മാതൃരാജ്യത്തോടു മനസുചേർത്ത ദിനങ്ങൾ
Saturday, February 22, 2025 8:19 PM IST
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാണ് പരിശീലനം. ഉച്ചകഴിഞ്ഞ് 2.30നു വീണ്ടും പരിശീലനം ആരംഭിക്കും. ഇതുകഴിഞ്ഞു മടങ്ങിയെത്തിയാല്‍ പിന്നെ മറ്റൊരു ലോകമാണ്. റിപ്പബ്ലിക് ദിന പരേഡിൽ എൻഎസ്എസ് ടീമിനെ നയിച്ച സിസ്റ്റർ ഡോ. നോയൽ റോസിന്റെ അനുഭവങ്ങൾ...
ഡൽഹിയിലെ കടുത്ത തണുപ്പ്. ഇടുക്കിയിൽനിന്നാണ് വരവെങ്കിലും തൊടുപുഴ അത്രയ്ക്കു തണുപ്പുള്ള പ്രദേശമല്ലല്ലോ. അതുകൊണ്ടുതന്നെ കട്ടിക്കുപ്പായത്തെയും ജാക്കറ്റിനെയും വകവയ്ക്കാതെ തണുപ്പ് തുളച്ചുകയറുന്നുണ്ട്. എന്നാൽ, ആ ശൈത്യത്തെപ്പോലും ചൂടുപിടിപ്പിക്കുന്ന അഭിമാനത്തീ ഉള്ളിൽ കത്തുന്പോൾ രാജ്യതലസ്ഥാനത്തെ തണുപ്പിനെ മറന്നേപോയി.
ഏതൊരു ഇന്ത്യക്കാരന്റെയും സ്വപ്നമായിരിക്കില്ലേ രാജ്യത്തിന്റെ അഭിമാന നിമിഷമായ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുക, സാക്ഷ്യം വഹിക്കുക എന്നതൊക്കെ. അതും രാജ്യത്തിന്റെ പ്രധാനമന്ത്രി അടക്കമുള്ളവരൊപ്പമാകുന്പോൾ അതിന്റെ മധുരം ഇരട്ടിക്കും.
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തു നടന്ന പരിപാടികളിൽ ആദ്യന്തം പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ഹാങ്ഒാവർ ഇനിയും സിസ്റ്റർ ഡോ. നോയൽ റോസിനെ വിട്ടുപോയിട്ടില്ല. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള എൻഎസ്എസ് വോളണ്ടിയർമാരെ നയിക്കാനുള്ള നിയോഗവുമായിട്ടാണ് സിസ്റ്റർ ഡൽഹിയിൽ എത്തിയത്.
കേരളത്തിലെ മൂവായിരത്തോളം പ്രോഗ്രാം ഒാഫീസർമാരിൽനിന്ന് സന്യാസിനിയായ താൻ ഈ ദൗത്യത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ടു എന്നത് പരിപാടികൾ കഴിഞ്ഞിട്ടും സിസ്റ്റർക്ക് വിശ്വസിക്കാനായിട്ടില്ല.
പുലർച്ചെ 2.30ന്
തൊടുപുഴ ന്യൂമാന്‍ കോളജ് എന്‍എസ്എസ് കോ-ഓര്‍ഡിനേറ്ററും സിഎംസി സഭാംഗവുമായ സിസ്റ്റര്‍ ഡോ. നോയല്‍ റോസിന്റെ മനസിൽ മാതൃരാജ്യത്തോടുള്ള സ്നേഹം ഇരട്ടിപ്പിച്ച നിമിഷങ്ങളായിരുന്നു ഡൽഹി സമ്മാനിച്ചത്.
പരേഡിനായി കര്‍ശന പരിശീലനമാണ് കേഡറ്റുകള്ക്കുണ്ടായിരുന്നത്. ഒരു മാസം മുന്‍പേ ഡൽഹിയിൽ എത്തി. ഇവര്‍ക്കു താങ്ങും തണലുമായി സിസ്റ്ററും. ഒരു മാസം ഡല്‍ഹിയിലെ മരംകോച്ചുന്ന തണുപ്പിനെ അതിജീവിച്ചുള്ള തീവ്രപരിശീലനം ക്ലേശകരമായിരുന്നു.
പുലര്‍ച്ചെ 2.30ന് പരിശീലനം ആരംഭിക്കും. ഇതിനായി നേരത്തേ എഴുന്നേറ്റ് കുട്ടികളെ ഒരുക്കണം. മൂന്നു മണിക്കൂര്‍ നീളുന്നതാണ് പരിശീലനം. ഉച്ചകഴിഞ്ഞ് 2.30നു വീണ്ടും പരിശീലനം ആരംഭിക്കും. ഇതുകഴിഞ്ഞു മടങ്ങിയെത്തിയാല്‍ പിന്നെ മറ്റൊരു ലോകമാണ്.
ഇന്ത്യയെ തൊട്ടറിഞ്ഞ്
ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന പരിപാടികളാണ് തുടർന്ന് അരങ്ങേറുന്നത്. ഇതിനും കേഡറ്റുകളെ ഒരുക്കണം. ഡല്‍ഹിയില്‍ പരിശീലനം തുടങ്ങുന്നതിനു മുന്‍പ് കര്‍ണാടകയിലെ ദേവന്ഗര യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു പരിശീലനം.
തുടര്‍ന്നാണ് ടീം ഡല്‍ഹിയിലേക്കു തിരിച്ചത്. വര്‍ഷങ്ങളായി മഠത്തില്‍ ശീലിച്ചുവന്ന ചിട്ടകളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഡല്‍ഹിയിലെ ജീവിതം. പരേഡുമായി ബന്ധപ്പെട്ട ദിനചര്യകൾ അണുവിട തെറ്റാൻ പാടില്ലെന്നാണ് നിർദേശം.
അതിരാവിലെ കുർബാനയ്ക്കു പോവുക എന്ന ശീലം തത്കാലം മാറ്റിവയ്ക്കേണ്ടി വന്നു. എങ്കിലും പരിശീലനം കഴിഞ്ഞ് ഊബര്‍ ടാക്സി വിളിച്ചു സമീപത്തെ പള്ളിയിൽ ദിവസവും കുർബാനയ്ക്കു പോകുമായിരുന്നു. ഇതു വലിയ ഊർജമാണ് ഒാരോ ദിവസവും നൽകിയിരുന്നത്.
നല്ല കൂട്ടുകാർ
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇരുനൂറോളം എന്‍എസ്എസ് വോളന്റിയർമാർ ദിവസങ്ങൾക്കകം ഒരു കുടുംബം പോലെ ആയി മാറിയെന്നു സിസ്റ്റര്‍ പറയുന്നു. വിവിധ മതങ്ങളില്‍പ്പെട്ടവരും ഭാഷകള്‍ സംസാരിക്കുന്നവരുമെല്ലാം നല്ല കൂട്ടുകാരായി. സന്യാസിനീവേഷത്തില് ഒരാളെ ജീവിതത്തില്‍ ആദ്യമായി കണ്ടവർ പോലും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
രാജ്യത്തെ ഉള്ഗ്രാമങ്ങളില്നിന്നെത്തിയ നിരവധി വോളന്റിയർമാർക്ക് സന്യാസജീവിതം അദ്ഭുതമായിരുന്നു. അവർ ആത്മീയ ജീവിതത്തിന്റെ വിവിധ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. യാതൊരു പ്രതിഫലവുമില്ലാതെ ക്രിസ്തുസ്നേഹത്തിലാണ് സന്യാസിനികൾ ശുശ്രൂഷകൾ ചെയ്യുന്നതെന്നു പറഞ്ഞപ്പോൾ പലർക്കും അദ്ഭുതം.
അമ്മയായും ചേച്ചിയായും സിസ്റ്റർ അവരെ ചേർത്തുപിടിച്ചതോടെ വീട്ടിൽനിന്ന് അകന്നുനിന്നതിന്റെ സങ്കടം പോലും പലർക്കും ഇല്ലാതായി. ടെലിവിഷനിലൂടെ മാത്രം കണ്ടു പരിചയിച്ച റിപ്പബ്ലിക് പരേഡിൽ പങ്കുചേരാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.
ഇന്ത്യയുടെ സൈനികശക്തിയും സാംസ്കാരിക പൈതൃകവും വിളിച്ചോതിയ പരേഡില്‍ പങ്കെടുത്ത ഏക ക്രൈസ്തവ സന്യാസിനിയായിരുന്നു സിസ്റ്റർ ഡോ. നോയൽ റോസ്. എംജി യൂണിവേഴ്സിറ്റിയുടെ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായി രണ്ടു തവണ സിസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ന്യൂമാന്‍ കോളജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറെന്ന നിലയില്‍ 12 സ്നേഹവീടുകള്‍ നിര്മിച്ചുനല്കുന്നതിനും കുട്ടികൾക്കൊപ്പം നേതൃത്വം നൽകിയിട്ടുണ്ട്.
ഒരിക്കലും മറക്കാത്ത അത്താഴവിരുന്ന്
രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ നേരില്‍ കാണാനും അവര്‍ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുക്കാനും അവസരം ലഭിച്ചത് ഒരിക്കലും മറക്കാനാവില്ലെന്നു സിസ്റ്റർ നോയൽ റോസ് പറയുന്നു.
പരേഡിനു ശേഷം ഫരീദാബാദ് രൂപത, വിവിധ സന്യാസഭവനങ്ങള്‍ എന്നിവിടങ്ങളില്‍ ഊഷ്മള സ്വീകരണം ലഭിച്ചു. സൈനിക ഓഫീസര്‍മാരും എന്‍എസ്എസ് അധികൃതരും പരേഡ് അധികാരികളുമല്ലാം ഹൃദ്യമായാണ് പെരുമാറിയത്. ക്രൈസ്തവ സന്യാസിനിയെന്ന നിലയില്‍ പ്രത്യേക ആദരവോടെ അവർ ഇടപെട്ടു.
പ്രധാനമന്ത്രിയുടെ വസതിക്ക് വെറും 500 മീറ്റര്‍ ദൂരപരിധിയിലായിരുന്നു താമസം. ഇവിടേക്കു പ്രവേശിക്കാൻ പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു.
ഡല്‍ഹിയിലെ ഭാരതീയ മണ്ഡപത്തില്‍ 2025 ജനുവരി 11 മുതല്‍ 13 വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 7,000 പേര് പങ്കെടുത്ത നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാനും സാംസ്കാരിക പരിപാടി അവതരിപ്പിക്കാനും വോളന്റിയർമാർക്ക് അവസരം കിട്ടി.
ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി മാറുന്ന ഇന്ത്യയെകുറിച്ചുള്ള സ്വപ്നങ്ങള്‍, അതു കൈവരിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ എന്നിവയുടെ അവതരണവും ആശയവിനിമയങ്ങളുമായിരുന്നു യൂത്ത് ഫെസ്റ്റിവലിന്റെ ലക്ഷ്യം.
ഇന്ത്യയെക്കുറിച്ചുള്ള അഭിമാനം വാനോളം ഉയർന്ന നിമിഷങ്ങളിലൂടെയാണ് ആ ദിനങ്ങളിൽ കടന്നുപോയതെന്ന് സിസ്റ്റർ ആഹ്ലാദത്തോടെ പറയുന്നു. രാജ്യത്തെക്കുറിച്ചുള്ള മധുരസ്മരണകൾ മനസിൽ നിറച്ചാണ് എല്ലാവരുംതന്നെ നാടുകളിലേക്കു മടങ്ങിയത്.
ജെയിസ് വാട്ടപ്പിള്ളില്‍