മുല്ലപ്പെരിയാര്‍ സമരം കൂടുതല്‍ ശക്തമാക്കും: അല്മായ സമ്മേളനം



Inform Friends Click here for detailed news of all items Print this Page
 

കൊച്ചി: മുല്ലപ്പെരിയാര്‍ സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനു ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കെസിബിസി അല്മായ നേതൃസമ്മേളനം തീരുമാനിച്ചു. അപകടാവസ്ഥയിലായ അണക്കെട്ടിനു പകരം പുതിയ ഡാം നിര്‍മിക്കുന്നതിനും ജനങ്ങളുടെ ഭീതിയകറ്റുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നു പിഒസിയില്‍ സമാപിച്ച ദ്വിദിന നേതൃസമ്മേളനം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന തരത്തില്‍ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. സമരകാലത്തു സ്വത്തുവകകള്‍ നഷ്ടപ്പെട്ടവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്കണം. സമരപരിപാടികളുടെ ഭാഗമായി ഇടുക്കിക്കു പുറമെ എറണാകുളം, കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തിലും മലയോര കുടിയേറ്റ കര്‍ഷകര്‍ക്കു പട്ടയം വിതരണം ചെയ്യുന്നതിലും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 1977നു മുമ്പുള്ള കുടിയേറ്റ കര്‍ഷകര്‍ക്കു പട്ടയം നല്കുന്നതിനുള്ള നിയമപരമായ സാഹചര്യം നിലനില്‍ക്കുമ്പോഴും വിതരണം അകാരണമായി വൈകിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പട്ടയവിതരണം ഉടന്‍ പൂര്‍ത്തിയാക്കണം.

കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ കത്തോലിക്കാ സമുദായത്തെ അവഗണിക്കുകയാണെന്നു നേതൃസമ്മേളനം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പു കാലത്തു സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കുകയും അധികാരത്തിലേറുകയും ചെയ്തവര്‍ പിന്നീടു പുലര്‍ത്തുന്ന അവഗണന സഭയെ അവഹേളിക്കുന്നതാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ പ്രമേയം അവതരിപ്പിച്ചു.

മുല്ലപ്പെരിയാര്‍ ഡാം കേരളീയരുടെ ജീവനുനേരേയുള്ള ഭീഷണി എന്ന വിഷയത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഫാ.ജോയി നിരപ്പേലും, രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ കത്തോലിക്കരുടെ സ്ഥാനം എന്ന വിഷയത്തില്‍ അഡ്വ.ആന്റണി അമ്പാട്ടും പ്രബന്ധാവതരണം നടത്തി. വി.വി. അഗസ്റിന്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്യന്‍, പ്രഫ. ജേക്കബ് ഏബ്രഹാം, ബിജു പറയന്നിലം, സൈബി അക്കര, അഡ്വ.ഡി.രാജു, സാബു ജോസ്, ഡോ.കൊച്ചുറാണി ജോസഫ്, മാഗി മേനാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കത്തോലിക്കാ അല്മായര്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് എന്ന വിഷയത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണു കെസിബിസി അല്മായ കമ്മീഷന്‍ നേതൃസമ്മേളനം സംഘടിപ്പിച്ചത്.

 




 
 

 
© Content copyright Rashtra Deepika Limited 1997-2013. All rights reserved
Reproduction in whole or in part without written permission is prohibited.
To access reprinting rights, please contact editor@deepika.com
Tel: +91 481 3012001, Fax: +91 481 3012222
Privacy policy
 
Site Designed & Maintained by
jacobsonsoft.gif (960 bytes)