ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിലിന്‍റെ 2017-ലെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
Tuesday, March 28, 2017 2:34 AM IST
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിലിന്‍റെ 2017-ലെ പ്രവർത്തനങ്ങൾ കൗണ്‍സിൽ രക്ഷാധികാരി ബിഷപ്പ് മാർ ജോയി ആലപ്പാട്ട് മാർച്ച് 15-നു സെന്‍റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു.

വേദപുസ്തക വായന, പാട്ട് എന്നിവയ്ക്കുശേഷം റവ.ഫാ. ലിജു പോൾ എല്ലാവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തിൽ കൗണ്‍സിൽ പ്രസിഡന്‍റ് റവ. ഏബ്രഹാം സ്കറിയ ഈവർഷത്തെ ചിന്താവിഷയമായ ന്ധസഭാ വിശ്വാസികൾ ദൈവത്തെ അനുകരിക്കുന്നവർ ആയിരിക്കണം’ (എഫെസ്യർ 5:1) എന്ന വാക്യത്തെ ഉദ്ധരിച്ച് സംസാരിച്ചു. തുടർന്ന് റവ.ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടിൽ ഡവോഷണൽ പ്രസംഗവും, ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ഉദ്ഘാടന പ്രസംഗവും നടത്തി. വൈസ് പ്രസിഡന്‍റ് റവ.ഫാ. മാത്യൂസ് ജോർജ്, ആലപ്പാട്ട് പിതാവിനു നന്ദി അർപ്പിച്ചു.

||

സെക്രട്ടറി ഗ്ലാഡ്സണ്‍ വർഗീസ് മിനിറ്റ്സും, ട്രഷറർ ജോണ്‍സണ്‍ കണ്ണൂക്കാടൻ 2017-ലെ ബഡ്ജറ്റും അവതരിപ്പിച്ചു. ഈവർഷത്തെ ഭവന നിർമ്മാണ പദ്ധതിയുടെ നറുക്കെടുപ്പ് തദവസരത്തിൽ നടത്തുകയും, ബഥേൽ മാർത്തോമാ ചർച്ച് അതിൽ വിജയംവരിക്കുകയും ചെയ്തു.

ലോക പ്രാർത്ഥനാദിനം, കുടുംബസംഗമം, ഭവനനിർമ്മാണ പദ്ധതി, വോളിബോൾ ടൂർണമെന്‍റ്, ബാസ്കറ്റ് ബോൾ ടൂർണമെന്‍റ്, സണ്‍ഡേ സ്കൂൾ കലാമേള, യൂത്ത് റിട്രീറ്റ് കണ്‍വൻഷൻ, ക്രിസ്തുമസ് ആഘോഷം എന്നിവയാണ് ഈവർഷത്തെ പരിപാടികൾ.

ജോയിന്‍റ് സെക്രട്ടറി എല്ലാവർക്കും നന്ദി അർപ്പിച്ചു. സമാപന പ്രാർത്ഥനയെ തുടർന്നു അഭി. മാർ ജോയി ആലപ്പാട്ട് ആശീർവാദ പ്രാർത്ഥന നടത്തി. സെന്‍റ് ജോർജ് യാക്കോബായ പള്ളിക്കാർ ഒരുക്കിയ സ്നേഹവിരുന്നോടെ മീറ്റിംഗ് സമാപിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം