സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ ഇംഗ്ലീഷ് ചാപ്പൽ കൂദാശ മേയ് ആറിന്
Saturday, April 29, 2017 7:44 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ പ്രധാന ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്‍റെ കീഴിൽ തുടക്കം കുറിക്കുന്ന ഇംഗ്ലീഷ് ചാപ്പലിന്‍റെ കൂദാശ കർമം മേയ് ആറിന് (ശനി) നടക്കുന്ന ചടങ്ങിൽ ഇടവക മെത്രാപ്പോലീത്ത യൽദൊ മോർ തീത്തോസ് നിർവഹിക്കും.

അമേരിക്കയിൽ ജനിച്ചു വളർന്ന വിദ്യാർഥികൾ, യുവജനങ്ങൾ, യുവദന്പതികൾ, എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് ആരാധനയിൽ സജീവ പങ്കാളിത്തം വഹിക്കുന്നതിന് പ്രധാന തടസം ഭാഷയാണെന്നുള്ളതിനാൽ എല്ലാ ഞായറാഴ്ചകളിലും മലയാള ആരാധനയ്ക്ക് സമാന്തരമായി ഇംഗ്ലീഷ് ആരാധന നടത്തുന്നതിനുള്ള ക്രമീകരണമാണ് ചാപ്പലിൽ ഒരുക്കുന്നത്. യുവജനങ്ങൾക്ക് ഓർത്തഡോക്സ് വിശ്വാസ ആരാനുഷ്ഠാനങ്ങൾ പഠിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ള അവസരമുണ്ടാകുക വഴി ആരാധനയിൽ കൂടുതൽ പങ്കാളിത്വം ഉറപ്പാക്കുകയും അതുവഴി യഥാർഥ ക്രൈസ്തവ ജീവിതം കെട്ടിപ്പടുത്തുന്നതിന് അവരെ സജ്ജമാക്കുകയുമാണ് ഈ ഉദ്യമത്തിന്‍റെ പ്രധാന ഉദ്ദേശം.

ആരാധനയ്ക്ക് മാത്രമായി ഒരു പ്രത്യേക ചാപ്പൽ ആരംഭിക്കുന്ന ആദ്യ ഇടവകയാണ് ഡാളസ് സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രൽ എന്നതും ശ്രദ്ധേയമാണ്. ഇടവകാംഗങ്ങളുടെ പ്രാർഥനയും സഹകരണവും യുവജനങ്ങളുടെ നിസ്വാർത്ഥ സേവനവും സമർപ്പണവുമാണ് ഇത്തരം സംരംഭത്തിന് തുടക്കം കുറിക്കുവാൻ ഇടവകക്ക് സാദ്ധ്യമായതെന്ന് വികാരി ഫാ. സാജൻ ജോണ്‍ അഭിപ്രായപ്പെട്ടു.

രാവിലെ 8.45 ന് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും ഒന്പതിന് ചാപ്പൽ കൂദാശയും, തുടർന്ന് പ്രഭാതപ്രാർഥനക്കുശേഷം വിശുദ്ധ കുർബാന അർപ്പണവും നടക്കും. ചടങ്ങിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.സാജൻ ജോണ്‍, സഹവികാരി റവ. ഡോ. രജ്ജൻ മാത്യു എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ