സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിൾ നറുക്കെടുപ്പ് 18ന്
Friday, February 17, 2017 6:59 AM IST
ഹൂസ്റ്റണ്‍: ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്‍റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ചാപ്പലിന്‍റെ ധനശേഖരണാർഥം നടത്തിയ റാഫിൾ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ഫെബ്രുവരി 18ന് (ശനി) നടക്കും.

രാവിലെ 10ന് ഉർശ്ലേലം അരമനയിൽ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും. തുടർന്നു നടക്കുന്ന നറുക്കെടുപ്പിന് മാർ യൗസേബിയോസ് നേതൃത്വം നൽകും. റാഫിൾ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം മേഴ്സിഡസ് ബെൻസ് 450 ഉം രണ്ടാം സമ്മാനം 5 പവൻ സ്വർണവും മൂന്നാം സമ്മാനം രണ്ട് പേർക്ക് ഇന്ത്യയിലേക്കുള്ള എയർടിക്കറ്റുമാണ്.

ധനശേഖരണ കമ്മിറ്റി കണ്‍വീനർ ഫാ. രാജു ദാനിയേൽ, സെക്രട്ടറി ജോർജ് വർഗീസ്, കോഓർഡിനേറ്റർ തോമസ് പൂവത്തൂർ എന്നിവർ റാഫിളിന്‍റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ