻ & മരിയ സോജൻ, മെറിനാ ലിയോ, ജോമാ & ബ്രീസ്, അന്ന അനൂജ്, മിനി ബെന്നി, സോഫിയ ബിജു തുടങ്ങിയവരോടൊപ്പം സാൽഫോർഡ് നഴ്സസും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശഭരിതരാക്കും.
യുകെയിലെ മലയാളി സമൂഹത്തിന്റെ ജീവനാഡികളായ നഴ്സുമാർക്കു വേണ്ടി യുക്മ സ്ഥാപിച്ചിരിക്കുന്ന പോഷക സംഘടനയാണ് യുക്മ നഴ്സസ് ഫോറം. കഴിഞ്ഞ കാലങ്ങളിൽ യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യുകെയിലെ നഴ്സുമാർക്കു വേണ്ടി നിരവധി പരിപാടികൾ യുഎൻഎഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സുമാരുടെ ശന്പളവർധന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് പെർമനന്റ് റസിഡൻസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് അഞ്ഞൂറോളം പ്രാദേശിക എംപിമാർ മുഖാന്തിരം നിവേദനങ്ങൾ നൽകുവാനും ഇക്കാര്യങ്ങളിൽ അനുകൂലമായ അഭിപ്രായ സമന്വയം ഭരണ തലത്തിൽ ഉണ്ടാക്കിയെടുക്കുവാൻ യുക്മയ്ക്കും യുഎൻഎഫിനും സാധിച്ചിട്ടുണ്ട്.
യുക്മ യുകെയിലെ എല്ലാ യുകെ മലയാളി നഴ്സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു വലിയ പ്ലാറ്റ്ഫോമാണ് യുക്മ നഴ്സസ് ഫോറം (യുഎൻഎഫ്). പരിശീലനം, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ചവർക്ക് ബഹുമതി നൽകി ആദരിക്കുക തുടങ്ങിയവയിലൂടെ നഴ്സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണൽ വികാസത്തിനും ലക്ഷ്യമിട്ടാണ് യുഎൻഎഫ് പ്രവർത്തിക്കുന്നത്. യുകെയിൽ നിലവിലുള്ളവരും പ്രത്യേകിച്ച് പുതിയതായി കടന്നു വന്നുകൊണ്ടിരിക്കുന്നവരുമായ എല്ലാ നഴ്സുമാരും പ്രൊഫഷണൽ കാര്യങ്ങളിൽ പൊതു താൽപര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും അവകാശങ്ങൾക്കായി പോരാടാനും യുഎൻഎഫുമായി ബന്ധപ്പെട്ടുകൊണ്ടു പ്രവർത്തിക്കാൻ യുക്മ ദേശീയ സമിതി അഭ്യർഥിക്കുന്നു.
|