ഷിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് നാഷണൽ കോണ്‍ഫറൻസിന് ഓഗസ്റ്റ് 24ന് ഷിക്കാഗോയിൽ തിരിതെളിയും. രണ്ടുവർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന സമ്മേളനം 24, 25, 26 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ഇറ്റാസ്കയിലെ ഹോളിഡേ ഇന്നിൽ ആണ് നടക്കുക. പ്രമുഖ മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
മാധ്യമ രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും സമൂഹത്തിലെ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി വ്യത്യസ്ത സെമിനാറുകൾ, ചർച്ചകൾ, ഷിക്കാഗോയിലെ വിവിധ കലാ സ്കൂളുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായിരിക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, എം.ബി രാജേഷ് എംപി, എം. സ്വരാജ് എംഎൽഎ മാധ്യമ പ്രവർത്തകരായ അളകനന്ദ, ഡോ. ചന്ദ്രശേഖർ, ഉണ്ണി ബാലകൃഷ്ണൻ, ഷാനി പ്രഭാകരൻ, പി.വി. തോമസ് തുടങ്ങിയവർ പങ്കെടുക്കും.
അമേരിക്കൻ മലയാളി സമൂഹത്തിൽ പ്രവർത്തിക്കുന്ന വിവിധ സാമൂഹ്യസാംസ്കാരിക സംഘടനാ സാരഥികൾ, ഫൊക്കാന, ഫോമ, എൻഎസ്എസ്, എകഐംജി, ലാന തുടങ്ങിയവയുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. പ്രസ് ക്ലബിന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികളുടെ നേതൃത്വത്തിൽ സെമിനാറുകൾ നടക്കും. ചടങ്ങിൽ മാധ്യമ സാമൂഹിക സാഹിത്യ രംഗത്തെ പ്രഗത്ഭർക്ക് അവാർഡുകൾ സമ്മാനിക്കും.
പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് ശിവൻ മുഹമ്മ, കണ്വൻഷൻ ചെയർമാൻ ജോസ് കണിയാലി, സെക്രട്ടറി ജോർജ് കാക്കനാട്ട്, ട്രഷറർ ജോസ് കാടാപ്പുറം, ഹോസ്പിറ്റാലിറ്റി ചെയർമാൻ ജോയ് ചെമ്മാച്ചേൽ, ബിജു സഖറിയ, പ്രസന്നൻ പിള്ള തുടങ്ങിയവർ കണ്‍വൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: ജോസ് കാടാപ്പുറം