ഹൂസ്റ്റണിൽ മാർത്തോമ്മ ഫാമിലി കോണ്‍ഫറൻസ്; ഒരുക്കങ്ങൾ ആരംഭിച്ചു
Tuesday, September 26, 2017 10:42 AM IST
ഹൂസ്റ്റണ്‍: ഇന്ത്യയ്ക്കു പുറത്ത് നടത്തപ്പെടുന്ന മാർത്തോമ്മ കോണ്‍ഫറൻസുകളിൽ ഏറ്റവും ശ്രദ്ധേയമായ നോർത്ത്അമേരിക്കാ യൂറോപ്പ് ഭദ്രാസന ഫാമിലി കോണ്‍ഫറൻസ് ഒരു ചരിത്ര സംഭവമാക്കി മാറ്റാൻ സംഘാടകർ പ്രവർത്തനമാരംഭിച്ചു.

നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 32-ാമത് ഫാമിലി കോണ്‍ഫറൻസിന് സൗത്ത് വെസ്റ്റ് റീജണൽ ആക്ടിവിറ്റി (RAC) കമ്മിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.

2018 ജൂലൈ 5, 6, 7, 8 (വ്യാഴം മുതൽ ഞായർ വരെ) തീയതികളിൽ നടത്തപ്പെടുന്ന കോണ്‍ഫറൻസ് ഹൂസ്റ്റണ്‍ ജോർജ് ബുഷ് ഇന്‍റർ കോണ്‍ണ്ടിനന്‍റൽ എയർപോർട്ടിന് അടുത്തുള്ള ഹിൽട്ടണ്‍ ഹോട്ടൽ ഹൂസ്റ്റണ്‍ നോർത്തിൽ ആണ് നടത്തപ്പെടുന്നത്.

2018 എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ.ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്ക്കോപ്പായെ കൂടാതെ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരം, കൊല്ലം ഭദ്രാസനാധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് എപ്പിസ്ക്കോപ്പാ, ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തീമോത്തിയോസ് എപ്പിസ്ക്കോപ്പാ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറുന്ന കോണ്‍ഫറൻസ് വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് മികവുറ്റതാക്കി മാറ്റാനാണ് സംഘാടകർ ശ്രമിക്കുന്നത്.

മികച്ച പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ. സാം ടി. കോശി മുഖ്യപ്രഭാഷകനായിരിക്കും. ദൈവത്താൽ സംയോജിപ്പിക്കപ്പെട്ടവർ; ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടവർ (United by God- Committed to serve) എന്ന ചിന്താവിഷയത്തെ അധികരിച്ച് ആഴമേറിയ പഠനവും ചർച്ചകളും കോണ്‍ഫറൻസ് ദിനങ്ങളെ സന്പുഷ്ടമാക്കും.

സെപ്റ്റംബർ 24 ന് ഇമ്മാനുവൽ മാർത്തോമ്മ ദേവാലയത്തിൽ നടന്ന ജനറൽ കമ്മിറ്റി യോഗത്തിൽ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു. ഭദ്രാസനത്തിലെ 80 ൽ പരം ഇടവകകളും കോണ്‍ഗ്രിഗേഷനുകളിൽ നിന്നുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് കോണ്‍ഫറൻസ് ഒരു മഹാകുടുംബസംഗമം ആക്കി മാറ്റാൻ ഏവരുടെയും പ്രാർഥനാപൂർണമായ സഹകരണം അദ്ദേഹം അഭ്യർഥിച്ചു.

കോണ്‍ഫറൻസ് ലോഗോയുടെയും സുവനീറിന്േ‍റയും കിക്ക് ഓഫ് ഒക്ടോബർ മാസത്തിലും രജിസ്ട്രേഷൻ കിക്ക് ഓഫ് ഡിസംബർ മാസത്തിൽ നടത്തുന്നതിനും തീരുമാനിച്ചു. കോണ്‍ഫറൻസ് ബജറ്റും അവതരിപ്പിച്ചു പാസാക്കി. ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഹാർവി ദുരിതാശ്വാസ പദ്ധതികൾ ഉൗർജിതപ്പെടുത്തുന്നത്തിനും തീരുമാനിച്ചു.

കോണ്‍ഫറൻസിന്‍റെ അനുഗ്രഹകരമായ നടത്തിപ്പിന് ഭദ്രാസന എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ ഷാജൻ ജോർജ് ജനറൽ കണ്‍വീനറും മറ്റു ഭാരവാഹികളായ റവ. ഏബ്രഹാം വർഗീസ് (വൈസ് പ്രസിഡന്‍റ്), ജോണ്‍ ഫിലിപ്പ്(സെക്രട്ടറി), സജു കോരാ (ട്രഷറർ), ലിൻ കുരിക്കാട്ട് (കോണ്‍ഫറൻസ് ജോയിന്‍റ് സെക്രട്ടറി), ജോണ്‍ ചാക്കോ (കോണ്‍ഫറൻസ് അക്കൗണ്ടന്‍റ്), റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താൻ, റവ. മാത്യൂസ് ഫിലിപ്പ്, റവ.ഫിലിപ്പ് ഫിലിപ്പ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും നൂറിൽ പരം അംഗങ്ങളുള്ള 30 സബ് കമ്മിറ്റികളും പ്രവർത്തനമാരംഭിച്ചു.

റവ. എബ്രഹാം വർഗീസ്, റവ. ജോണ്‍സണ്‍ തോമസ് ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. ഭദ്രാസന പ്രോജക്ട് മാനേജർ റവ.ഡോ.ഫിലിപ്പ് വർഗീസ്, റവ. മാത്യൂസ് ഫിലിപ്പ്, റവ. ഫിലിപ്പ് ഫിലിപ്പ്, ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ്, ട്രിനിറ്റി, ഇമ്മാനുവേൽ ഇടവകകളുടെ ചുമതലക്കാർ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി