എബനേസർ മാർത്തോമ്മാ ചർച്ചിന്‍റെ ഇടവക ദിനത്തോടൊപ്പം പിതൃദിനവും ആഘോഷിച്ചു
Friday, June 23, 2017 6:51 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ പോർട്ട്ചെസ്റ്ററിലുള്ള എബനേസർ മാർത്തോമ്മാ ചർച്ചിന്‍റെ 30മത് ഇടവകദിനവും, അതോടൊപ്പം ഫാദേഴ്സ് ഡേയും സമുചിതമായി കൊണ്ടാടി. ജൂണ്‍ 18നു ഞായറാഴ്ച രാവിലെ 9ന് ആരംഭിച്ച വിശുദ്ധ കുർബ്ബാന ശുശ്രൂഷയ്ക്ക് നോർത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനാധിപൻ അഭി. ഐസക് മാർ പിലിക്സിനോസ് തിരുമേനി നേതൃത്വം കൊടുത്തു. വിശുദ്ധ കുർബ്ബാന മധ്യേ യോഹന്നാന്‍റെ സുവിശേഷം നാലാം അധ്യായം 23ാം വാക്യം ആധാരമാക്കി വചന ശുശ്രൂഷ നടത്തി.

വിശ്വാസത്തിന്‍റെ ആഘോഷമായി ആരാധന നടത്തേണ്ടതിന്‍റെ ആവശ്യകതയും, സത്യത്തിലും, ആത്മാവിലും ദൈവത്തെ ആരാധിക്കുവാൻ ശ്രമിക്കുന്പോഴാണ് ആരാധനയുടെ മഹത്വം മനസിലാക്കുന്നതെന്നും തിരുമേനി ചൂണ്ടിക്കാട്ടി. ശമര്യസ്ത്രീയുടെ അടുത്തേക്ക് ദാഹജലം ചോദിച്ച് എത്തുന്ന ക്രിസ്തു, ദാഹജലത്തിൽ നിന്നും നിത്യജീവൻ പ്രാപിക്കുവാനുള്ള ജീവജാല പ്രാപ്തിയിലേക്ക് നയിക്കുന്നതോടൊപ്പം വേർതിരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ എല്ലാവരേയും ഒന്നായിക്കണ്ട്, അതിനെതിരായി നിൽക്കുന്ന തടസങ്ങളെ ഇല്ലാതാക്കുന്ന ഒരു ക്രിസ്തുവിനെ ഇവിടെ കാണുവാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി. ആരാധനയിൽ സംബന്ധിക്കുന്പോൾ തിരിച്ചറിവിന്‍റെ അനുഭവം ഉണ്ടാകുന്നതൊടൊപ്പം, ജീവിതരൂപാന്തരത്തിന്‍റെ മഹത്വവും ആരാധനയിലൂടെ നമുക്ക് കാണുവാൻ സാധിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആരാധനയിൽ ദൈവത്തിന്‍റെ മഹത്വം ദർശിക്കുന്നതോടൊപ്പം, ദാഹജലത്തിൽ നിന്നും ജീവജലത്തിലേക്ക് നയിക്കുന്ന അനുഭവമാക്കി മാറ്റണമെന്നും ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുർബ്ബാന ശുശ്രൂഷക്കുശേഷം നടന്ന എബനേസർ ഇടവകയുടെ 30മത് ഇടവകദിനാചരണ മീറ്റിംഗിന് അഭിവന്ദ്യ തിരുമേനി അധ്യക്ഷം വഹിച്ചു.
||
ചർച്ച് ക്വയറിന്‍റെ പ്രാരംഭഗാനത്തിനുശേഷം, ഇടവക വൈസ് പ്രസിഡന്‍റ് ഈപ്പൻ ജോസഫ് പ്രാരംഭ പ്രാർത്ഥന നടത്തി. ഇടവക വികാരി റവ. ബിജി മാത്യു ആമുഖ പ്രസംഗത്തിനുശേഷം അഭിവന്ദ്യ ഭദ്രാസന ബിഷപ്പ് റൈറ്റ് ഡോ. ഐസക് മാർ പീലിക്സിനോസ് തിരുമേനിയെ ഇടവകയുടെ മുപ്പതാമത് ഇടവക സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു.

തുടർന്നു നടന്ന ഫാദേഴ്സ് ഡേ പ്രോഗ്രാമിൽ തിരുമേനിക്കും, അച്ചൻമാർക്കും ഫാദേഴ്സ് ഡേ ഗിഫ്റ്റ് കൊടുത്തതോടൊപ്പം ഇടവകയിലെ എല്ലാ പിതാക്ക·ാർക്കും സമ്മാനം കൊടുത്ത് ആദരിച്ചു. ഇടവകദിനാഘോഷത്തിന് മാറ്റുക്കൂട്ടുവാൻ, സണ്ടേസ്ക്കൂൾ യുവജനസംഘടനസേവികാസംഘം, ക്വയർ എന്നിവർ വൈവിദ്ധ്യങ്ങളായ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

റവ.ബിജി മാത്യുവിന്‍റെ പ്രാർത്ഥനക്കും, തിരുമേനിയുടെ ആശിർവാദത്തോടും കൈമുത്തോടുക്കൂടി ഇടവകയുടെ പാരിഷ് ഡേ, ഫാദേഴ്സ് ഡേ പ്രോഗ്രാമിന് പരിസമാപ്തിയായി. മിസ്. സ്നേഹ തോമസ്, മിസ്. ദീപ്തി ജോണ്‍ എന്നിവർ എം.സിമാരായി പ്രവർത്തിച്ചു. വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം