ട്രംപിനു കരുത്തുപകർന്ന് ജോർജിയായിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്കു വൻ ജയം
Wednesday, June 21, 2017 6:26 AM IST
ബ്രൂക്ക്ഹെവൻ: യുഎസ് പ്രതിനിധി സഭയിലേക്ക് ജോർജിയ സംസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിക്കു വൻ വിജയം. ആറാമത് കണ്‍ഗ്രേഷൻ ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കേരണ്‍ ഹണ്ടൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോണ്‍ ഒൗസേഫിനെ 11000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

ട്രംപിന്‍റെ ഭരണത്തിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെ ഡമോക്രാറ്റിക്ക് പാർട്ടി സർവ്വ തന്ത്രങ്ങളും പയറ്റിയെങ്കിലും പ്രവചനങ്ങളെ കാറ്റിൽ പറത്തി റിപ്പബ്ലിക്കൻ പാർട്ടി സീറ്റ് നിലനിർത്തുകയായിരുന്നു. യുഎസ് കോണ്‍ഗ്രസിലേക്ക് ജോർജിയായിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ റിപ്പബ്ലിക്കൻ വനിതാ പ്രതിനിധിയാണ് കേരണ്‍.

1979 മുതൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്ന സീറ്റ് ഒഴിവു വന്നത് ടോം ്രെപെസിനെ ട്രംപിന്‍റെ കാബിനറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ്.

ട്രംപിന്‍റെ നിലപാടുകളോടുള്ള വോട്ടർമാരുടെ അനുകൂല പ്രതികരണമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് മെജോറിട്ടി ലീഡർ പോൾ റയാൻ അഭിപ്രായപ്പെട്ടു. ട്രംപ് കേരനെ അഭിനന്ദിച്ച് ട്വിറ്റ് ചെയ്യുകയും ചെയ്തു.


റിപ്പോർട്ട്: പി.പി. ചെറിയാൻ