കെഎച്ച്എയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന് : ഫാഷൻ ഷോയും തിരുവാതിരയും ആവേശം പകരും
Thursday, August 17, 2017 3:54 AM IST
ഫീനിക്സ്: അരിസോണയിലെ പ്രമുഖ മലയാളി പ്രവാസി സംഘടനയായ കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ ഈ വർഷത്തെ ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ ഓഗസ്റ്റ് 19ന് ആഘോഷിക്കും. ഒരുദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ഫിനിക്സിലെ എഎസ്യു പ്രീപെറ്ററി അക്കാദമി ഓഡിറ്റോറിയത്തിൽ വച്ചാണ് കൊണ്ടാടുന്നത്.

രാവിലെ 10 :30നു അത്തപ്പൂക്കളമൊരുക്കി ഈ വർഷത്തെ ഓണാഘോഷത്തിന് തുടക്കമാകും. തുടർന്ന് 101 വനിതകൾ പങ്കെടുക്കുന്ന മഹാതിരുവാതിര അവതരിപ്പിക്കും. അനിത പ്രസീദ്, മഞ്ജു രാജേഷ്, അഞ്ചു നായർ, ദിവ്യ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുവാതിരയുടെ പരിശീലനങ്ങൾ അരിസോണയുടെ പലഭാഗങ്ങളിലായി നടക്കുന്നത്. ആരിസോണയിലെ കലാസാംസ്കാരിക സന്നദ്ധ സംഘടനകളിലെ നേതാക്കൾ നിലവിളക്കു തെളിയിച്ചു തിരുവാതിരയും ഈവർഷത്തെ ഓണാഘോഷ പരിപാടികളും ഒൗപചാരികമായി ഉത്ഘാടനം ചെയ്യും. തുടർന്ന് അരിസോണയിലുള്ള നൂറ്റന്പതിലധികം കലാകാര·ാരും കലാകാരികളും അണിനിരക്കുന്ന കേരളത്തിന്‍റെ കലാപാരന്പര്യവും, സാംസ്കാരികപൈതൃകവും, വിളിച്ചോതുന്ന വൈവിദ്ധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കും .
നാല്പതിലധികം കലാകാര·ാർ പങ്കെടുക്കുന്ന മഹാബലി വരവേല്പും ഘോഷയാത്രയും അതിനോടനുബന്ധിച്ചു നടക്കുന്ന നൃത്തശില്പവും ഈ വർഷത്തെ ഓണാഘോഷത്തിലെ പ്രധാന ഇനമാണ്. ഈ നൃത്തസംഗീതശിൽപ്പം ചിട്ടപ്പെടുത്തുന്നത് രമ്യ അരുണ്‍കൃഷ്ണൻ , മഞ്ജു രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ്. രാജകീയ പ്രൗഢിയിൽ നടക്കുന്ന ഘോഷയാത്രയിലും വരവേൽപ്പിലും കേരളത്തിന്‍റെ തനതായ കലാരൂപങ്ങളായ തെയ്യം, പുലികളി, വള്ളംകളി, കാവടി, മയിലാട്ടം, ചെണ്ടമേളം, താലപ്പൊലി, കുതിര കളി എന്നിവയും പ്രദർശിപ്പിക്കും.

ഈവർഷത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടാനായി രണ്ടു ഫാഷൻ ഷോകളാണ് അണിയറയിൽ ഒരുങ്ങുന്നത്. പൗരാണികകാലം മുതൽ ഉപയോഗിക്കുന്നതും ഇന്ത്യൻ സംസ്കാര’ത്തിന്‍റെ ഉത്പന്നവും ഭാരതീയ ദേശീയവേഷവുമായി ഏവരും കാണുന്ന സാരിയുടെ ഷോയുമായി ശാന്ത ഹരിഹരന്‍റെ എത്നിക് വെയ്വ്സ് എത്തുന്പോൾ, കേരളത്തിന്‍റെ വൈവിധ്യമാര്ന്ന സാംസ്കാരികപാരന്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും, അന്തസത്ത ഉൾകൊണ്ടുകൊണ്ട്, പുരാതന രീതിയിലുള്ള വസ്ത്രധാരണവും സമകാലീന ഫാഷൻ സങ്കല്പങ്ങളും സമന്യോയിപ്പിച്ചു ജിൻസി ഡിൻസിന്‍റെ നേതൃത്വത്തിൽ സംസ്കൃതി 2017ഒരുങ്ങുന്നു. അൻപതിലധികം പേര് പങ്കെടുക്കുന്ന ഈ രണ്ടു വ്യത്യസ്ത ഷോകളും അതിന്‍റെ ശൈലികൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും കാണികൾക്ക് ദൃശ്യ വിസ്മയമായിരിക്കുമെന്ന് നിസംശയം പറയാം.

അരിസോണയിലെ പ്രമുഖ ഗായകനും സംഘടനയുടെ സജീവ പ്രവർത്തകനുമായ ദിലീപ് , ജയകൃഷ്ണൻ സുരേഷ്, ശ്രീകുമാർ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കഥാപ്രസംഗം, ഷെറി, ആനന്ദ് , മനു, സുരേഷ്, സുധിർ എന്നിവർ അവതരിപ്പിക്കുന്ന കോമഡി ബാലെ തുടങ്ങിയവ കാണികളെ ചിരിയുടെ മാസ്മരിക ലോകത്തേക്ക് എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്‍റെ പ്രോമോക്ക് കിട്ടിയ മികച്ച സ്വീകാര്യത തന്നെ ഇതിന്‍റെ തെളിവാണ്.

ഉച്ചക്ക് 11 :30-നു ആരംഭിക്കുന്ന ഓണസദ്യക്ക് കേരളത്തിന്‍റെ പാരന്പര്യവും, പൈതൃകവും, വിളിച്ചോതുന്ന ഇരുപത്തഞ്ചിലധികം വിഭവങ്ങളാണ് വിളന്പുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കാനായി അരിസോണയിലെ മലയാളി രുചിയായ കറി ഗാർഡൻസ് ഗിരീഷ് ചന്ദ്രൻ, ജോജോ, ശ്രീകുമാര് കൈതവന, സുരേഷ് കുമാര്, കൃഷ്ണ കുമാർ എന്നിവരോടൊപ്പം പ്രഗത്ഭരുടെ ഒരു നിര തന്നെയാണ് അണിനിരക്കുന്നത്.

ഈ പരിപാടിയുടെ വൻ വിജയത്തിനായി പ്രസിഡന്‍റ് സുധിർ കൈതവന, ഓണാഘോഷ കമ്മിറ്റി ചെയർ സുരേഷ് നായർ, വൈസ് പ്രസിഡന്‍റ് ജോലാൽ കരുണാകരൻ, സെക്രട്ടറി രാജേഷ് ഗംഗാധരൻ, സഞ്ജീവൻ (കൽച്ചറൽ ചെയർ), അരുണ്‍കൃഷ്ണൻ (കൽച്ചറൽ ചെയർ), ഹരികുമാർ കളീക്കൽ, അനൂപ്, ശ്രീജിത്ത് ശ്രീനിവാസൻ, ഷാനവാസ് കാട്ടൂർ, ദിലീപ് പിള്ള (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നത്.

റിപ്പോർട്ട്: മനു നായർ