ഡമോക്രാറ്റിക് പാർട്ടിക്ക് വീണ്ടും തിരിച്ചടി; സൗത്ത് കാരലൈനയിലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിജയിച്ചു
Thursday, June 22, 2017 7:42 AM IST
സൗത്ത് കരോലിനാ: വിജയ പ്രതീക്ഷകൾ വച്ചു പുലർത്തിയ ജോർജിയായിൽ വന്പിച്ച പരാജയം ഏറ്റുവാങ്ങിയ ഡമോക്രാറ്റിക് പാർട്ടിക് സൗത്ത് കരോലിനായിലും വിജയിക്കുവാൻ കഴിയാതിരുന്നത് കനത്ത പ്രഹരമായി. യുഎസ് ഹൗസിലേക്ക് ജൂണ്‍ 20 ചൊവാഴ്ച നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

നവംബറിലെ പൊതു തെരഞ്ഞെടുപ്പിനുശേഷം യുഎസ് ഹൗസിലേക്ക് നടന്ന നാലു തെരഞ്ഞെടുപ്പുകളിലും ഡമോക്രാറ്റിക് പാർട്ടി പരാജയപ്പെട്ടതിനെ തുടർന്നു പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

സൗത്ത് കരോലിനായിൽ നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റാൾഫ് നോർമൻ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ആർച്ചി പാർനെലിനെ നേരിയ ഭൂരിപക്ഷത്തിന് തോൽപിച്ചു. മൊണ്ടാന, കാൻസസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജിഒപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

ട്രംപ് പ്രസിഡന്‍റ് പദം ഏറ്റെടുത്തതിനുശേഷം പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകൾക്കുള്ള വോട്ടർമാരുടെ അംഗീകാരമാണെ തിരഞ്ഞെടുപ്പ് വിജയമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വം അവകാശപ്പെട്ടു. അതേ സമയം തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ ഡമോക്രാറ്റിക് പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും സജീവ ചർച്ചാ വിഷയമായിരിക്കുന്നു.

റിപ്പോർട്ട്: പി.പി.ചെറിയാൻ