നോർത്ത് കൊറിയയ്ക്കെതിരെ സൈനിക നടപടി വേണമെന്ന് വോട്ടർമാർ
Friday, April 28, 2017 6:22 AM IST
വാഷിംഗ്ടണ്‍: ന്യൂക്ലിയർ യുദ്ധ ഭീഷണി മുഴക്കുന്ന നോർത്ത് കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെ അമേരിക്കയിലെ 53 ശതമാനം വോട്ടർമാരും അനുകൂലിക്കുന്നതായി ഫോക്സ് ന്യൂസ് നടത്തിയ സർവേ ചൂണ്ടിക്കാട്ടി. രജിസ്ട്രേഡ് വോട്ടർമാരിൽ നടത്തിയ സർവേ ഫലമാണ് ഫോക്സ് ന്യൂസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇപ്പോൾ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണി നോർത്ത് കൊറിയായിൽ നിന്നാണെന്ന് 36 ശതമാനം വോട്ടർമാർ അഭിപ്രായപ്പെട്ടപ്പോൾ 25 ശതമാനം ഐഎസിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടു. നോർത്ത് കൊറിയ വിഷയത്തിൽ ട്രംപിന്‍റെ നിലപാടുകൾ 45 ശതമാനം അനുകൂലിച്ചപ്പോൾ 47 ശതമാനം വിയോജിപ്പു പ്രകടിപ്പിച്ചു. റിപ്പബ്ലിക്കൻസ് 73 ശതമാനം പേർ നോർത്ത് കൊറിയയ്ക്കെതിരെ സൈനിക നടപടി വേണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഡമോക്രാറ്റുകളിൽ 36 ശതമാനം മാത്രമാണ് അനുകൂലിച്ചത്.

ഫോക്സ് ന്യൂസ് ഏപ്രിൽ 23 മുതൽ 25 വരെ ടെലിഫോണിൽ ബന്ധപ്പെട്ടാണ് വോട്ടർമാരുടെ അഭിപ്രായം ശേഖരിച്ചത്. നോർത്ത് കൊറിയ നടത്തുന്ന ന്യൂക്ലിയർ പരീക്ഷണങ്ങളിൽ ചൈനയും വിയോജിപ്പ് പ്രകടിപ്പിച്ചു. വേണ്ടിവന്നാൽ സാന്പത്തിക ഉപരോധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ചൈന ഭരണകൂടം മുന്നറിയിപ്പ് നൽകി. അമേരിക്കയും ചൈനയും ഒരേ അഭിപ്രായം രേഖപ്പെടുത്തിയത് നോർത്ത് കൊറിയയെ ഒരു പുനർചിന്തനത്തിന് പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ