ഹൂസ്റ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രോത്സവം
Thursday, April 27, 2017 4:53 AM IST
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും (11620 Ormandy St, Houston) ഏപ്രിൽ 30 മുതൽ മേയ് 13 വരെ ആഘോഷിക്കുന്നു.

പ്രശസ്ത തന്ത്രി ബ്രഹ്മശ്രീ ദിവാകരൻ നന്പൂതിരിയുടെ ഉപദേശാനുസരണമാണ് ചടങ്ങുകൾ നടക്കുന്നത്. ഉത്സവദിവസം ഉച്ചകഴിഞ്ഞ് രാത്രി എട്ടിനാണ് ഉത്സവക്കൊടിയേറ്റം. 10 ദിവസങ്ങളിലായി കൊണ്ടാടുന്ന ഈ മഹോത്സവത്തിൽ താന്ത്രികാചാര്യനായ ബ്രഹ്മശ്രീ ദിവാകരൻ നന്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മറ്റനവധി തന്ത്രികളും ഒന്നിക്കും. ഉത്സവകാലത്ത് നടക്കുന്ന പ്രധാന ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും പ്രാധാന്യം മനസിലാക്കാൻ ഭക്തജനങ്ങൾക്ക് അവസരം ലഭിക്കുന്നതിനൊപ്പം പ്രത്യേകപൂജാതി കർമങ്ങളിൽ പങ്ക് ചേരുവാനും പൂജകൾ നടത്തുവാനും അവസരം ലഭിക്കും.

പല്ലാവൂർ ശ്രീകുമാർ മാരാർ (ശ്രീധരൻ) നേതൃത്വം നൽകുന്ന ചെന്പട, പഞ്ചാരി, തായന്പക, ഇടക്കാ, സോപാനസംഗീതം എന്നിവയുടെ മാസ്മരിക പ്രപഞ്ചം ഉത്സവത്തിന് മാറ്റുകൂട്ടും. മേയ് ആറിന് (ശനി) രാത്രി എട്ടിന് കഥകളിയും 12ന് വൈകുന്നേരം മോഹിനിയാട്ടവും 13ന് വൈകുന്നേരം പ്രശസ്ത സംഗീത വിദ്വാൻ ശങ്കരൻ നന്പൂതിരിയുടെ സംഗീത വിരുന്നും നടക്കും. പത്തു ദിവസങ്ങളിലും ഹൂസ്റ്റണിലെ പ്രശസ്ത കലാ സാംസ്കാരിക കേന്ദ്രങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധതരം കലാരൂപങ്ങളും അരങ്ങേറും.

ഉത്സവത്തോടനുബന്ധിച്ച് മേയ് ആറിന് (ശനി) രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ എല്ലാ ഇന്ത്യക്കാർക്കുമായി കൗണ്‍സിലർ ക്യാന്പും സംഘടിപ്പിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: 713 729 8994, ഷണ്‍മുഖൻ വല്ല്യളിശേരിൽ (പ്രസിഡന്‍റ്) 832 640 0614, വിനോദ് വാസുദേവൻ 832 528 6581.

റിപ്പോർട്ട്: ശങ്കരൻകുട്ടി