ബംഗാളിലെ ഡ്രാക്കുളാ ഹിൽ!
Saturday, February 22, 2025 8:42 PM IST
റൊമാനിയയിലെ കാര്‍പാര്‍ത്തിയന്‍ മലനിരകള്‍ ആളുകളെ ഭയപ്പെടുത്തുന്നത് വിഖ്യാതനായ രക്തരക്ഷസ് ഡ്രാക്കുളയുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇന്ത്യയിലെ കാര്‍പാത്തിയന്‍ മലനിരയെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് പശ്ചിമ ബംഗാളിലെ ഡൗ ഹില്‍.
ഡാര്‍ജിലിംഗിലെ കുര്സിയോംഗിലുള്ള ഒരു ചെറിയ ഹില്‍സ്റ്റേഷനാണിത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യത്താൽ സമ്പന്നമെങ്കിലും ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നത് പ്രേതക്കഥകളുടെയും അമാനുഷിക സംഭവങ്ങളുടെയും പേരിലാണ്.
ഡാര്‍ജിലിംഗില്‍ പട്ടണത്തില്‍നിന്ന് 30 കിലോമീറ്റര്‍ ദൂരെയുള്ള ഈ മല ഒറ്റനോട്ടത്തില്‍ വളരെ ശാന്തമായൊരിടമായി തോന്നും. എങ്കിലും ഇവിടം സന്ദർശിച്ചവർ പറയുന്ന കഥകൾ കേൾവിക്കാരുടെ ശാന്തത കളയും.
തലയില്ലാത്ത ആണ്‍കുട്ടിയും ദുരൂഹമായ വനപ്രദേശവും പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്കൂളുമെല്ലാം ഡൗ ഹില്ലിനെ ഇന്ത്യയിലെതന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഹില്‍ സ്റ്റേഷൻ എന്ന പേരുദോഷത്തിലെത്തിക്കുന്നു.
തലയില്ലാത്ത ആണ്‍കുട്ടി
ഇവിടുത്തെ പ്രദേശവാസികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതും ടൂറിസ്റ്റുകളെ ഏറ്റവുമധികം ഭയപ്പെടുത്തുന്നതുമായ സംഗതിയാണ് തലയില്ലാത്ത ആണ്‍കുട്ടി. നിരവധി ആളുകള്‍ ഈ രൂപത്തെ ഇവിടെ കണ്ടിട്ടുള്ളതായി അവകാശപ്പെടുന്നു.
ഫോറസ്റ്റ് ഓഫീസിലേക്കു നീളുന്ന ഡൗ ഹില്‍ റോഡിലാണ് തലയില്ലാത്ത കുട്ടിയുടെ രൂപം പ്രത്യക്ഷപ്പെടാറുള്ളതത്രേ.. ഈ റോഡിന് ഡെത്ത് റോഡ് എന്ന മറ്റൊരു പേരുകൂടിയുണ്ട്.
ആളുകള്‍ക്കു മുന്നിൽതന്നെ ഈ രൂപം വായുവില്‍ മായുകയോ വനത്തിലേക്കു കയറി അപ്രത്യക്ഷനാവുകയോ ചെയ്യുമെന്നും പറയപ്പെടുന്നു. ഇത് ആളുകളുടെ തോന്നലാണെന്നു പറയുന്നവരുമുണ്ട്.
വിക്ടോറിയ ഹൈസ്കൂള്‍
100 വര്‍ഷം പഴക്കമുള്ള ഒരു സ്കൂളാണ് മറ്റൊരു പ്രേതകേന്ദ്രം. വിക്ടോറിയ ബോയ്സ് ഹൈസ്കൂള്‍ എന്നറിയപ്പെടുന്ന ഈ സ്കൂള്‍ പ്രദേശവാസികളുടെ പേടി സ്വപ്നമാണ്.
നിരവധി ദുര്‍മരണങ്ങള്‍ ഇവിടെ സംഭവിച്ചതായി ആളുകള്‍ പറയുന്നു. പല അമാനുഷിക സംഭവങ്ങളും ഇവിടെ നടക്കുന്നതായും പറയപ്പെടുന്നു.
തണുപ്പ് കാലത്തു സ്കൂള്‍ അടച്ചിടുന്ന നാലു മാസം ഇവിടെ ആരുമുണ്ടാവില്ല. എന്നാല്‍, ഈ സമയങ്ങളില്‍ ഇടനാഴികളിലൂടെ കുട്ടികള്‍ ഓടിപ്പോകുന്നതിന്റെ ശബ്ദം കേള്‍ക്കാറുണ്ടെന്നാണ് പ്രദേശവാസികളുടെ അവകാശവാദം.
ദുരൂഹമായ വനം
ഡൗ ഹില്ലിലെ വനപ്രദേശവും അതീവ ഭീതിജനകമാണ്. ഇവിടെ നടക്കുന്ന അസാധാരണ സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ ശ്രമിച്ച ഗ്രാമീണര്‍ക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവങ്ങളാണ്.
വനാന്തര്‍ഭാഗത്തെ മരങ്ങള്‍ക്കിടയിലേക്കു പോവുമ്പോള്‍ ആരോ നമ്മളെ നിരീക്ഷിക്കുന്നതായി അനുഭവപ്പെടാറുണ്ടത്രേ. ഭീതിപ്പെടുത്തുന്ന ചുവന്ന കണ്ണുകള്‍ അവിടെ കണ്ടിട്ടുള്ളതായും ചിലര്‍ അവകാശപ്പെടുന്നു.
കൂടാതെ ചാരനിറത്തിലുള്ള വസ്ത്രം ധരിച്ച സ്ത്രീയുടെ പ്രേതം കാട്ടില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് മറ്റു ചിലരുടെ അവകാശവാദം. ഡൗ ഹില്‍ സന്ദര്‍ശിച്ചിട്ടുള്ള പലര്‍ക്കും കടുത്ത മാനസിക സമ്മർദം നേരിടാറുണ്ടത്രേ. ഡെത്ത് റോഡാണ് പ്രേതബാധയുള്ളതായി പറയപ്പെടുന്ന മറ്റൊരു സ്ഥലം.
ഈ റോഡിലൂടെ നടക്കുമ്പോൾ നിഴല്‍ രൂപങ്ങള്‍ പിന്തുടരുന്നതായി തോന്നുമെന്ന് അവകാശപ്പെട്ടവരും നിരവധി. പ്രേതകഥകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അസാമാന്യമായ പ്രകൃതിസൗന്ദര്യം ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു.
അജിത് ജി. നായർ