ഫാ. ഡേവിസ് ചിറമ്മലിനെ ഡബ്ല്യുഎംസിഡിഎഫ്ഡബ്ല്യു പ്രൊവിൻസ് ആദരിച്ചു
Tuesday, March 21, 2017 5:47 AM IST
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ഡാളസിലെ ശാഖ, കിഡ്നി ഫൗണ്ടേഷന് ഉദാരമായ സംഭാവന നൽകി ഫാ. ഡേവിസ് ചിറമ്മലിനെ ആദരിച്ചു.

ഫാ. ചിറമ്മലിന്‍റെ ലോകമെന്പാടുമുള്ള പ്രവർത്തനങ്ങളെ അനുമോദിച്ച പ്രൊവിൻസ് പ്രസിഡന്‍റ് തോമസ് ഏബ്രഹാം പ്രൊവിൻസിനുവേണ്ടി സംഭാവന നൽകി. വേൾഡ് മലയാളി കൗണ്‍സിലിന്‍റെ പ്രവർത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും തുടർന്നും ന· പ്രവർത്തികൾ ചെയ്യുവാൻ ഈശ്വരൻ ഡബ്ല്യുഎംസി ക്കു ശക്തി നൽകട്ടെ എന്നും ഫാ. ചിറമ്മൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

വയനാട്ടിൽ ഓലപ്പുര കൊണ്ടുള്ള സ്കൂളുകൾ ഏറ്റെടുക്കുന്ന പദ്ധതി, ചെന്നൈയിൽ വീട് നഷ്ടപെട്ടവർക്കു വീടുൾ നൽകുക, ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ (ചെന്നൈ), തോമസ് മാഷ് മെമ്മോറിയൽ സ്പോർട്സ് അക്കാദമി തുടങ്ങിയ ബൃഹത്തായ പരിപാടികളാണ് വേൾഡ് മലയാളി കൗണ്‍സിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഒളിന്പ്യനെയെങ്കിലും നേടുക എന്ന ഉദ്ദേശത്തിലാണ് സ്പോർട്സ് അക്കാദമി തുടങ്ങിയതെന്ന് റീജണ്‍ പ്രസിഡന്‍റ് പി.സി. പറഞ്ഞു. വയനാട്ടിലെ പാവപ്പെട്ട സ്കൂളുകളെ സഹായിക്കുന്ന പദ്ധതിയിൽ അമേരിക്ക റീജണിന് എങ്ങനെ സഹായിക്കുവാൻ കഴിയും എന്ന വിഷയം അടുത്തു വരുന്ന ഇസി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് റീജണ്‍ വൈസ് ചെയർമാൻ വർഗീസ് പറഞ്ഞു.

ഫിലഡൽഫിയയിൽ എത്തുന്ന ഫാ. ഡേവിസ് ചിറമ്മലിനെ സന്ദർശിച്ച് കിഡ്നി ഫൗണ്ടേഷനുവേണ്ട സഹായം ചെയ്യുമെന്ന് അമേരിക്ക റീജണ്‍ ഇക്കണോമിക്സ് ആൻഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്‍റ് സാബു ജോസഫ് സിപിഎയും ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്‍റ് മോഹനൻ പിള്ളയും പറഞ്ഞു.

പ്രൊവിൻസ് ചെയർമാൻ തോമസ് ചെല്ലേത്, റീജണ്‍ ചെയർമാൻ ജോർജ് പനക്കൽ, റീജണ്‍ സെക്രട്ടറി കുര്യൻ സക്കറിയ, ട്രഷറർ ഫിലിപ്പ് മാരേട്ട്, റീജണ്‍ വൈസ് പ്രസിഡന്‍റുമാരായ ചാക്കോ കോയിക്കലേത്, എൽദോ പീറ്റർ, ടോം വിരിപ്പാൻ, ന്യൂയോർക്ക് പ്രസിഡന്‍റ് ഷോളി കുന്പിളുവേലിൽ, ഫാ. ജോർജ് (ജോഷി) എളന്പാശേരിൽ, ഡബ്ല്യുഎംസി. ഗുഡ് വിൽ അംബാസഡർ ആയ ഏലിക്കുട്ടി ഫ്രാൻസിസ്, അഡ്വൈസറി ചെയർമാൻ ടി.സി. ചാക്കോ, ഗ്ലോബൽ പ്രസിഡന്‍റ് ഡോ. എ.വി. അനൂപ്, ടി.പി. വിജയൻ, അഡ്വ. സിറിയക് തോമസ്, അലക്സ് കോശി വിളനിലം, മൈക്കിൾ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ ഡബ്ല്യുഎംസി അമേരിക്ക റീജണ്‍ പ്രസിഡന്‍റ് പി.സി. മാത്യു, റീജണ്‍ വൈസ് ചെയർമാൻ വർഗീസ് കയ്യാലക്കകത്ത്, പ്രൊവിൻസ് വൈസ് ചെയർ ഷേർലി ഷാജി, ബിസിനസ് ഫോറം ഇ.സി. മെംബർ ഫ്രിക്സ് മോൻ, മിനു എലിസബത്ത്, സെഞ്ച്വറി 21 റിയൽറ്റേർ ഷാജി നിരാക്കൽ, ഷാജി മാത്യു, ആല സാംസ്കാരിക സംഘാടന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജിനേഷ് തന്പി