സനീഷ് ജോർജ് ഇല്ലിനോയിസ് റെസ്പിരേറ്ററി കെയർ ബോർഡിലേക്ക് നിയമിതനായി
Saturday, April 29, 2017 12:01 AM IST
ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ റെസ്പിരേറ്ററി കെയർ ലൈസൻസിംഗ് ബോർഡിലേക്ക് ഡെസ്പ്ലെയിൻസിൽ നിന്നുള്ള റെസ്പിരേറ്ററി കെയർ തെറാപ്പിസ്റ്റായ സനീഷ് ജോർജ് നിയമിതനായി. ഇല്ലിനോയി സംസ്ഥാനത്തെ പ്രൊഫഷണൽ ആൻഡ് ഫിനാൻഷ്യൽ റെഗുലേഷൻ ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറിയെ തെറാപ്പിസ്റ്റുകളുടെ ലൈൻസൻസിംഗ്, അച്ചടക്ക നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ നയപരമായ ഉപദേശങ്ങൾ നൽകുന്നതിനായാണ് 1996 മുതൽ ഈ ബോർഡ് പ്രവർത്തിച്ചുവരുന്നത്.

നാലു റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളും രണ്ട് ഹോസ്പിറ്റൽ മേധാവികളും ഒരു മെഡിക്കൽ ഡയറക്ടറും അടങ്ങിയ ഈ ബോർഡിൽ സനീഷിന്‍റെ നിയമനം ഏപ്രിൽ പത്തിനു നിലവിൽ വന്നു. കഴിഞ്ഞ പത്തുവർഷമായി റെസ്പിരേറ്ററി കെയർ തെറാപ്പിസ്റ്റായ സനീഷ് പ്രസൻസ് ഹോളി ഫാമിലി മെഡിക്കൽ സെന്‍ററിലെ റെസ്പിരേറ്ററി സൂപ്പർവൈസറായി പ്രവർത്തിക്കുന്നു.

മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ (മാർക്) എഡ്യൂക്കേഷൻ കോർഡിനേറ്റർകൂടിയായ സനീഷിന്‍റെ ഈ നിയമനത്തിൽ മാർക്ക് എക്സിക്യൂട്ടീവ് അതിയായ സന്തോഷം പ്രകടിപ്പിച്ചു. സനീഷിന്‍റെ ഈ നിയമനം റെസ്പിരേറ്ററി കെയർ പ്രൊഫഷന്‍റെ വളർച്ചയ്ക്കും, പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്ന തെറാപ്പിസ്റ്റുകൾക്ക് പ്രചോദനവുമാണെന്ന് മാർക്ക് പ്രസിഡന്‍റ് യേശുദാസൻ ജോർജും, സെക്രട്ടറി ജോസഫ് റോയിയും അഭിപ്രായപ്പെട്ടു.

ഏഷ്യൻ വംശജർക്ക് പൊതുവെയും, മലയാളികൾക്ക് പ്രത്യേകിച്ചും അഭിമാനകരമായ ഈ നേട്ടം കൈവരിച്ച സനീഷ് ജോർജിനെ ആദരിക്കുന്നതിനായി മാർക്ക് പ്രത്യേക യോഗം ചേരുന്നതാണെന്നു സെക്രട്ടറി അറിയിച്ചു. റോയി ചേലമലയിൽ (മാർക്ക് സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം