ന്യൂജേഴ്സി ഇന്ത്യൻ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ ഏപ്രിൽ ഒന്നിന്
Thursday, March 23, 2017 5:47 AM IST
ന്യൂജേഴ്സി: അമേരിക്കയിൽ ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടി നൂറുകണക്കിന് കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ന്യൂജേഴ്സി ഇന്ത്യൻ ഫെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ 2017ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.

യുഎസിലെ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന ഇന്ത്യൻ കലാപ്രതിഭകളെ കണ്ടുപിടിച്ച് തങ്ങളുടെ നൈസർഗീകമായ കഴിവുകളെ നിരവധി വേദികളിൽ അവതരിപ്പിക്കുവാൻ അവസരമൊരുക്കുന്നതിനും പ്രോത്സാഹനം നല്കുന്നതിനും രൂപീകരിച്ച ഇന്‍റർനാഷനൽ ഫൈൻ ആർട്സ് ഫെസ്റ്റിവലിന്‍റെ ആദ്യ സംരംഭമാണ് ന്യുജഴ്സിയിൽ അരങ്ങേറുന്നത്.

ഏപ്രിൽ ഒന്നിന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ന്യൂജേഴ്സിയിലുള്ള വെസ്റ്റ് ഓറഞ്ച് ഹൈസ്കൂളിൽ (51 cofort, ave, west orange) നടത്തുന്ന ഡാൻസ് ഫെസ്റ്റിവലിൽ ന്യൂജേഴ്സിയിലും പരിസര പ്രദേശങ്ങളിലുമുള്ള 20ൽ പരം സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികളും അധ്യാപകരുമാണ് പങ്കെടുക്കുന്നത്.

ബോളിവുഡിലെ പ്രശസ്ത കലാകാര·ാരായ സലിം മർച്ചന്‍റ്, സുലൈമാൻ മർച്ചന്‍റ് എന്നിവർ മത്സരങ്ങൾ വീക്ഷിക്കാനെത്തുന്നത് ഫെസ്റ്റിവലിന് മാറ്റു കൂട്ടുന്നു. അഞ്ജലി, സ്വപ്ന എന്നീ നൃത്താധ്യാപകരാണ് വിധികർത്താക്കൾ. ന്യൂജഴ്സിക്കുശേഷം സെപ്റ്റംബറിൽ ഫിലഡൽഫിയയിലും തുടർന്ന് യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി വേദികൾ ഒരുക്കുവാനാണ് സംഘാടകർ പദ്ധതിയിടുന്നത്.

ഓരോ സംസ്ഥാനത്തുനിന്നും വിജയിക്കുന്ന ഒന്നാം സ്ഥാനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ തലത്തിൽ മത്സരം സംഘടിപ്പിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിയാണ് ഇന്‍റർനാഷനൽ ഫൈൻ ആർട്സ് ഫെസ്റ്റിവലിനുള്ളത്. പ്രകാശ് തോമസ്, ഷൈജു ചെറിയാൻ, റെജി ജോർജ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: പ്രകാശ് തോമസ് 908 721 7190, ഷൈജു ചെറിയാൻ 732 768 5677.

റിപ്പോർട്ട്: ജീമോൻ റാന്നി