ഡാളസിൽ നഴ്സസ് ഡേ ബാങ്ക്വറ്റ് മേയ് ഏഴിന്
Friday, April 28, 2017 6:27 AM IST
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്‍റെ നഴ്സസ് ഡേ ബാങ്ക്വറ്റ് ഡാളസിൽ മേയ് ഏഴിന് (ഞായർ) നടക്കും. പ്ലേനോയിലെ ക്രിസ്റ്റൽ ബാങ്ക്വറ്റ് ഹാളിൽ വൈകുന്നേരം 6.30നാണ് ചടങ്ങുകൾ. യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കൽ സെന്‍ററിന്‍റെ മാഗ്നറ്റ് പ്രോഗ്രാം ഡയറക്ടറായ വിക്ടോറിയ ഇംഗ്ലണ്ട് ചടങ്ങിൽ മുഖ്യ പ്രഭാഷകയായി പങ്കെടുത്ത് Nursing - the balance of body mind and spirit എന്ന വിഷയത്തിൽ സെമിനാർ നയിക്കും.

നാഷണൽ നഴ്സസ് അസോസിയേഷൻ (നൈന) പ്രസിഡന്‍റ് ഡോ. ജാക്കി മൈക്കിൾ, കേരള അസോസിയേഷൻ പ്രസിഡന്‍റ് ബാബു മാത്യു, ഡബ്ല്യുഎംസിയെ പ്രതിനിധീകരിച്ച് പി.സി. മാത്യു, ഇന്ത്യ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. ഇന്ത്യൻ സമൂഹത്തിലെ നഴ്സുമാരെ ആദരിക്കുന്നതോടൊപ്പം വാർഷിക സുവനീർ പ്രകാശനവും കലാപരിപാടികളും അത്താഴവിരുന്നും നടക്കും.

അഡ്വൈൻസ്ഡ് പ്രാക്ടീസ് നഴ്സിംഗ് മേഖലയിലുള്ളവരുടെ പ്രത്യേക കൂട്ടായ്മയായ എപിഎൻ ഫോറത്തിന്‍റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. പ്രമുഖ ട്രാവൽ ഏജന്‍റ്സ് ആയ സ്കൈപാസ് ഗ്രൂപ്പ് ആണ് പരിപാടിയുടെ ഗ്രാൻഡ് സ്പോണ്‍സർ. ജോസ് തങ്കച്ചൻ, സ്പെക്ട്രം ഫൈനാൻഷ്യൽസ്, ഫ്രണ്ട്ലി ഹോം ഹെൽത്ത് കെയർ, ഗ്രാൻഡ് കന്യൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് സഹ പ്രായോജകർ.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ