മനസിലെ വേലിക്കെട്ടുകൾ
Saturday, February 22, 2025 8:34 PM IST
ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡ്മൻ ആനിമേഷൻസ് നിർമിച്ച ആനിമേഷൻ സിനിമയാണ് "ചിക്കന് റൺ'. മുപ്പത് ആനിമേറ്റർമാരുടെ മേൽനോട്ടത്തിൽ 250 ആർട്ടിസ്റ്റുകളും മോഡൽ മേക്കർമാരും കാസറ്റ് ഡിസൈനർമാരും ടെക്നീഷ്യൻമാരുംകൂടി നാലു വർഷം കഠിനാധ്വാനം ചെയ്താണ് ഈ സിനിമ പുറത്തിറക്കിയത്. പ്ലാസ്റ്റിക് കളിമണ്ണായിരുന്നു കഥാപാത്രങ്ങളുടെ രൂപകല്പനയ്ക്ക് ഉപയോഗിച്ചത്.
രണ്ടായിരാമാണ്ടിൽ പുറത്തിറങ്ങിയ ഈ സിനിമ വൻ വിജയമായിരുന്നു. പീറ്റർ ലോർഡും നിക്ക് പാർക്കുംകൂടി സംയുക്തമായി സംവിധാനം ചെയ്ത ഈ ചിത്രം അന്നുവരെയുള്ള ചരിത്രത്തിൽ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ആനിമേറ്റഡ് സിനിമയായിരുന്നു. 220 മില്യൺ ഡോളർ ആയിരുന്നു ഈ ചിത്രത്തിന്റെ വരുമാനം.
യോർക്ക്ഷയറിലെ ഒരു ചിക്കൻ ഫാമിലാണ് കഥ നടക്കുന്നത്. ട്വീഡി ദന്പതികളാണ് ഈ ഫാമിന്റെ ഉടമകൾ. എന്നാൽ, ക്രൂരയായ മിസിസ് ട്വീഡിയാണ് ഫാമിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആ സ്ത്രീക്കാകട്ടെ ലാഭം മാത്രമാണ് ലക്ഷ്യവും.
ഈ ഫാമിൽ ജീവിതത്തെക്കുറിച്ച് ഒട്ടേറെ സ്വപ്നം കാണുന്ന ഒരു കോഴിപ്പിടയാണ് ജിഞ്ചർ. എങ്ങനെയെങ്കിലും ഫാമിൽനിന്നു രക്ഷപ്പെട്ട് സ്വതന്ത്ര ജീവിതം നയിക്കണമെന്നാണ് അവളുടെ ആഗ്രഹം.
എന്നാൽ, മറ്റ് കോഴികളോടൊപ്പം താനും അധികം വൈകാതെ കൊല്ലപ്പെടുമെന്നാണ് അവളുടെ ഭയം. കാരണം, കോഴികൾ മുട്ടയിടുന്നതു കുറഞ്ഞാൽ അവയെ കൊന്നു വിൽക്കുകയായിരുന്നു ആ ഫാമിലെ പതിവ്.
പറക്കാൻ പഠിച്ചാൽ
ഈ സാഹചര്യത്തിലാണ് ഫാമിൽനിന്നു രക്ഷപ്പെടാനുള്ള വിവിധ വഴികളെക്കുറിച്ചു ജിഞ്ചർ ആലോചിച്ചത്. ഇതിനിടെ, ഒരു അമേരിക്കൻ കോഴിപ്പൂവൻ അടുത്ത് എവിടെയോ ഉള്ള ഒരു ഫാമിൽനിന്ന് അവിടെ പറന്നെത്തി.
അവന്റെ സഹായത്തോടെ പറക്കാൻ പഠിക്കാനായി ജിഞ്ചർ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. കോഴികളുടെ ഒരു കൗൺസിൽ രഹസ്യമായി വിളിച്ചുകൂട്ടിയിട്ട് അവൾ പറഞ്ഞു: ""വേലിക്കെട്ടിനടിയിലൂടെ തുരങ്കമുണ്ടാക്കി രക്ഷപ്പെടാൻ നമുക്കു സാധിച്ചെന്നുവരില്ല.
എന്നാൽ, പറക്കാൻ പഠിച്ചാൽ വേലിക്കെട്ടിനു മുകളിലൂടെ പറന്നു രക്ഷപ്പെടാൻ നമുക്കു സാധിക്കും''.ഇതു കേട്ടപ്പോൾ പല കോഴികൾക്കും സംശയം. അവരിലൊരാൾ പറഞ്ഞു: ""ഒരുപക്ഷേ, രക്ഷപ്പെടുന്ന കാര്യത്തെക്കുറിച്ച് നാം ആലോചിക്കാതിരിക്കുന്നതായിരിക്കും നല്ലത്''.
അപ്പോൾ ജിഞ്ചർ നൽകിയ മറുപടി ഇപ്രകാരമായിരുന്നു: "" മുട്ടയിടുന്നതു തീരുന്പോൾ കൊല്ലപ്പെടുക എന്നുപറഞ്ഞാൽ അത് എന്തൊരു ജീവിതമാണ്? അതു നിങ്ങൾക്കു മനസിലാകാത്തതെന്താണ്? നിങ്ങളുടെ ചുറ്റിലും മാത്രമല്ല, വേലിക്കെട്ട്. അതു നിങ്ങളുടെ മനസിലുമുണ്ട്!.''
ചിക്കൻ റൺ എന്ന സിനിമയിലെ മറക്കാനാവാത്ത ഒരു ഡയലോഗാണിത്. ഈ ഡയലോഗിൽ ജിഞ്ചർ പറയുന്നത് ഏറെ വാസ്തവമല്ലേ? ജീവിതത്തിൽ നമ്മുടെ വളർച്ചയ്ക്കും വികാസത്തിനും വിഘാതമായി നിൽക്കുന്നതു നമ്മുടെ ചുറ്റിലുമുള്ള വേലിക്കെട്ടുകളോ അഥവാ തടസങ്ങളോ ആണോ? അതോ നമ്മുടെ മനസിലുള്ള വേലിക്കെട്ടുകളോ?
നമ്മുടെ മനസിലുള്ള വേലിക്കെട്ടുകളല്ലേ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ വളർച്ചയ്ക്കു തടസമാകുന്നത്? ജീവിതത്തെക്കുറിച്ചു സ്വപ്നം കാണാൻ കഴിയാതെ പോകുന്നത് ഈ വേലിക്കെട്ടുകൾ മൂലമല്ലേ? ആയിരിക്കുന്ന വിപരീത സാഹചര്യങ്ങളിൽനിന്നു നമുക്കു രക്ഷപ്പെടാൻ കഴിയില്ലെന്നല്ലേ പലപ്പോഴും നാം ചിന്തിക്കുകയും പറയുകയും ചെയ്യുന്നത്? ഫാമിൽനിന്നു രക്ഷപ്പെടുന്ന കാര്യത്തെക്കുറിച്ച് ജിഞ്ചർ വാചാലമായി സംസാരിക്കുന്പോൾ ഒരു ചിക്കൻ പറയുകയാണ്: ""ഇവിടെനിന്നു രക്ഷപ്പെടുക എന്നുപറഞ്ഞാൽ പത്തുലക്ഷത്തിൽ ഒരു സാധ്യതയേ അതിനുള്ളു'.
ഉടനെ, ജിഞ്ചർ പറഞ്ഞ മറുപടി ശ്രദ്ധിക്കുക: ""അപ്പോൾ, നമുക്കു രക്ഷപ്പെടാൻ ഒരു ചാൻസ് ഉണ്ടെന്നു വ്യക്തം!''ഇതാണ് ജീവിതത്തിൽ വിജയിക്കുന്നവരുടെ വീക്ഷണവിശേഷം.
സ്വപ്നം കണ്ടവർ
ജീവിതത്തെക്കുറിച്ചു വലിയ സ്വപ്നങ്ങൾ അക്ഷരാർഥത്തിൽ കണ്ട ആളായിരുന്നു പഴയ നിയമത്തിലെ ജോസഫ്. എന്നാൽ, ജോസഫിന്റെ സഹോദരങ്ങൾ അസൂയപൂണ്ട് ജോസഫിനെ അടിമവ്യാപാരികൾക്കു വിൽക്കുകയാണ് ചെയ്തത്.
തന്മൂലം, ജോസഫിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞുപോയോ? ജോസഫ് സ്വപ്നം കണ്ടതിലും വലിയ സ്ഥാനത്താണ് എത്തിച്ചേർന്നത്. കാരണം, ജോസഫിന്റെ മനസിൽ വേലിക്കെട്ടുകളില്ലായിരുന്നു. സർവശക്തനായ ദൈവം തന്റെ കൂടെയുണ്ടെന്നും അവിടുത്തേക്ക് ഒന്നും അസാധ്യമായിട്ടില്ലെന്നും ജോസഫ് വിശ്വസിച്ചു.
ജീവിതത്തെക്കുറിച്ചു സ്വപ്നം കാണുന്നതു ദൈവേഷ്ടത്തോടു ചേർന്നാണെങ്കിൽ വിജയം നമുക്കു സുനിശ്ചിതംതന്നെ. കാരണം, ദൈവവചനം പറയുന്നു: ""നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തുതരാൻ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ'' (എഫേ 3:20). അതായത്, നാം സ്വപ്നം കാണുന്നതിലും അധികം നമുക്കു ചെയ്തുതരാൻ ദൈവത്തിനു സാധിക്കും.
ദൈവവചനം വീണ്ടും പറയുന്നു: ""കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി ''(ജറമിയ 29:11). തന്മൂലം, നമുക്കു ചുറ്റും കാണുന്ന വേലിക്കെട്ടുകളെക്കുറിച്ച് ഭയപ്പെടേണ്ട.
മനസിലെ വേലിക്കെട്ടുകൾ പൊട്ടിച്ച് ദൈവസഹായത്തോടെ പ്രവർത്തിച്ചാൽ മാത്രം മതി. അപ്പോൾ, വിജയം സുനിശ്ചിതം. ജിഞ്ചറുടെയും മറ്റു കോഴികളുടെയും കഥയിലേക്കു തിരികെ വരട്ടെ. തങ്ങളെ മുഴുവനും പടിപടിയായി കൊല്ലുമെന്നുറപ്പായപ്പോൾ ജിഞ്ചറും കൂട്ടാളികളും ഉണർന്നു പ്രവർത്തിച്ചു.
സ്വയം പറന്നു രക്ഷപ്പെടാൻ തങ്ങൾക്കു സാധിക്കില്ലെന്നു വന്നപ്പോൾ അവൾ ഒരു വിമാനം ഉണ്ടാക്കി അതിൽ പറന്നു സ്വാതന്ത്ര്യം പ്രാപിക്കുകയാണ് ചെയ്തത്! അസാധ്യമെന്നു കരുതിയ ഒരു കാര്യമാണ് മനസിലെ വേലിക്കെട്ടുകൾ പൊട്ടിച്ചപ്പോൾ അവൾക്കു സാധ്യമായത്. നമ്മുടെ ജീവിതത്തെ തടഞ്ഞുനിർത്തുന്ന വേലിക്കെട്ടുകൾ നമ്മുടെ മനസിലുണ്ടോ? ദൈവത്തിന്റെ സഹായത്തോടെ അവ നമുക്കു തകർക്കാം, മറികടക്കാം.
അല്ലെങ്കിൽ അവയുടെ മുകളിലൂടെ പറക്കാം. അപ്പോൾ, ഇടയബാലനായ ദാവീദ് അതിഭീമനായ ഗോലിയാത്തിനെ വീഴിച്ച് വിജയം വരിച്ചതുപോലെ, ജീവിതത്തിൽ വൻ വിജയങ്ങൾ നേടാൻ നമുക്കും സാധിക്കും. അതിനു ദൈവസഹായം കൂട്ടിനുണ്ടാകും, തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ