ലണ്ടൻ: പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് എസ്പിബി വെർച്വൽ നഗറിൽ ഡിസംബർ 28 തിങ്കളാഴ്ച തിരശീല വീണു. അവസാന ദിവസമായ തിങ്കളാഴ്ച വൈകുന്നേരം 5 മുതൽ കിഡ്സ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യുകെയിലും ലോകമെങ്ങും യുക്മ കലാമേള 2020 തരംഗമായി മാറിക്കഴിഞ്ഞു.
പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിന്റെ അഭിമാനം വാനോളമുയർത്തിക്കൊണ്ട്, അനശ്വര കലാകാരൻ എസ്.പി. ബാലസുബ്രഹ്മമണ്യത്തിന്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ മത്സരങ്ങൾ അവസാന ദിവസത്തിലേക്ക് കടന്നത്.
തിങ്കളാഴ്ച വൈകുന്നേരം 5 മുതൽ കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം മത്സരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. പതിനൊന്നാമത് യുക്മ ദേശീയ കലാമേള അനശ്വര കലാകാരനും ബഹുമുഖപ്രതിഭയുമായ എസ്പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചു അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ ബുധനാഴ്ച നടന്ന മത്സരങ്ങളുടെ തുടർച്ചയായി സംപ്രേക്ഷണം ചെയ്യാത്ത ബാക്കി മത്സരങ്ങളാണ് ഇന്നലെ സംപ്രേക്ഷണം ചെയ്തത്.
കിഡ്സ് വിഭാഗത്തിൽ സിനിമാറ്റിക് ഡാൻസ്, സ്റ്റോറി ടെല്ലിംഗ്, സോളോസോഗ് എന്നിവയും സബ് ജൂനിയർ വിഭാഗത്തിൽ ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, പ്രസംഗം (ഇംഗ്ലീഷ്), നാടോടി നൃത്തം, കീബോർഡ്, മോഹിനിയാട്ടം, മോണോ ആക്ട്, പദ്യപാരായണം, സോളോ സോംഗ്, വയലിൻ എന്നിവയും ജൂനിയർ വിഭാഗത്തിൽ ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഡ്രംസ്, പ്രസംഗം (ഇംഗ്ലീഷ് & മലയാളം) നാടോടി നൃത്തം, കീബോർഡ്, മോഹിനിയാട്ടം, പദ്യപാരായണം, സോളോ സോംഗ്, വയലിൻ മത്സരങ്ങളും സീനിയർ വിഭാഗത്തിൽ ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഡ്രംസ്, പ്രസംഗം (മലയാളം), മോഹിനിയാട്ടം, മോണോ ആക്ട്, പദ്യ പാരായണം, സോളോ സോംഗ് എന്നീ മത്സരങ്ങളാണ് തിങ്കളാഴ്ച വൈകുന്നേരം 5 മുതൽ യുക്മയുടെ ഒൗദ്യോഗിക ഫെയ്സ് ബുക്ക് പേജായ യുക്മയിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.
സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ പുകൾപെറ്റ മേളപ്പെരുമയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ എട്ടാം ദിവസം ഭാഗം ഏഴിൽ തിങ്കളാഴ്ച വൈകുന്നേരം 5 മുതലായിരിക്കും മത്സരങ്ങൾ യുക്മയുടെ ഒദ്യോഗിക ഫെയ്സ് ബുക്ക് പേജായ യുക്മയിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.
അന്തരിച്ച സംഗീത ചക്രവർത്തി എസ്ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ്പിബി വെർച്വൽ നഗറിലാണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേളയിലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർഥികളാണ് കലാമേളയിൽ മാറ്റുരക്കുന്നത്.
ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേർസ് ഭരതനാട്യത്തോടുകൂടി ആരംഭിച്ച മത്സരങ്ങളുടെ തുടർച്ചയായാണ് വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്.
2021 ജനുവരി 2 ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയിൽ വിധി നിർണയം പൂർത്തിയാക്കി ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനവും പ്രഖ്യാപിക്കുവാൻ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
വെർച്വൽ പ്ലാറ്റ്ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള ലോകമെന്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുന്പോൾ, അതിനെ സഹർഷം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്ത എല്ലാ കലാ സ്നേഹികളോടും നന്ദി പറഞ്ഞ് കൊണ്ടും, കലാമേളയിൽ മത്സരാർഥികളായി പ്രത്യേക സാഹചര്യത്തിലും പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടും, അവസാന ദിവസമായ ഇന്നും മത്സരാർഥികളെ ഹൃദയപൂർവം പ്രോത്സാഹിപ്പിക്കണമെന്ന് യുക്മ ദേശീയ നിർവാഹക സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അഭ്യർഥിച്ചു.
|